മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് സാഗർ സൂര്യ. തട്ടീം മുട്ടീം പരമ്പരയിലൂടെ ആണ് സാഗർ പ്രേക്ഷക മനസിൽ ഇടം നേടുന്നത്. ശേഷം സിനിമയിലും സാഗർ കസറി. ഒടുവിൽ ബിഗ് ബോസ് സീസൺ അഞ്ചിൽ മത്സരാർത്ഥിയായി എത്തിയതോടെ ആണ് കൂടുതൽ പേരും സാഗറിനെ അറിയാൻ തുടങ്ങിയത്.
അമ്മയുടെ ആഗ്രഹത്തിന് വേണ്ടി ബിഗ് ബോസിൽ എത്തിയ സാഗറിന് പക്ഷേ പാതിവഴിയിൽ ആ സ്വപ്നം ഉപേക്ഷിക്കേണ്ടിവന്നു. അറുപതോളം ദിവസങ്ങൾ പൂർത്തിയാക്കിയാണ് സാഗറിൽ ബിബി ഹൗസിന്റെ പടിയിറങ്ങിയത്. ഇപ്പോഴിതാ തന്റെ ജീവതത്തിലെ ഒരു സന്തോഷം പങ്കുവച്ചിരിക്കുകയാണ് സാഗർ.തങ്ങളുടെ വീട്ടിലെ സഹായി ആയിരുന്ന ചേച്ചിക്ക് വീട് വച്ച് കൊടുക്കണം എന്നത് തന്റെ മരിച്ചു പോയ അമ്മയുടെ ആഗ്രഹമായിരുന്നുവെന്ന് ബിബി ഹൗസിൽ സാഗർ പറഞ്ഞിരുന്നു. ആ ആഗ്രഹം ആണ് ഇപ്പോൾ സാഗർ നിറവേറ്റിയിരിക്കുന്നത്.
‘അധികം ആഗ്രഹങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്റെ അമ്മക്ക്, പക്ഷെ മഴപെയ്യുമ്പോൾ ചോരാത്ത ഒരു വീട് ചേച്ചിക്ക് വേണമെന്ന് എന്റെ അമ്മ ആഗ്രഹിച്ചിരുന്നു. എന്നാൽ ഇന്ന് അമ്മ ഇല്ലെങ്കിൽ കൂടി ആ സ്വപ്നവും യാഥാർത്ഥ്യമായി അമ്മേ… ഒരുപാടു സന്തോഷം എന്റെ സ്വപ്നത്തിന് കൂടെ നിന്നവർക്കു എല്ലാം .ഇന്ന് ജൂൺ 11 അമ്മ പോയിട്ട് 3 വർഷം ആയി. ഇന്ന് ഈ ദിവസം അമ്മ ആഗ്രഹിച്ച പോലെ ചേച്ചിക്ക് ഒരു നല്ല വീട് വെച്ചുകൊടുക്കാൻ പറ്റി. ഒരു നന്ദിയിൽ ഒതുക്കാൻ കഴിയുന്നത് അല്ല എന്നു അറിയാം എന്നാൽ പോലും എല്ലാവരോടും ഒരുപാടു നന്ദി പറയുന്നു’, എന്നാണ് സാഗർ വീഡിയോ പങ്കുവച്ച് കുറിച്ചത്. പിന്നാലെ നിരവധി പേരാണ് സാഗറിനെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തിയത്.
0 Comments