മതിയായ ചികിത്സ ലഭിക്കാതെ ഒന്നര വയസ്സുകാരി മരിച്ച സംഭവത്തിൽ പ്രതിഷേധം രൂക്ഷമാവുകയാണ്. ആശുപത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായ പിഴവാണ് കുട്ടിയെ മരണത്തിലേക്ക് നയിച്ചത് എന്നാണ് ബന്ധുക്കളും നാട്ടുകാരും ഒരുപോലെ ആരോപിക്കുന്നത്.
പനിയും ശ്വാസംമുട്ടലും കാരണം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്ന ഒന്നര വയസ്സുകാരിയുടെ മരണം ചികിത്സാപ്പിഴ എന്ന് ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. നാട്ടുകാരും ബന്ധുക്കളും ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിക്കുകയും ചെയ്തു. കരകുളം ചക്കക്കോണം മുളമുക്ക് ചേമ്പ് വിളക്കുംകര പുത്തൻവീട്ടിൽ സുജിത്ത്, സുകന്യ ദമ്പതികളുടെ ഏക മകൾ അർച്ചനയാണ് പനിയെ തുടർന്ന് മരിച്ചത്. അഞ്ചുദിവസമായി നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പനിയും ശ്വാസംമുട്ടലും ബാധിച്ച് കുട്ടിയെ എത്തിച്ചിരുന്നു.
ആശുപത്രിയിൽ ദിവസേന എത്തി പരിശോധന നടത്തി വീട്ടിലേക്ക് തിരികെ അയക്കുകയായിരുന്നു ഡോക്ടർമാരും സഹപ്രവർത്തകരും. ശ്വാസംമുട്ടലിനെ തുടർന്ന് ഇന്നലെ രാവിലെ 9 മണിയോടെ കുട്ടിയെ വീണ്ടും ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് മരുന്നു നൽകി തിരികെ വീട്ടിലേക്ക് അയച്ചു. വീട്ടിലെത്തിയ ശേഷം കുട്ടി മയങ്ങിക്കിടക്കുന്നത് കണ്ട് ഉടൻതന്നെ കുട്ടിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നെടുമങ്ങാട് പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് നെടുമങ്ങാട് പോലീസ് കേസും എടുത്തു. അതിനുമുൻപേ കുട്ടിയുടെ രക്ഷിതാക്കൾ പോലീസ് സ്റ്റേഷൻ എത്തി കുട്ടിയുടെ മരണത്തെ സംബന്ധിച്ച് മൊഴി നൽകിയിരുന്നു.
പോസ്റ്റുമോട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകുമെന്ന് ആശുപത്രി സൂപ്രണ്ട് രേഖ രവീന്ദ്രൻ അറിയിക്കുകയും ചെയ്തു. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി എത്തിയശേഷം വീട്ടിലെത്തിയ കുഞ്ഞ് മരിച്ച സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ആശുപത്രിയിലെ അധികൃതരുടെ അനാസ്ഥ മൂലം നഷ്ടപ്പെട്ട ജീവന് പകരം നൽകാൻ ഒന്നും ആകില്ലെന്നും അച്ഛന്റെയും അമ്മയുടെയും കണ്ണുനീർ കാണാതെ പോകരുതെന്നും തരത്തിലുള്ള നിരവധി കമന്റുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഒപ്പം ആരോഗ്യവകുപ്പിനെതിരെയുള്ള രൂക്ഷ വിമർശനവും ഉയരുന്നുണ്ട്. എത്രയൊക്കെ അന്വേഷണം നടത്തിയാലും ഇനിയും ഇത്തരത്തിലുള്ള സംഭവങ്ങൾ നാട്ടിൽ ഉണ്ടാകുമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
0 Comments