തൃശൂര്‍: വഴി തടഞ്ഞാല്‍ താനും കേസ് കൊടുക്കുമെന്ന് മാധ്യമ പ്രവര്‍ത്തകരോട് സുരേഷ് ഗോപി. തൃശൂരില്‍ ഒരു പൊതു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ മാധ്യമങ്ങള്‍ മുന്നിലെത്തിയപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ ഹാസ്യം ചേര്‍ത്തുള്ള മറുപടി.
”വഴി നിഷേധിക്കരുത് ഞാനും കേസ് കൊടുക്കും. ദയവായി, വഴി തടയരുത്. മുന്നോട്ടുപോകാന്‍ എനിക്കും അവകാശമുണ്ട്. ക്ലോസ് അറിയണോ?” എന്നായിരുന്നു സുരേഷ് ഗോപി സരസമായി പറഞ്ഞത്.
അതേസമയം, മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ സുരേഷ് ഗോപിക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേസില്‍ മാധ്യമപ്രവര്‍ത്തക പോലീസിന് മൊഴി നല്‍കി. കോഴിക്കോട് നടക്കാവ് പോലീസാണ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്. പ്രാഥമിക അന്വേഷണത്തിനു ശേഷം, സ്റ്റേഷനില്‍ ഹാജരാകാന്‍ സുരേഷ് ഗോപിക്ക് നോട്ടിസ് അയയ്ക്കും.
സംഭവത്തില്‍ സുരേഷ് ഗോപി മാപ്പു പറഞ്ഞിരുന്നു. മകളെപ്പോലെയാണ് കണ്ടതെന്നും, ഒരു അച്ഛനെപ്പോലെ മാപ്പു പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാപ്പു പറയാന്‍ പലതവണ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. പിന്നീട് ഫേസ്ബുക് പോസ്റ്റിലൂടെയും സുരേഷ് ഗോപി ക്ഷമാപണം നടത്തി.
വെള്ളിയാഴ്ച കോഴിക്കോട്ടെ ഹോട്ടലില്‍ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണു വിവാദ സംഭവമുണ്ടായത്. സംഭവം തനിക്കു കടുത്ത പ്രയാസവും മാനഹാനിയും ഉണ്ടാക്കിയെന്നും, ഇത്തരം അനുഭവം ആര്‍ക്കും ഇനി ഉണ്ടാകാതിരിക്കാനാണു നിയമനടപടിയുമായി മുന്നോട്ടു പോകുന്നതെന്നും മാധ്യമപ്രവര്‍ത്തക പറഞ്ഞു.
0 Comments