കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ സിപിഎം പ്രവര്‍ത്തകര്‍ ഇന്ന് അറസ്റ്റിലായതോടെ സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ത്തതിന്റെ പിന്നിലെ ഗൂഢമായ ഉദ്ദ്യേശം വ്യക്തമാകുന്നു.
അധികാരത്തിന്റെ ബലത്തില്‍ മറയ്ക്കാന്‍ ശ്രമിച്ചതൊക്കെ സിബിഐ അന്വേഷണത്തില്‍ ഒടുവില്‍ പുറത്താകുകയാണ്.
പെരിയ ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സിംഗില്‍ ബെഞ്ചും പിന്നാലെ ഡിവിഷന്‍ ബെഞ്ചും കേസ് സിബിഐ അന്വേഷിക്കണമെന്ന് ഉത്തരവിട്ടിട്ടും പൊലീസ് സിബിഐയോട് നിസഹകരണം തുടരുമ്ബോഴായിരുന്നു സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക് ഹര്‍ജിയുമായി എത്തിയത്.
എന്നാല്‍ സിബിഐ അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന സംസ്ഥാന സര്‍ക്കാര്‍ ആവശ്യം സുപ്രീംകോടതി തള്ളുകയായിരുന്നു. ഇരട്ടക്കൊലപാതകം അന്വേഷണം സിബിഐക്ക് വിട്ട ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തള്ളിയത്.
കേസില്‍ കുറ്റപത്രം ഹൈക്കോടതി റദാക്കിയിട്ടില്ലാത്തതിനാല്‍, ഇത് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. കേസില്‍ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നില്ല. എന്നാല്‍ ഇതിലേക്ക് സിബിഐ അന്വേഷണപ്രകാരം കൂടുതല്‍ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാവുന്നതാണെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.കേസില്‍ സിബിഐ അന്വേഷണം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ലക്ഷങ്ങളാണ് ചെലവഴിച്ചത്. ഇതിനു പുറമേയാണ് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. സുപ്രീം കോടതിയിലെ മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍മാരടക്കം വാദത്തിനായി എത്തിയതിന് 88 ലക്ഷത്തോളം രൂപ ഖജനാവില്‍ നിന്ന് നല്‍കി.
കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്ന് സംസ്ഥാന സര്‍ക്കാറിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനീന്ദര്‍ സിങ് അന്ന് വാദിച്ചിരുന്നു. വിദേശത്തായിരുന്നവരടക്കം എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും രാഷ്ട്രീയ സങ്കീര്‍ണതകള്‍ ഇല്ലെന്നും ഹൈക്കോടതി തന്നെ നിരീക്ഷിച്ച കേസാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിക്കുകയും ചെയ്തു. ജോലിഭാരമുള്ളതിനാല്‍ ലോക്കല്‍ പൊലീസിന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ തങ്ങള്‍ക്ക് അയക്കരുതെന്ന് സിബിഐ തന്നെ ആവശ്യപ്പെടുന്നുണ്ടെന്നും സര്‍ക്കാര്‍ ചുണ്ടിക്കാട്ടി.
എന്നാല്‍ സര്‍ക്കാരിന്റെ എല്ലാ വാദങ്ങളും സുപ്രീം കോടതി തള്ളിയതോടെയാണ് സിബിഐ അന്വേഷണത്തിന് വഴി തുറന്നത്. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും വീടുകള്‍ സന്ദര്‍ശിച്ച് കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. പെരിയ ഇരട്ടക്കൊലക്കേസിലെ അന്വേഷണവുമായി സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നും കേസുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറുന്നില്ലെന്നും സിബിഐ. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിക്ക് സമര്‍പ്പിക്കവേ കോടതിയെ അറിയിച്ചിരുന്നു.
കേസ് രേഖകള്‍ തേടി ഏഴ് തവണയാണ് സിബിഐ കത്ത് നല്‍കിയത്. കേസ് ഡയറിയും രേഖകളും അടിയന്തരമായി കൈമാറണമെന്ന് ആവശ്യപ്പെട്ട് സെപ്റ്റംബറിലും ക്രൈം ബ്രാഞ്ചിന് സിബിഐ കത്ത് നല്‍കിയിരുന്നു.
തുടര്‍ന്ന് കേസ് ഡയറിയും രേഖകളും അടിയന്തരമായി കൈമാറണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ചിന് സിബിഐ കത്ത് നല്‍കി. അന്വേഷണ ഏജന്‍സിക്ക് രേഖകള്‍ പിടിച്ചെടുക്കാനുള്ള അധികാരം നല്‍കുന്ന സി.ആര്‍.പി.സി 91 പ്രയോഗിക്കാനായിരുന്നു നീക്കം. സിബിഐ പലതവണ കത്ത് നല്‍കിയിട്ടും ക്രൈം ബ്രാഞ്ച് ഫയലുകള്‍ കൈമാറിയിരുന്നില്ല. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി തേടിയിരിക്കുകയാണെന്നായിരുന്നു മറുപടി നല്‍കിയത്. ആറ് തവണയാണ് സിബിഐ ക്രൈം ബ്രാഞ്ചിന് കത്ത് നല്‍കിയത്. കാസര്‍കോട് ജില്ല ആശുപത്രിയിലെ സ്വീപ്പര്‍ തസ്തികയില്‍ പ്രതികളുടെ ഭാര്യമാര്‍ക്ക് താല്‍കാലിക നിയമനം നല്‍കിയതടക്കം നേരത്തെ വിവാദമായിരുന്നു.
2019 ഫെബ്രുവരി 17നായിരുന്നു കാസര്‍കോട് കല്യോട്ട് വച്ച് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും ബൈക്ക് തടഞ്ഞുവച്ച് വെട്ടിക്കൊലപ്പടുത്തിയത്. സിപിഎം ഏരിയ, ലോക്കല്‍ സെക്രട്ടറിമാരും പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും ഉള്‍പ്പടെ 14 പേരായിരുന്നു കേസില്‍ പ്രതികള്‍. സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ.പീതാംബരനാണ് കേസിലെ ഒന്നാം പ്രതി.
കേസില്‍ അന്വേഷണം പുരോഗമിക്കവെ പെരിയയിലെ ഇരട്ടക്കൊലപാതകങ്ങളെപ്പറ്റി പ്രതികരണമാരാഞ്ഞ മാധ്യമങ്ങളോട് ഇ പി ജയരാജന്‍ പ്രതികരിച്ചത് ഇപ്രകാരമായിരുന്നു. അതെന്താണ് ആ സംഭവം..? എന്നാണത് നടന്നത്..? 'ചീമേനിയിലെ ആറുപേരെ കൊന്നത് എങ്ങനെയാണെന്ന് നിങ്ങള്‍ കെപിസിസി പ്രസിഡന്റിനോട് ചോദിക്കണം, കിട്ടും ഉത്തരം.. എന്നും ഇ പി പറഞ്ഞു. അധികാരത്തിന്റെ ബലത്തില്‍ ഇടതു സര്‍ക്കാര്‍ മറച്ചു പിടിക്കാന്‍ ശ്രമിച്ചവയാണ് പെരിയ ഇരട്ടക്കൊലപാതകത്തിലെ സിപിഎം ബന്ധം സിബിഐ അന്വേഷണത്തിലൂടെ തെളിയിക്കപ്പെടുന്നത്.
0 Comments