ന്യൂഡല്‍ഹി : കഴിഞ്ഞ കുറച്ച് വര്‍ഷമായി കേരളം അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ട് നിറയുകയാണ്.
ഇതിനുള്ള പ്രധാന കാരണമായി വിലയിരുത്തുന്നത് മലയാളികളുടെ മടിയും, സ്വന്തം നാട്ടില്‍ വിയര്‍ത്ത് പണിയെടുക്കാനുള്ള അപമാനക്ഷതവുമാണ്.എന്നാല്‍ ബംഗാളില്‍ നിന്നും ബീഹാറില്‍ നിന്നും തൊഴില്‍ തേടി യുവാക്കള്‍ കേരളത്തിലേക്ക് വണ്ടി കയറുന്നത് ഇവിടെ മികച്ച വേതനം ലഭിക്കുന്നതിനാലാണെന്ന് അടിവരയിടുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍. ഇത് പ്രകാരം രാജ്യത്ത് ഗ്രാമീണ മേഖലയിലെ തൊഴില്‍ വേതനത്തില്‍ ഒന്നാം സ്ഥാനം കേരളത്തിനാണ്.
2020 21 വര്‍ഷത്തിലെ കണക്ക് പ്രകാരം കേരളത്തിലെ ഒരു ഗ്രാമീണ തൊഴിലാളിക്ക് ദിവസം ശരാശരി 677.6 രൂപ കൂലിയായി ലഭിക്കും. എന്നാല്‍ ഗുജറാത്തില്‍ 239.6 രൂപയാണ് പ്രതിദിനം ഒരു തൊഴിലാളിക്ക് കിട്ടുന്ന കൂലി, ഇനി യു പിയിലോ ഇത് 286.8 രൂപയാണ്, ബീഹാറില്‍ 289.3 രൂപയും ഗ്രാമീണ തൊഴിലാളിക്ക് ദിവസം കിട്ടുന്ന വേതനം. ദിവസ വേതനത്തിന്റെ ദേശീയ ശരാശരി തന്നെ 315.3 രൂപയാണെന്ന് ഓര്‍ക്കണം. കേന്ദ്ര സര്‍ക്കാരിന്റെ ഇന്ത്യന്‍ ലേബര്‍ ജേണലിനെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. ദിവസ വേതനത്തിന്റെ കാര്യത്തില്‍ കേരളത്തിനൊപ്പം നില്‍ക്കുന്ന രണ്ട് സംസ്ഥാനങ്ങള്‍ അയല്‍ സംസ്ഥാനമായ തമിഴ്നാടും (449.5 രൂപ), ജമ്മു കാശ്മീരുമാണ് (483 രൂപ).
നിര്‍മ്മാണ മേഖലയിലും കേരളത്തിലെ തൊഴിലാളികള്‍ക്ക് ഉയര്‍ന്ന വേതനം ലഭിക്കുന്നുണ്ട്. 829.7 രൂപയാണ്നിര്‍മ്മാണ മേഖലയില്‍ കേരളത്തിലെ കൂലി. ഈ വിഭാഗത്തിന്റെ ദേശീയ ശരാശരി 362.2 രൂപയാണ്.
0 Comments