തെലങ്കാന: ഗര്‍ഭിണികള്‍ ഇതിഹാസമായ രാമായണം വായിക്കണമെന്ന് തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍. ഗര്‍ഭസ്ഥശിശുക്കളുടെ മാനസികവും ശാരീരികവുമായ ക്ഷേമത്തിനു ‘സുന്ദരകാണ്ഡം’ മന്ത്രിക്കുകയും വേണം.
ആര്‍എസ്എസിന്റെ വനിതാ വിഭാഗമായ രാഷ്ട്രസേവികാസംഘിന്റെ ഘടകമായ സംവര്‍ധിനി ന്യാസ് നടത്തിയ ‘ഗര്‍ഭ സന്‍സ്‌കാര്‍’ പരിപാടിക്കു തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ഗൈനക്കോളജിസ്റ്റ് കൂടിയായ ഗവര്‍ണര്‍.
രാമായണവും മഹാഭാരതവും ഗ്രാമങ്ങളില്‍ ഗര്‍ഭിണികള്‍ വായിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. കമ്പ രാമായണത്തിലെ സുന്ദരകാണ്ഡം ഗര്‍ഭിണികളായ സ്ത്രീകള്‍ പഠിക്കണമെന്ന് തമിഴ്‌നാട്ടില്‍ ഒരു വിശ്വാസമുണ്ട്. സുന്ദരകാണ്ഡം മന്ത്രിക്കുന്നത് ഗര്‍ഭസ്ഥശിശുക്കള്‍ക്ക് വളരെ നല്ലതാണെന്നും ഗവര്‍ണര്‍ വിശദീകരിച്ചു.
സംസ്‌കാര സമ്പന്നരും ദേശഭക്തരുമായ കുഞ്ഞുങ്ങള്‍ക്കായി സംവര്‍ധിനി ന്യാസുമായി ബന്ധപ്പെട്ടുള്ള ഡോക്ടര്‍മാര്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ തരും. ഭഗവദ്ഗീത പോലുള്ള മതഗ്രന്ഥങ്ങള്‍ വായിക്കാനും സംസ്‌കൃത മന്ത്രങ്ങള്‍ ഉരുവിടാനും യോഗ പരിശീലിക്കാനുമാണ് നിര്‍ദേശം. ഗര്‍ഭധാരണത്തിനു മുന്‍പു മുതല്‍ കുട്ടിക്ക് രണ്ടു വയസ്സാകുന്നതു വരെയാണു ഈ പ്രക്രിയകള്‍. ഗര്‍ഭ സന്‍സകാര്‍ മൊഡ്യൂള്‍ പ്രകാരം ഗര്‍ഭിണിയായ സ്ത്രികളുടെ കുടുംബാംഗങ്ങള്‍ക്കും പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കും.
0 Comments