“നാളെ എൻ്റെ കുട്ടി ഈ സാരി ഉടുക്കണം കേട്ടോ. ഈ മുല്ലപ്പൂവും വച്ചോളൂ.” ഞാൻ അവളുടെ കൈയ്യിലേക്ക് സാരിയും മുല്ലപ്പൂവും


 രചന: സുജ അനൂപ്

“നാളെ എൻ്റെ കുട്ടി ഈ സാരി ഉടുക്കണം കേട്ടോ. ഈ മുല്ലപ്പൂവും വച്ചോളൂ.”

ഞാൻ അവളുടെ കൈയ്യിലേക്ക് സാരിയും മുല്ലപ്പൂവും വച്ചു കൊടുത്തൂ. അവളുടെ മുഖത്തു ഒട്ടും സന്തോഷം ഉണ്ടായിരുന്നില്ല. നീരസം പുറത്തു കാണിക്കാതെ അവൾ അത് വാങ്ങി.

പാവം കുട്ടി. ഒത്തിരി സ്വപ്നങ്ങൾ അവൾക്കുണ്ട്.


വയസ്സ് ഇരുപത്തൊന്ന് ആയിട്ടുള്ളൂ. വിവാഹപ്രായം ആയോ എന്നറിയില്ല.

പക്ഷേ, എനിക്ക് എത്ര നാൾ അവളെ ഇങ്ങനെ കാത്തുസൂക്ഷിക്കുവാൻ കഴിയും. കുടുംബത്തിനു മൊത്തം ചീത്തപ്പേരാണ്.


‘വേശ്യയുടെ മകൾ’ അതാണ് നാട്ടുകാർ അവൾക്കിട്ട ഓമനപ്പേര്. ആ പേരും വച്ച് അവളെ ആരും സ്വീകരിക്കില്ല.


എനിക്ക് ഈ സമൂഹത്തെ പേടിയാണ്. അവളെ അവർ നശിപ്പിച്ചാലോ. എത്രയും വേഗം അവളെ സുരക്ഷിത കരങ്ങളിൽ ആക്കി എനിക്ക് തിരിച്ചു പോകണം.


എനിക്ക് ഓർമ്മ വച്ചപ്പോൾ മുതൽ പലരും പലതും അമ്മയെ പറ്റി പറയുന്നത് കേട്ടിട്ടുണ്ട്. അനിയത്തി ജനിച്ച ഉടനെ തന്നെ അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചു പോയിരുന്നൂ. അവരുടേത് പ്രേമവിവാഹം ആയിരുന്നൂ. അതുകൊണ്ടു തന്നെ അമ്മയെ വീട്ടുകാർ ഉപേക്ഷിച്ചു. അച്ഛൻ്റെ വീട്ടുകാർ പണക്കാർ ആയിരുന്നൂ. അവർ അമ്മയെ ഹീനജാതിക്കാരി എന്നുപറഞ്ഞു പുറത്താക്കി.


ആദ്യത്തെ ആവേശം കഴിഞ്ഞപ്പോൾ അച്ഛൻ അമ്മയെ വിട്ടിട്ടുപോയി. അതാണ് സത്യം. ജീവിതത്തിലെ വെല്ലുവിളികൾ ഏറ്റെടുക്കുവാനുള്ള കെല്പ് ആ പ്രേമത്തിന് ഉണ്ടായിരുന്നില്ല.


പിന്നീട് അങ്ങോട്ട് അമ്മ ഒത്തിരി കഷ്ടപെട്ടു ഞങ്ങളെ വളർത്തുവാൻ. അതിനു സ്വീകരിച്ച മാർഗ്ഗങ്ങളിൽ ഒന്ന് വേശ്യാവൃത്തി ആയിരുന്നൂ എന്ന് എല്ലാവരും പറയുന്നൂ. ഇന്നും എനിക്കതു ഒരു സമസ്യ ആണ്. ഒരിക്കൽ പോലും ഞാൻ അത് അമ്മയോട് ചോദിച്ചിട്ടില്ല. ആ കണ്ണുകളിലെ ദുഃഖം കാണുമ്പോൾ എന്തോ ചോദിക്കുവാൻ മനസ്സ് വന്നില്ല.


ഏതായാലും എന്നെയും അവളെയും അനാഥാലയത്തിൽ നിർത്തിയാണ് അമ്മ പഠിപ്പിച്ചത്. ഇടയ്ക്കൊക്കെ അമ്മ കാണുവാൻ വരും, പുതിയ വസ്ത്രങ്ങളും പലഹാരങ്ങളുമായി.

അവസാനമായി വന്നപ്പോൾ അമ്മ എൻ്റെ കൈ പിടിച്ചു ഒത്തിരി കരഞ്ഞു. എന്തിനെന്നറിയാതെ എൻ്റെ കണ്ണുകളും നിറഞ്ഞു.


“മോനെ, ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല. ഈ ലോകത്തിൻ്റെ ശരികൾ എനിക്കറിയില്ല. അവൾ കുട്ടിയാണ്. അവളെ ഞാൻ നിന്നെ ഏല്പിക്കുന്നൂ. നീ അമ്മയെ വെറുക്കരുത്, സംശയിക്കരുത്. അത് താങ്ങുവാൻ അമ്മയ്ക്കാകില്ല. കാലം എല്ലാം തെളിയിക്കും. അന്ന് പക്ഷേ, അമ്മ ഉണ്ടാകുമോ എന്നറിയില്ല.”


അമ്മ മരണത്തെ മുൻകൂട്ടി കണ്ടിരുന്നോ. എനിക്കറിയില്ല.

ഞാൻ ബിരുദത്തിനു പഠിക്കുമ്പോൾ ആയിരുന്നൂ അമ്മയുടെ മ,ര,ണം. തിരിച്ചറിയാത്ത ശവശരീരമായി ഒത്തിരി നാൾ അത് മോർച്ചറിയിൽ കിടന്നൂ. പത്രത്തിലെ പരസ്യം കണ്ടു ഞാൻ എത്തുമ്പോഴേക്കും അത് മണ്ണിൽ ലയിച്ചിരുന്നൂ.


അത് നല്ലൊരു കാര്യമായി മാത്രമേ എനിക്ക് തോന്നിയുള്ളു. ഉള്ളിൻ്റെ ഉള്ളിൽ എനിക്ക് അമ്മയോട് വെറുപ്പുണ്ടായിരുന്നൂ. അത് അമ്മയ്ക്കും അറിയാമായിരുന്നൂ. അമ്മ എൻ്റെ അധ്യാപകരോട് സംസാരിക്കുന്നതു എനിക്ക് ഇഷ്ടം ആയിരുന്നില്ല. ഒരിക്കൽ പോലും എൻ്റെ കൂട്ടുകാരെ അമ്മയെ ഞാൻ പരിചയപ്പെടുത്തിയിട്ടില്ല.


ബിരുദം കഴിഞ്ഞതും ഒരു ജോലി നേടി വിദേശത്തേക്ക് പറന്നൂ. അത് ഈ തീച്ചൂളയിൽ നിന്നുള്ള മോചനമായിരുന്നു എനിക്ക്. മനസ്സിൽ എപ്പോഴും കുഞ്ഞനിയത്തിയുടെ മുഖമായിരുന്നൂ.

ഞാനും അവളും തമ്മിൽ ആറു വയസ്സിൻ്റെ വ്യത്യാസം ഉണ്ടായിരുന്നൂ.


കമ്പനിയിലെ ജോലി കഴിഞ്ഞു കിട്ടുന്ന സമയം മൊത്തം ഞാൻ പല പണികൾ ചെയ്തു. കിട്ടുന്ന പണം മൊത്തം അവൾക്കായി മാറ്റി വച്ചു.


അവളുടെ ബിരുദം കഴിഞ്ഞതും അവളെ കൂട്ടികൊണ്ടു വന്നൂ ഞങ്ങളുടെ ആ പഴയ വീട്ടിലേക്കു. അവിടെ അപ്പോഴും അമ്മയുടെ സാന്നിധ്യം അനുഭവപ്പെട്ടു. അത് എനിക്ക് അസ്വസ്ഥത മാത്രം നൽകി.


മനസ്സ് പറഞ്ഞു. “വേഗം മടങ്ങണം.”


ഒന്നും മറക്കുവാൻ എനിക്കായിരുന്നില്ല. എന്തോ എൻ്റെ മനസ്സിൽ അമ്മയോടുള്ള വൈരാഗ്യം കൂടിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അവരുടെ പ്രേമവിവാഹവും ജീവിതവും മൂലം കഷ്ടപെട്ടത്‌ ഞങ്ങൾ അല്ലെ.


അവൾക്കിനിയും പഠിക്കണം എന്നുണ്ടായിരുന്നൂ. പക്ഷേ എനിക്ക് തിരിച്ചു പോകുന്നതിന് മുൻപ് അവളുടെ വിവാഹം നടന്നു കാണണമായിരുന്നൂ. ആലോചനകൾ തുടങ്ങിയപ്പോൾ ആണ് പ്രശ്നങ്ങൾ തുടങ്ങിയത്.


അമ്മയുടെ പേരിൽ അവളുടെ കല്യാണങ്ങൾ മുടങ്ങുന്നൂ. “ഏട്ടൻ, എന്താ ആലോചിക്കുന്നത്.” “ഒന്നുമില്ല മോളെ.”


“ഏട്ടൻ വിഷമിക്കരുത്, എൻ്റെ വിവാഹം മുടങ്ങുന്നതിൽ എനിക്ക് സങ്കടമില്ല.”

“മോള് പോയി ഭക്ഷണം കഴിച്ചു കിടന്നോ. നാളെ നേരത്തെ എഴുനെൽക്കണ്ടതല്ലേ.”

എനിക്ക് ആ സംസാരം തുടരുവാൻ തോന്നിയില്ല.തലയാട്ടി അവൾ നടന്നു പോയി.പാവം എൻ്റെ കുട്ടി.


എന്തൊക്കെ അനുഭവിച്ചു. അനാഥാലയത്തിൽ അവൾ ചെയ്യാത്ത പണികൾ ഇല്ല. എന്നിട്ടും തല്ലു മാത്രം മിച്ചം. അവൾ പതിനൊന്നിലായപ്പോൾ മാത്രമാണ് എനിക്ക് അവളെ ഹോസ്റ്റലിലേക്ക് മാറ്റുവാൻ കഴിഞ്ഞത്.


ഒന്നിനും എൻ്റെ കുട്ടി ഇതുവരെ പരാതി പറഞ്ഞിട്ടില്ല. അവളുടെ മനസ്സു പക്ഷേ ആർക്കും വേണ്ടല്ലോ. പണവും പ്രതാപവും മതി എല്ലാവർക്കും.

……………………

രാവിലെ തന്നെ അവൾ പണികൾ എല്ലാം ഒതുക്കി. പത്തുമണിയോടെ അവർ വരുമെന്നാണ് പറഞ്ഞിരുന്നത്. വേറെ ആരും സഹായിക്കുവാൻ ഇല്ല. അവൾ നന്നായി തന്നെ ഒരുങ്ങി എനിക്ക് വേണ്ടി.


പെട്ടെന്നാണ് മൂന്നാൻ വിളിച്ചത്.”സാർ എന്നോട് ക്ഷമിക്കണം. അവർ വരില്ല. കാര്യങ്ങൾ ഞാൻ പറയേണ്ടല്ലോ.”ഞാൻ ഒന്നും മിണ്ടിയില്ല.


എൻ്റെ ഭാവമാറ്റം കണ്ടതും അവൾ പോയി സാരി അഴിച്ചു വച്ചൂ.

“ഏട്ടാ, എന്നെ സൂക്ഷിക്കുവാൻ എനിക്കറിയാം. ഒരു ആണിൻ്റെ കരുതൽ എനിക്കിപ്പോൾ വേണ്ട. ഏട്ടൻ തിരിച്ചു പൊക്കോളൂ. ഞാൻ ഹോസ്റ്റലിലേക്ക് മടങ്ങുന്നൂ. ചെറിയ ഒരു ജോലി കിട്ടിയിട്ടുണ്ട്. അത് വച്ച് ഇനിയും എനിക്ക് പഠിക്കണം.”


ഞാൻ ഒന്നും മിണ്ടിയില്ല.”ഏട്ടാ, സാരമില്ല. നമ്മുടെ അമ്മയെ നമുക്ക് അറിയില്ലേ. പഠിക്കാത്ത അമ്മയ്ക്ക് രണ്ടു മക്കളെ വളർത്തുവാൻ ഒത്തിരി കഷ്ടപ്പെടേണ്ടി വന്നൂ. പാവത്തെ ഉപദ്രവിക്കുവാൻ ആളുകൾ ഒത്തിരി ഉണ്ടായിരുന്നിരിക്കണം..”


“എൻ്റെ അമ്മ ചീത്തയല്ല. ചീത്ത ആയിരുന്നെങ്കിൽ അവർക്കു നമ്മളെ അനാഥാലയത്തിൽ ആക്കേണ്ടി വരുമായിരുന്നില്ല. അതുകൊണ്ടു തന്നെ ഒരിക്കലും ഞാൻ ചീത്ത വഴിയിൽ പോകില്ല.


എൻ്റെ അമ്മയുടെ പേര് ശരി എന്ന് തിരുത്തുവാൻ എൻ്റെ ജീവിതം കൊണ്ട് കഴിയും. അതല്ലേ നമ്മൾ ചെയ്യേണ്ടത്. പിന്നെ എന്നെങ്കിലും ഒരാൾ എന്നെ മനസ്സിലാക്കി വരികയാണെങ്കിൽ അന്ന് ഞാൻ അയാളെ വിവാഹം കഴിച്ചോളാം.”

അവളുടെ മുഖത്തെ ദൃഢനിശ്ചയം എന്നെ അത്ഭുതപ്പെടുത്തി.

……………………………..

ഇന്ന് എൻ്റെ കുട്ടിയുടെ വിവാഹമായിരുന്നൂ. ഒത്തിരി ആളുകളെ വിളിച്ചു ആഘോഷമായി ഞാൻ അത് നടത്തി.


അതിൽ അവൾക്കു എതിർപ്പുണ്ടായിരുന്നൂ. പക്ഷേ, അത് അങ്ങനെ വേണം എന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നൂ.


വരൻ അവൾക്കു ചേർന്ന ഒരുവൻ തന്നെ. പറയുവാൻ തക്ക വലിയ പാരമ്പര്യം അവനും ഇല്ല. പക്ഷേ രണ്ടുപേരും ഗസറ്റഡ് ഓഫീസർമാർ. അവളെ മനസ്സിലാക്കുന്ന ഒരു മനസ്സ് അവനുണ്ടായിരുന്നൂ.

അവളെ തേടി ഒത്തിരി ആലോചനകൾ വന്നൂ. ഇപ്പോൾ പണവും നല്ലൊരു ജോലിയും ഉണ്ടല്ലോ.


ചോദിക്കുന്ന സ്ത്രീധനം കൊടുക്കുവാൻ എനിക്കാവും. എന്നിട്ടും അവൾ അയാളെ തെരഞ്ഞെടുത്തു. പൊരുതി ജീവിതം തിരിച്ചു പിടിച്ചവനെ അവളെ മനസ്സിലാകൂ.

അവളുടെ ഉയർച്ച കണ്ടവർ സ്വയം വായടക്കുകയായിരുന്നൂ. ആ ചടങ്ങിൽ മൊത്തം മുഴങ്ങിയത് ഒന്നായിരുന്നൂ.


അത് മാത്രമാണ് ആളുകൾ ഇപ്പോൾ പറയുന്നത്.’നമ്മുടെ അമ്മിണിയുടെ മകൾ ഗസറ്റഡ് ഓഫീസർ ആണത്രേ’.


അതാണ് അവൾക്കു അമ്മയ്ക്ക് നൽകുവാൻ ഉണ്ടായിരുന്നത്. അവൾ ആയിരുന്നൂ ശരി എന്ന് എനിക്കിപ്പോൾ മനസ്സിലായി.


ഒരു പറ്റം ആളുകൾ ഒന്നിച്ചു ശ്രമിച്ചാൽ നമ്മുടെ മനസ്സിനെ ദുഷിപ്പിക്കാം. പക്ഷേ, സത്യം എന്നായാലും തല നീട്ടി പുറത്തു വരും.


അമ്മയോട് എത്രയോ പ്രാവശ്യം ഞാൻ മാപ്പു പറഞ്ഞിരിക്കുന്നൂ മനസ്സുകൊണ്ട്. പക്ഷേ, കഴിഞ്ഞു പോയ ജീവിതം തിരിച്ചു പിടിക്കുവാൻ എനിക്കാവില്ല.

Post a Comment

0 Comments