പുന്നോല്‍ മാക്കൂട്ടം റെയില്‍വേ ഗേറ്റിനടുത്ത കാടുപിടിച്ച സ്ഥലത്തുനിന്നാണ് കൊടുവാള്‍ കണ്ടെടുത്തത്. മൂര്‍ച്ചയേറിയ, അറ്റം വളഞ്ഞ, 53 സെന്റീമീറ്റര്‍ നീളമുള്ള കൊടുവാളില്‍ രക്തക്കറയുമുണ്ട്.
കൃത്യം നടക്കുന്ന സമയത്ത് ഉപയോഗിച്ച കാവിമുണ്ടും ടീഷര്‍ട്ടും പുന്നോല്‍ കൊമ്മല്‍വയലിലെ വീട്ടില്‍നിന്ന് കണ്ടെത്തി. തുണികള്‍ കൂട്ടിയിട്ട അയലില്‍നിന്ന് പൊലീസ് സാന്നിധ്യത്തില്‍ പ്രതി വസ്ത്രം എടുത്തു നല്‍കി. കുറ്റകൃത്യത്തിലും ഗൂഢാലോചനയിലും ആസൂത്രണത്തിലും ഒന്നാംപ്രതി പങ്കെടുത്തതായി പൊലീസ് കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലപാതകത്തിന് ആയുധങ്ങള്‍ എത്തിച്ചു നല്‍കുകയും ചെയ്തു.
ലിജേഷ് ആദ്യം അന്വേഷണവുമായി സഹകരിച്ചിരുന്നില്ല. പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയുള്ള ചോദ്യംചെയ്യലിലാണ് സ്വമേധയാ കുറ്റസമ്മതമൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആയുധമടക്കം കസ്റ്റഡിയിലെടുത്തതെന്നും തലശേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ അറിയിച്ചു. ഗൂഢാലോചന നടത്തിയ, രണ്ട് മുതല്‍ നാലുവരെ പ്രതികളും ചൊദ്യംചെയ്യലില്‍ കുറ്റസമ്മതം നടത്തി.
ഒന്നു മുതല്‍ നാലുവരെ പ്രതികളായ കെ ലിജേഷ്, കെ വി വിമിന്‍, എം സുനേഷ് എന്ന മണി, അമല്‍ മനോഹരന്‍ എന്നിവരുടെ കസ്റ്റഡിക്കാലാവധി അവസാനിച്ചതിനാല്‍ വെള്ളിയാഴ്ച കോടതിയില്‍ തിരികെ ഹാജരാക്കി റിമാന്‍ഡുചെയ്തു. 28ന് കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ടാണ് നാല് പ്രതികളെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്.
0 Comments