ഏറ്റവും കൂടുതൽ ജനപ്രീതി സമ്പാദിച്ചിട്ടുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇന്ത്യയിലെ വിവിധ ഭാഷകളിൽ വൻ വിജയമായി മുന്നേറുന്ന ഷോയുടെ മലയളം പതിപ്പും ആരംഭിച്ചിരുന്നു. എൻഡമോൾ കമ്പനി നെതർലൻഡ്സിൽ ആരംഭിച്ച ബിഗ് ബ്രദർ ടെലിവിഷൻ പരമ്പരയുടെ മാതൃകയിലാണ് ബിഗ് ബോസ് റിയാലിറ്റി ഷോ നിർമ്മിച്ചിരിക്കുന്നത്. ഹിന്ദിയിൽ സംപ്രേഷണം ചെയ്ത് വന്നിരുന്ന ബിഗ് ബോസ് ടെലിവിഷൻ പരമ്പരയുടെ മലയാളം പതിപ്പ് എന്ന നിലയിൽ 2018 ജൂൺ 24ന് ആണ് ഏഷ്യാനെറ്റ് ചാനലിൽ ബിഗ് ബോസ് മലയാളം ആദ്യ സീസൺ ആരംഭിച്ചത്.
ആദ്യ സീസണിൽ സാബുമോൻ അബ്ദുസമദ് ആണ് ജേതാവായത്. രണ്ടാം സീസൺ കോവിഡ് കാരണം 75ആം ദിനത്തിൽ അവസാനിപ്പിച്ചു. മൂന്നാം സീസൺ കോവിഡിൻ്റെ രണ്ടാം തരംഗം കാരണം 95ആം ദിനത്തിൽ താൽകാലികമായി അവസാനിപ്പിച്ചു. കോവിഡ് ശാന്തമാകുന്ന മുറക്ക് ഗ്രാൻഡ് ഫിനാലെ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചു. തുടർന്ന് സീസൺ 3ലെ വിജയിയെ പ്രഖ്യാപിക്കുന്ന ചടങ്ങ് ഓഗസ്റ്റ് 1 ന് നടത്തി. മണിക്കുട്ടൻ ആണ് ജേതാവായത്. ഒരു കൂട്ടം മത്സരാർത്ഥികൾ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുറച്ചുനാൾ ഒരു വീട്ടിൽ ഒരുമിച്ച് ജീവിക്കുക എന്നതാണ് ഈ പരിപാടിയിലൂടെ തീം.
ഓരോ ആഴ്ചയും രണ്ട് മത്സരാർത്ഥികളെ വീതം വീട്ടിൽ നിന്ന് പുറത്താക്കുവാനായി മത്സരാർത്ഥികൾക്കിടയിൽ വോട്ടെടുപ്പ് നടത്തും. ഏറ്റവും കൂടുതൽ നാമനിർദ്ദേശങ്ങൾ ലഭിച്ചവരെ പുറത്താക്കുന്നതിനായി പ്രേക്ഷകർക്കും വോട്ടുരേഖപ്പെടുത്താവുന്നതാണ്. ഒരാളൊഴികെ എല്ലാ അംഗങ്ങളും പുറത്താകുന്നത് വരെ വോട്ടെടുപ്പ് തുടരുന്നു. ഏറ്റവുമൊടുവിൽ വീട്ടിൽ അവശേഷിക്കുന്നയാളെ വിജയിയായി പ്രഖ്യാപിക്കുന്നതോടെയാണ് ബിഗ് ബോസ് പരിപാടി അവസാനിക്കുന്നത്. മലയാളത്തിലെ ബിഗ് ബോസ് ഷോ ഇതുവരെ അവതരിപ്പിച്ചിരുന്നത് നടൻ മോഹൻലാൽ ആണ്. സിനിമ, സീരിയൽ, സാമൂഹ്യപ്രവർത്തനം എന്നീ മേഖലകളിൽ പ്രശസ്തരായ 16 പേരാണ് ഈ പരിപാടിയിൽ മത്സരിക്കുന്നത്.
പുറംലോകവുമായി ബന്ധമില്ലാത്ത ഒരു വീട്ടിൽ 100 ദിവസം ഒരുമിച്ചു ജീവിക്കുകയും അവസാന ദിവസം പുറത്താകാതിരിക്കുകയും ചെയ്യുന്നയാളാണ് മത്സരത്തിൽ വിജയിക്കുക. ഇപ്പോഴിതാ ഷോയുടെ നാലാം സീസൺ ഉടൻ വരുന്നവെന്ന വിവരമാണ് പുറത്തുവരുന്നത്. പുതിയ സീസൺ മാർച്ചിൽ തുടങ്ങനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ഇതോടനുബന്ധിച്ച് സീസണിന്റെ ലോഗോയും അടുത്തിടെ ഏഷ്യാനെറ്റ് പുറത്തുവിട്ടിരുന്നു. അതേസമയം നാലാം സീസണിന്റെ അവതാരകനായി മോഹൻലാൽ ആയിരിക്കില്ല നടൻ സുരേഷ് ഗോപിയായിരിക്കും വരികയെന്ന് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. നാലാം സീസണിന്റെ ലോഗോ പ്രകാശനം ചെയ്തപ്പോൾ അതിൽ കേട്ട തീം സോങാണ് ആരാധകരിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. 'അസതോ മാ സദ് ഗമയ' എന്ന വരികളാണ് ലോഗോയ്ക്ക് പശ്ചാത്തല സംഗീതമായി ഉപയോഗിച്ചിരിക്കുന്നത്. സുരേഷ് ഗോപി അവതരാകനാകുന്നകൊണ്ടാണോ അദ്ദേഹത്തിന്റെ ചിന്താമണി കൊലക്കേസ് എന്ന സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന ഗാനം ലോഗോ തീം സോങായി ഉൾപ്പെടുത്തിയിരിക്കുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്.
എന്നാൽ ബിഗ് ബോസിലെ അവതാരകൻ സുരേഷ് ഗോപിയാകും എന്ന റിപ്പോർട്ടുകളിൽ കഴമ്പില്ലെന്നാണ് ഷോയുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. നാലാം സീസണിലും മോഹൻലാൽ തന്നെ അവതാരകനാകുമെന്നാണ് ഷോയുടെ അടുത്ത വൃത്തങ്ങൾ പറയുന്നത്. മോഹൻലാൽ മാറി സുരേഷ് ഗോപി അവതാരകനാകും എന്ന റിപ്പോർട്ടുകൾ വന്നതോടെ ആ തീരുമാനം നല്ലതാണെന്ന് അഭിപ്രായപ്പെട്ട് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. 'സുരേഷ് ഗോപി നന്നായി ചെയ്യും.... അദ്ദേഹത്തിന് നല്ല കമന്റിങ് പവർ ഉണ്ട്. സുരേഷ് ഗോപി ആണെങ്കിൽ കുറെ പേര് ഒന്ന് വിയർക്കും' തുടങ്ങി രസകരമായ അഭിപ്രായങ്ങളാണ് ആരാധകരിൽ നിന്നും വരുന്നത്.
0 Comments