കടുത്ത തലവേദന; കൈ വിട്ട് പോകുന്ന സ്ഥിതി, ട്യൂമറില്‍ നിന്നും രക്ഷപ്പെട്ടതിനെ കുറിച്ച് അനീഷ്

 


മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അനീഷ് രവി. ഏകദേശം 20 വര്‍ഷത്തോളമായി മിനിസ്‌ക്രീനില്‍ സജീവമാണ് താരം.'സ്‌നേഹ തീരം' എന്ന സീരിയലിലൂടെ എത്തിയ അനീഷ് മോഹനം, സ്ത്രീ, മിന്നുകെട്ട്, ആലിപ്പഴം തുടങ്ങിയ നിരവധി സീരിയലുകളില്‍ അഭിനയിച്ചിരുന്നു. മലയാളത്തില്‍ മാത്രമല്ല തമിഴ് പരമ്പരകളിലും നടന്‍ സജീവമായിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക ചാനലിലും അനീഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്.കാര്യം നിസാരം എന്ന പരമ്പരയായിരുന്നു നടന്റെ ജനശ്രദ്ധ വര്‍ധിപ്പിച്ചത്. ഇപ്പോള്‍ സ്റ്റാര്‍മാജിക്കിലും നടന്‍ സജീവമാണ്.

പ്രേക്ഷകരുടെ മുന്നില്‍ ചിരിച്ച് കൊണ്ട് പ്രത്യക്ഷപ്പെടുന്ന അനീഷ് രവി വേദന താണ്ടിയാണ് ജീവിതത്തിലേയ്ക്ക് മടങ്ങി എത്തിയത്. മരണത്തെ മുഖാമുഖം കണ്ട സന്ദര്‍ഭങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴിത ആ ശക്തമായ പോരാട്ടത്തെ കുറിച്ച് നടന്‍ വെളിപ്പെടുത്തുകയാണ്. ഒരു അഭിമുഖത്തിലാണ് രോഗത്തെ പോരാടി തോല്‍പ്പിച്ചതിനെ കുറിച്ച് പറയുന്നത്.

2016 2017 കാലഘട്ടത്തില്‍ മിന്നുകെട്ട് എന്ന സീരിയലില്‍ അഭിനയിച്ചു കൊണ്ടിരിയ്ക്കുമ്പോഴണ് കടുത്ത തലവേദന അനുഭവപ്പെട്ടത്. വേദന സംഹാരികള്‍ പലതും കഴിച്ചിട്ടും തലവേദനയ്ക്ക് മാറ്റം ഒന്നുമില്ല. ഉറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു. തലവേദനയ്ക്ക് ചികിത്സ നേടിയെങ്കിലും മാറ്റം ഒന്നും ഉണ്ടായില്ല. തലവേദന കാരണം എല്ലാം കൈവിട്ട് പോകുന്ന അവസ്ഥയായിരുന്നു. രോഗം എന്താണ് എന്ന് തിരിച്ചറിയാന്‍ പറ്റിയില്ല. ആ സമയത്ത് ഒന്നും വേണ്ട, അസുഖമില്ലാതെ എഴുന്നേറ്റ് നില്‍ക്കാന്‍ മാത്രം കഴിഞ്ഞാല്‍ മതി എന്നായിരുന്നു എന്റെ പ്രാര്‍ത്ഥന. കരിയറും ജീവിതവും എല്ലാം പോകും എന്ന അവസ്ഥയായിരുന്നു.

ഭാര്യയുടെ ചേച്ചി ഡോ. രാജലക്ഷ്മിയാണ് ശ്രീചിത്ര മെഡിക്കല്‍ സെന്ററിലെ ന്യൂറോ സര്‍ജനായ ഡോ. ഈശ്വരിയുടെ അടുത്തെത്തിച്ചത്. തന്റെ തലച്ചോറില്‍ ഒരു സ്പോട്ട് രൂപപ്പെട്ടിട്ടുണ്ട് എന്ന് മനസ്സിലാവുന്നത് അവിടെ വച്ചാണ്. ഓപ്പറോഷന്റെ ആശങ്കയായിരുന്നു പിന്നെ.

മരണത്തിന്റെ മുഖത്ത് നിന്ന് എന്നെ രക്ഷിച്ച ഈശ്വരന്‍ തന്നെയാണ് ഡോ. ഈശ്വരി. ആ സമയത്ത് ഡോക്ടര്‍ നല്‍കിയ പിന്തുണയെ കുറിച്ച് പറയാതിരിക്കാന്‍ കഴിയില്ല. കുഴപ്പമില്ല, ചികിസത്സിച്ച് മാറ്റാം എന്നൊക്കെയുള്ള വാക്കുകളാണ് എനിക്ക് ശക്തി നല്‍കിയത്. രണ്ട് വര്‍ഷം നീണ്ടു നിന്ന ചികിത്സയ്ക്ക് ഒടുവിലാണ് പഴയ സ്ഥിതിയിലേക്ക് തിരിച്ചെത്തിയത്. രോഗം ഇപ്പോള്‍ പൂര്‍ണമായും മാറി- അനീഷ് രവി പറഞ്ഞു. നടന്റെ വാക്കുകള്‍ വൈറല്‍ ആയിട്ടുണ്ട്.

കാര്യം നിസാരം എന്ന പരമ്പരയാണ് അനീഷിന്റെ ജനപിന്തുണ വര്‍ധിപ്പിച്ചത്. അനു ജോസഫ് ആയിരു സീരിയലില്‍ നായികയായി എത്തിയത്. ഇവരുടെ കോമ്പോ പ്രേക്ഷകരുടെ ഇടയില്‍ വലിയ ചര്‍ച്ചയായിരുന്നു. പലരും അനുവാണ് അദ്ദേഹത്തിന്റെ റിയല്‍ ലൈഫ് ഭാര്യ എന്ന് വരെ ധരിച്ചിരുന്നു. മുന്‍പ് നല്‍കിയ ഒരു അഭിമുഖത്തില്‍ ഇതിനെ കുറിച്ച് നടന്‍ പറയുകയും ചെയ്തിരുന്നു. ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ നേരിട്ട് കടന്നു വന്നിട്ടുള്ള ആളാണ് താന്‍ എന്ന് അനീഷ് ബിഹൈന്റ് വുഡിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.ഒരു ഷൂട്ടിങിനിടെ തീ പൊള്ളലേറ്റ് ഇരുപത്തിയെട്ട് ദിവസത്തോളം ആശുപത്രിയില്‍ കഴിഞ്ഞിട്ടുണ്ട്. അതിന് ശേഷമായിരുന്നു ട്യൂമര്‍ കുലോമ എന്ന രോഗം ബാധിച്ചത്.

വയസ് തെറ്റിദ്ധരിച്ചതിനെ കുറിച്ചും നടന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. വിക്കിപീഡിയയിലായിരുന്നു അനീഷിന്റെ പ്രായം തെറ്റായി കൊടുത്തത്. 50 വയസ് എന്നായിരുന്നു കൊടുത്തത്.വിക്കിപീഡിയയിലെ പ്രായം ശരിയാണോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു താരം പറഞ്ഞത്. വിക്കിപീഡിയയില്‍ 50 വയസ്സായി രേഖപ്പെടുതായിരിക്കുന്നത് തെറ്റാണെന്നും അത്രയും ആയിട്ടില്ലെന്നുമാണ് അനീഷ് പറഞ്ഞത്. ഒപ്പം പ്രായവും സൗന്ദര്യം നിലനിര്‍ത്തുന്നതിനുള്ള ടിപ്‌സും അനീഷ് പങ്കുവെച്ചിരുന്നു

Post a Comment

0 Comments