ആശ്രാമം മൈതാനം വൃത്തിയാക്കും,​ സംരക്ഷിക്കും : ജില്ലാകലക്ടര്‍


കൊല്ലം: ആശ്രാമം മൈതാനം സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍.പ്രദേശത്ത് നിയമവിരുദ്ധ പ്രവര്‍ത്തനവും മാലിന്യം വലിച്ചെറിയുന്നതും രൂക്ഷമാണെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥലം സന്ദര്‍ശിച്ച ശേഷം ചേംബറില്‍ നടത്തിയ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. 

പൊലീസ് പട്രോളിംഗ് ശക്തമാക്കും. മൈതാനത്തിനു ചുറ്റും ബയോ ഫെന്‍സിംഗ് നിര്‍മ്മിക്കാന്‍ സോഷ്യല്‍ ഫോറസ്ട്രി പ്ലാന്‍ തയ്യാറാക്കണം. ഇത് സര്‍ക്കാരിന് സമര്‍പ്പിച്ച്‌ തുടര്‍ നടപടികള്‍ സ്വീകരിക്കും.

ശുചിത്വമിഷന്റെ നേതൃത്വത്തില്‍ സന്നദ്ധ സംഘടനകള്‍, വിദ്യാര്‍ത്ഥികള്‍, കോര്‍പ്പറേഷന്‍ തുടങ്ങിയവയെ ഉള്‍പ്പെടുത്തി അടുത്തമാസം ആദ്യവാരം ക്ലീനിംഗ് ഡ്രൈവ് നടത്തും.സ്വാഭാവിക സൗന്ദര്യവത്കരണം നടത്തുന്നതിന് ഡി.ടി.പി.സി പുതിയ പ്ലാന്‍ തയ്യാറാക്കി സമര്‍പ്പിക്കണമെന്നും അവര്‍ പറഞ്ഞു. എ.ഡി.എം എന്‍. സാജിതാബീഗം, ഡി.ടി.പി.സി സെക്രട്ടറി ഡോ. രമ്യ ആര്‍. കുമാര്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്. ഐസക്, തഹസില്‍ദാര്‍ ശശിധരന്‍പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments