വേറൊരാള്‍ നന്നായിരുന്നാല്‍ കുഴപ്പം തോന്നുന്ന ഏക വര്‍ഗ്ഗം മലയാളിയാണ്: രഹന ഫാത്തിമ

 


വേറൊരാള്‍ നന്നായിരുന്നാല്‍ കുഴപ്പം തോന്നുന്ന ഏക വര്‍ഗ്ഗം മലയാളിയാണെന്ന പരാമര്‍ശവുമായി രഹന ഫാത്തിമ രംഗത്ത്.തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മലയാളിയെ കുറിച്ചുള്ള രഹ്‌നയുടെ കണ്ടെത്തലുകള്‍ അവര്‍ പങ്കുവച്ചത്.

 മലയാളികളുടെ സ്ഥായിയായ ഭാവം വിഷാദത്തിന്റേതാണെന്ന് തോന്നാറുണ്ടെന്ന് രഹന ഫാത്തിമ തന്റെ കുറിപ്പില്‍ പറയുന്നു.'ഏതെങ്കിലും മലയാളിയോട് എന്തൊക്കെയാണ് വിശേഷങ്ങള്‍ എന്ന് ചോദിച്ചാല്‍, 'കുഴപ്പമില്ല' അല്ലെങ്കില്‍ 'അങ്ങനെയൊക്കെ പോകുന്നു' എന്ന മറുപടിയാണ് കിട്ടുക. ഇവിടെ രസകരമായ ചില കാര്യങ്ങള്‍ പരീക്ഷിച്ചു നോക്കാന്‍ നമുക്ക് കഴിയും. ആരെങ്കിലും എന്താണ് വിശേഷം എന്ന് ചോദിച്ചാല്‍ വെറുതെ 'അടിപൊളി' എന്നൊന്ന് പറഞ്ഞു നോക്കൂ. മറ്റെയാള്‍ ആകെ ചമ്മി വിളറി വെളുത്തിട്ടുണ്ടാകും. കാരണം അയാള്‍ ആഗ്രഹിക്കുന്നത് 'കുഴപ്പമില്ല' എന്ന മറുപടി കേള്‍ക്കാനാണ്', രഹന ഫാത്തിമ പറയുന്നു.


രഹ്‌ന ഫാത്തിമയുടെ ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

i am not a typical mallu. മലയാളികളുടെ സ്ഥായിയായ ഭാവം വിഷാദത്തിന്റെതാണ് എന്ന് തോന്നാറുണ്ട്. ഏതെങ്കിലും മലയാളിയോട് എന്തൊക്കെയാണ് വിശേഷങ്ങള്‍ എന്ന് ചോദിച്ചാല്‍ 'കുഴപ്പമില്ല' അല്ലെങ്കില്‍ 'അങ്ങനെയൊക്കെ പോകുന്നു' എന്ന മറുപടിയാണ് കിട്ടുക. ഇവിടെ രസകരമായ ചില കാര്യങ്ങള്‍ പരീക്ഷിച്ചു നോക്കാന്‍ നമുക്ക് കഴിയും. ആരെങ്കിലും എന്താണ് വിശേഷം എന്ന് ചോദിച്ചാല്‍ വെറുതെ 'അടിപൊളി' എന്നൊന്ന് പറഞ്ഞു നോക്കൂ. മറ്റെയാള്‍ ആകെ ചമ്മി വിളറി വെളുത്തിട്ടുണ്ടാകും. കാരണം അയാള്‍ ആഗ്രഹിക്കുന്നത് 'കുഴപ്പമില്ല' എന്ന മറുപടി കേള്‍ക്കാനാണ്.

വേറൊരാള്‍ നന്നായിരുന്നാല്‍ കുഴപ്പം തോന്നുന്ന ഏക വര്‍ഗ്ഗം മലയാളിയാണ്. ഒരു തമിഴനോട് ചോദിച്ചു നോക്കൂ. 'എപ്പടി ഇരുക്ക്' മറുപടി 'റൊമ്ബ പ്രമാദം സാര്‍' എന്നായിരിക്കും. ഒരു ഹിന്ദിക്കാരനോട് ചോദിക്ക്, അവന്‍ പറയുക 'ബഹുത് അച്ഛാ' അല്ലെങ്കില്‍ 'ബഹുത് ബടിയാ'എന്നായിരിക്കും. ഒരു ഇംഗ്ലീഷുകാരനോട് ചോദിക്കുക, അവന്‍ പറയുക 'ഫൈന്‍' അല്ലെങ്കില്‍ 'ഗ്രേറ്റ്' എന്ന്. ഒരു അറബിയോട് ചോദിച്ചാല്‍ 'അല്‍ഹംദുലില്ലാ' അല്ലെങ്കില്‍ 'അല്‍ക്വൈസ്' എന്നു പറയും. എല്ലാം പോസിറ്റീവ് ആയ പദങ്ങള്‍.

ആരെങ്കിലും ചിരിക്കുന്നത് കണ്ടാല്‍ ഏറ്റവുമധികം അസ്വസ്ഥരാകുന്നത് മലയാളികളാണ്. കാരണം വളരെ ലളിതമാണ്. അവനു ചിരിക്കാന്‍ കഴിയില്ല. ഇനി ചിരി വന്നാലോ അതടിച്ചമര്‍ത്തി ഒരു ഭാഗത്ത് നീങ്ങിയിരിക്കും അത്ര തന്നെ. കാരണം മലയാളി ജീവിക്കുന്നത് അവന്റെ ഭൂതകാലങ്ങളിലും ഭാവി കാലങ്ങളിലും മാത്രമാണ്. അവന് ചുറ്റുപാടുകളെ, പ്രകൃതിയെ,പൂക്കളെ, നക്ഷത്രങ്ങളെ, കാല്‍ ചവുട്ടുന്ന മണ്ണിനെ,ചുറ്റുമുള്ള മനുഷ്യരെ ഒന്നും ശ്രദ്ധിക്കാന്‍ സമയമില്ല. അവന്‍ എപ്പോഴും ബിസിയാണ്. എന്തിനോ ഒക്കെ വേണ്ടിയുള്ള ഓട്ടത്തിലാണവന്‍. മക്കള്‍ക്കു വേണ്ടി, അച്ഛനമ്മമാര്‍ക്ക് വേണ്ടി, ഭാര്യക്കും ഭര്‍ത്താവിനും വേണ്ടി ജീവിതം ഹോമിച്ചു കൊണ്ടിരിക്കുകയാണ്.

തനിക്ക് വേണ്ടി ജീവിക്കുകയോ? ആ ചോദ്യം തന്നെ അവന് താങ്ങാന്‍ കഴിയുന്ന ഒന്നല്ല. അവന് ഒന്നിനും സമയമില്ല. ജീവിക്കാന്‍ മറന്നവന്ന് എവിടെയാണ് ആഹ്ലാദം? ജീവിതം കൈവിട്ടു പോയവന്‍ എങ്ങനെ ചിരിക്കാനാണ്. അവനെ സംബന്ധിച്ച്‌ ഫലിതം വെറും 'വളിപ്പാ'കുന്നു.അല്ലെങ്കില്‍ 'ചെളി'യെന്ന ന്യു ജന്‍ ഭാഷയില്‍ കൊഞ്ഞനം കുത്തല്‍. മലയാളിയുടെ വീട്ടില്‍ കറണ്ട് പോയാല്‍ അവന്‍ ചെയ്യുന്ന ഒരു പണിയുണ്ട്. 'കറന്‍റ് പോയല്ലോ' എന്നു പറയുകയും ഉടനെ തന്നെ വാതില്‍ തുറന്നു പുറത്തിറങ്ങി അപ്പുറത്തെ വീട്ടില്‍ കറണ്ട് ഉണ്ടോ എന്ന് ഉറപ്പാക്കുകയും ചെയ്യും. അവിടെയും കറണ്ടില്ലെങ്കില്‍ അവന് ആശ്വാസമായി. അതായത് എനിക്കോ കറണ്ടില്ല, അവനും കറണ്ടില്ലല്ലോ.

ഇതുതന്നെയാണ് മലയാളിയുടെ മനോഭാവം. മറ്റുള്ളവരുടെ സങ്കടം കാണുമ്ബോള്‍ സന്തോഷിക്കുന്ന അസൂയ നിറഞ്ഞ മനസ്സാണ് മലയാളിയുടെത്. ആരെങ്കിലും ചിരിച്ചാല്‍, സന്തോഷിച്ചാല്‍, ആഘോഷിച്ചാല്‍, അവര്‍ക്കെല്ലാം എന്തോ കുഴപ്പമുണ്ട് എന്നതാണ് അവന്റെ നിലപാട്. കുഴപ്പം ന്ന് വെച്ചാല് വട്ട്, അത് തന്നെ. പ്രണയത്തിന്റെ ലഹരി (ഇതൊരു അശ്ലീലമാണ് പലര്‍ക്കും ), അതു പോലെ ആഹ്ലാദം, ഉന്മാദം, ശാന്തത, എന്തിന് സന്തോഷം പോലും അവന് അന്യമാണ്. ആഹ്ലാദത്തിന്റെ പല അവസ്ഥകളെ അവന്‍ അവന്റെ നിഘണ്ടുവില്‍ വെറും 'ഭ്രാന്തായി' ചിത്രീകരിച്ചിരിക്കുന്നു. ഇത്രമാത്രം സന്തോഷത്തിന്റെ അവസ്ഥകളെ മനസ്സിലാക്കാത്ത വിധം മലയാളി തരം താണു പോയത് എന്തുകൊണ്ടാണ്എന്ന് ചിന്തിക്കേണ്ടതുണ്ട്.

സ്വന്തമായി ജീവിക്കാതെ സ്വന്തമായി സന്തോഷിക്കാന്‍ സാധിക്കാതെ.എങ്ങനെയാണ് ഇവര്‍ കാലം കഴിച്ചു കൂട്ടുന്നത്. എന്തു കാര്യത്തിലും അതെത്ര നന്നായാലും അതിനെ അഭിനന്ദിക്കാന്‍ മലയാളി തയ്യാറാവില്ല. 'ഓ.. ഇതൊക്കെ എത്ര കണ്ടിരിക്കുന്നു'. അല്ലെങ്കില്‍ 'ഇതൊക്കെ ഉടായിപ്പ് അല്ലെ' ഇങ്ങനെയാവും പ്രതികരണം. ചങ്കെടുത്ത് കാണിച്ചാല്‍ ചെമ്ബരത്തിപ്പൂവെന്ന് പറയുന്നവന്‍ മലയാളി. ടിപ്പിക്കല്‍ മലയാളിയുടെ കൈയ്യില്‍ എപ്പോഴും ഒരു മുഴക്കോല്‍ കാണും. മറ്റുള്ളവരെ അളക്കുക എന്നതു മാത്രമാണ് അവന്റെ ലക്ഷ്യം. സ്വന്തം കാലില്‍ മന്തു വെച്ചു കൊണ്ട് കാലുളുക്കിയവനെ കളിയാക്കുന്നവനാണവന്‍.

ഇതൊക്കെ കേരളത്തില്‍ മാത്രം. കേരളത്തിന്റെ അതിര്‍ത്തി കടന്നാല്‍ അത് ഉത്തരേന്ത്യയോ ഗള്‍ഫ് നാടുകളോ അമേരിക്കയോ ആവട്ടെ അവന്‍ സ്മാര്‍ട്ട് ആകുന്നു. 'മലയാളി മനോഭാവം' എടുത്ത് അട്ടത്തു വെക്കുന്നു. അല്ലെങ്കില്‍ റിട്ടേണ്‍ ടിക്കറ്റ് എടുക്കേണ്ടി വരുമെന്ന് അവനറിയാം. മലയാളിക്ക് മഴ ഭയങ്കരമാണ്, കാറ്റ് ഭീകരമാണ്, വെയിലോ അതി കഠിനമാണ്. നശിച്ച മഴ, മുടിഞ്ഞ ചൂട് ഒക്കെ അവന്റെ മാത്രം പ്രയോഗങ്ങളാകുന്നു. ഭയങ്കരം,ഭീകരം, കഠിനം എന്ന വാക്കുകളെല്ലാം വരുന്നത് മലയാളിയുടെ നെഗറ്റീവായ മനോഭാവത്തില്‍ നിന്നാണ്. മഴയ്ക്ക് എങ്ങനെയാണ് ഭയങ്കരമാവാന്‍ കഴിയുക. ശക്തമായ മഴ എന്നോ നല്ല മഴ എന്നോ ഒക്കെ പറയുകയല്ലേ നല്ലത്.

മഴയെയോ വെയിലിനെയോ നമുക്ക് നിയന്ത്രിക്കാന്‍ കഴിയില്ല എന്ന് നമുക്കറിയാം. അപ്പോള്‍ അങ്ങനെ ഒരു മഴ പെയ്യുമ്ബോള്‍ അതിനോടൊന്നിച്ച്‌ പോകാന്‍ അല്ലേ നാം ശ്രമിക്കേണ്ടത്. ഒരു പീടികക്കോലായില്‍ നിന്ന് ആ മഴ ഒന്നാസ്വദിയ്ക്കാന്‍ അവനു കഴിയില്ല. അവന് അപ്പോഴും തിരക്കാണല്ലോ. ട്രാഫിക് ലൈറ്റ് കേടായാല്‍ അവന് ഭ്രാന്തിളകും. ഏറ്റവും അധികം ഹോണ്‍ അടിക്കുന്നതും മലയാളി തന്നെ. ഇത്രയൊക്കെ പറയുമ്ബോള്‍ നിങ്ങളും ഒരു മലയാളിയല്ലേ എന്ന് ചോദിക്കുന്നവന്‍ ടിപ്പിക്കല്‍ മലയാളിയായിരിക്കും. അവന് ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ ആവുകയില്ല.




Post a Comment

0 Comments