ഒന്നു കണ്ണടയ്ക്കൂ... യുക്രൈനെ ഇപ്പോള്‍ തീര്‍ത്തുതരാം'; പുടിനോട് ചെച്‌നിയന്‍ നേതാവ്

ബാലചന്ദ്രന്‍ ജീവിതത്തിലേക്ക്​ തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ പ്രാര്‍ഥനയോടെ കുടുംബം
യുക്രൈനില്‍ യുദ്ധമുഖത്തുള്ള, റഷ്യന്‍ നാഷണല്‍ ഗാര്‍ഡില്‍ മേജര്‍ ജനറലായ റംസാന്‍ കദരോവ് ആണ് പുടിന് മുന്നില്‍ ഈ വാഗ്ദാനം മുന്നോട്ടുവെച്ചത്.

റഷ്യന്‍ നാശം പരമാവധി കുറയ്ക്കുന്നതിനായി, യുക്രൈനില്‍ കൂടുതല്‍ ശക്തമായ ആക്രണത്തിന് അനുമതി വേണമെന്നാണ് കദരോവ് ആവശ്യപ്പെടുന്നത്. താങ്കള്‍ ഒന്നു കണ്ണടച്ചാല്‍ എല്ലാം തീര്‍ത്തു തരാം എന്നാണ് കദരോവ് പുടിനോട് പറഞ്ഞത്.

യുക്രൈനില്‍ ഇപ്പോള്‍ റഷ്യന്‍ സേന നടത്തുന്ന ആക്രമണം മൃദുവായതും ദുര്‍ബലവുമാണെന്നാണ് കദരോവിന്റെ പക്ഷം. ബോംബ് വര്‍ഷിക്കല്‍ അടക്കം യുക്രൈനെതിരെ കടുത്ത ആക്രമണം അഴിച്ചുവിടണമെന്നും കദരോവ് ആവശ്യപ്പെടുന്നു.

'പ്രിയ പ്രസിഡന്റ്, സുപ്രീം കമാന്‍ഡര്‍, അങ്ങേയ്ക്ക് വേണ്ടി ജീവന്‍ വരെ ബലികഴിക്കാന്‍ ഞാന്‍ തയ്യാറാണ്. എന്നാല്‍ നമ്മുടെ പോരാളികള്‍, സൈനികര്‍ കൊല്ലപ്പെടുന്നത് നോക്കിക്കൊണ്ട് നില്‍ക്കാനാകുന്നില്ല. ഞാന്‍ വീണ്ടും ആവശ്യപ്പെടുകയാണ്, അങ്ങ് ഒന്ന് കണ്ണടയ്ക്കൂ... ഒന്നോ രണ്ടോ ദിവസം കൊണ്ട് എല്ലാം തീര്‍ത്തുതരാം'. കദരോവ് പുടിന് അയച്ച ശബ്ദസന്ദേശത്തില്‍ പറയുന്നു.

  പുടിനും കദരോവും
പുടിന്റെ പിറക്കാതെ പോയ മകന്‍ എന്നാണ് 45 കാരനായ കദരോവിനെ പാശ്ചാത്യ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കിയെ വധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചെച്‌നിയന്‍ പോരാളികള്‍ യുക്രൈനിലെത്തിയത്. സെലന്‍സ്‌കിക്കെതിരെ മൂന്ന് വധശ്രമങ്ങളുണ്ടായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മുന്‍ ചെച്‌നിയന്‍ പ്രസിഡന്റ് അഖ്മദ് കദരോവിന്റെ മകനായ റംസാന്‍ കദരോവ്, ഒന്നാം ചെച്‌നിയന്‍ യുദ്ധകാലത്ത് റഷ്യക്കെതിരെ പോരാടി. റഷ്യക്കെതിരായി ജിഹാദ് പ്രഖ്യാപിച്ച കാലത്ത് കദരോവ്ത്സി സേന എന്ന പേരില്‍ പ്രത്യേക സൈന്യം തന്നെ രൂപവത്കരിച്ചിരുന്നു. തട്ടിക്കൊണ്ടുപോകലും, കൊലപാതകങ്ങളും അടക്കം നിരവധി കുറ്റകൃത്യങ്ങളും ആരോപിക്കപ്പെട്ട റംസാനെ ഒരുകാലത്ത് ഭീകരനെന്നാണ് വിശേഷിപ്പിച്ചിരുന്നത്.

രണ്ടാം ചെച്‌നിയന്‍ യുദ്ധകാലത്ത് റംസാന്‍ കദരോവും പിതാവും റഷ്യന്‍ സൈന്യത്തിനൊപ്പം നിലയുറപ്പിക്കുകയായിരുന്നു. പുടിനൊപ്പം ചേര്‍ന്ന റംസാന്‍ കദരോവ് അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത വിശ്വസ്തനായി. നിലവില്‍ റംസാന്‍ കദരോവ് ചെച്‌നിയന്‍ പ്രസിഡന്റാണ്.

Post a Comment

0 Comments