യുക്രൈന്‍ ആക്രമണത്തിന് റഷ്യ തുടക്കമിട്ടതുമുതല്‍ ഈ രണ്ട് രാജ്യങ്ങള്‍ക്കൊപ്പം ലോക ശ്രദ്ധയിലെത്തിയ രാജ്യമാണ് ബെലറൂസ്.ബെലറൂസ്: യുക്രൈന്‍ അങ്കക്കളത്തിലെ ചെപ്പക്കാരന്‍


യുക്രൈന്‍ ആക്രമണത്തിന് റഷ്യ തുടക്കമിട്ടതുമുതല്‍ ഈ രണ്ട് രാജ്യങ്ങള്‍ക്കൊപ്പം ലോക ശ്രദ്ധയിലെത്തിയ രാജ്യമാണ് ബെലറൂസ്.റഷ്യന്‍ അധിനിവേശത്തെ കണ്ണടച്ച്‌ പിന്തുണച്ച ആദ്യ രാഷ്ട്രം ബെലറൂസാണ്. അത്രമേല്‍ ഉറച്ച പിന്തുണ ഇപ്പോഴും നല്‍കുന്ന ഏക രാഷ്ട്രവും ബെലറൂസ് തന്നെ. 

ഒടുവില്‍ സമാധാന ചര്‍ച്ചക്ക് റഷ്യ തെരഞ്ഞെടുത്തതും ഇതേ സ്ഥലം. അതില്‍ കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തിയെങ്കിലും ഒടുവില്‍ യുക്രൈന് വഴങ്ങേണ്ടി വന്നു. വേട്ടക്കാരനൊപ്പം ഓടുകയും ഇരക്കൊപ്പം സമാധാനത്തിനായി വേദിയൊരുക്കുകയും ചെയ്യുകയെന്ന ഇരട്ട റോളാണ് റഷ്യന്‍ അധിനിവേശത്തില്‍ ബെലറൂസ് നിര്‍വഹിക്കുന്നത്. ഭൂവിസ്തൃതി പരിഗണിച്ചാല്‍ ചെറിയ രാജ്യം. ജനസംഖ്യയാണെങ്കില്‍ ഒരു കോടിയില്‍ താഴെ. 4.4 കോടി ജനസംഖ്യയുള്ള യുക്രൈനും 14.5 കോടി ജനങ്ങളുള്ള റഷ്യയും ആയി താരതമ്യം ചെയ്യുമ്ബോള്‍ വളരെ ചെറിയ രാജ്യം.

യു.എസ്.എസ്.ആര്‍ രൂപീകരിക്കപ്പെട്ടപ്പോള്‍ ബലൊറഷ്യന്‍ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് (B.S.S.R) എന്ന പേരില്‍ അതിന്റെ ഭാഗമായി. യു.എസ്.എസ്.ആര്‍ തകര്‍ന്നപ്പോള്‍ 1991ല്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. സ്വന്തം ഭരണഘടന തയാറാക്കി മൂന്ന് വര്‍ഷത്തിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ അലക്സാണ്ടര്‍ ലുക്കാഷെങ്കോ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അന്നുമുതല്‍ ഇതുവരെ ലുക്കാഷെങ്കോ തന്നെയാണ് പ്രസിഡന്റ്. തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെയും അസവാനത്തെയും പ്രസിഡന്റായി ലുക്കാഷെങ്കോ മാറി. റഷ്യന്‍ അധിനിവേശ പദ്ധതിയിലേക്ക് ആവേശപൂര്‍വം ചാടിയിറങ്ങാന്‍ ലുക്കാഷെങ്കോയെ പ്രേരിപ്പിച്ചതും അധികാരക്കൊതിയാണ്.

 
യൂറോപ്പിലെ അവസാന ഏകാധിപതി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഭരണാധികാരിയാണ് ലുക്കാഷെങ്കോ. സോവിയറ്റ് യൂണിയനില്‍ സൈനിക സേവനം അനുഷ്ഠിച്ച ലുക്കാഷെങ്കോ പിന്നീട് സേനയിലെ രാഷ്ട്രീയ വിഭാഗത്തില്‍ അധ്യാപകനായി. റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യുവജന വിഭാഗമായി അറിയപ്പെട്ടിരുന്ന ലെനിനിസ്റ്റ് യങ് കമ്യൂണിസ്റ്റ് ലീഗ് (Komsomol) നേതാവായും യുഎസ്.എസ്.ആര്‍ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. 1982 മുതല്‍ 85 വരെ കൂട്ടുകൃഷി പദ്ധതിയുടെ ഡപ്യൂട്ടി ചെയര്‍മാനായി. കൂട്ടുകൃഷിയില്‍ ഇപ്പോഴും അതീവതല്‍പരന്‍. 1990ല്‍ ലുക്കാഷെങ്കോ ബെലറൂസ് സുപ്രിം കൗണ്‍സില്‍ ഡപ്യൂട്ടിയായി. അവിടെനിന്നാണ് സ്വതന്ത്ര ബെലറൂസിന്റെ ആദ്യ പ്രസിഡന്റായി എത്തുന്നത്. ആദ്യ തെരഞ്ഞെടുപ്പിന് ശേഷം ആറ് തവണ രാജ്യത്ത് തെരഞ്ഞെടുപ്പ് നടന്നു. ഓരോ തവണയും മൃഗീയ ഭൂരിപക്ഷത്തില്‍ ലുക്കാഷെങ്കോ തന്നെ 'വിജയിച്ചു'. ഓരോ തവണയും പ്രതിപക്ഷം അതി ശക്തമായ എതിര്‍പ്പുയത്തിയിരുന്നെങ്കിലും അതെല്ലാം ലുക്കാഷെങ്കോയുടെ ഉരുക്കു മുഷ്ടിക്ക് മുന്നില്‍ അടിയറ വെക്കേണ്ടിവന്നു.

1999ല്‍ നടക്കേണ്ട രണ്ടാം തെരഞ്ഞെടുപ്പ് തന്നെ ഒറു റഫറണ്ടം വഴി രണ്ടുവര്‍ഷം നീട്ടിവച്ചു. തെരഞ്ഞെടുപ്പ് നടത്തിയപ്പോള്‍ 75.65 ശതമാനം വോട്ടും ലുക്കാഷെങ്കോക്ക്! തെരഞ്ഞെടുപ്പ് അട്ടിമറിയാണെന്ന ആരോപണം രാജ്യത്തിനകത്തും പുറത്തും ഉയര്‍ന്നു. പക്ഷെ, റഷ്യ മാത്രം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. 2006ല്‍ പ്രതിപക്ഷം ഐക്യമുന്നണി രൂപീകരിച്ച്‌ ഒറ്റ സ്ഥാനാര്‍ഥിയെ മാത്രം രംഗത്തിറക്കി. പ്രതിപക്ഷത്തെ പിന്തുണച്ചാല്‍ തലവെട്ടുമെന്ന് പരസ്യഭീഷണി മുഴക്കിയ ലുക്കാഷെങ്കോ, വോട്ടെടുപ്പ് പൂര്‍ത്തിയാകും മുമ്ബ് തനിക്ക് അനുകൂലമായ എക്സിറ്റ് പോള്‍ ഫലം പുറത്തുവിട്ടു. മൂന്നാം തെരഞ്ഞെടുപ്പ് ഒരു കൊല്ലം നേരത്തെ നടത്തി. വോട്ടെടുപ്പ് ദിവസം എതിര്‍ സ്ഥാനാര്‍ഥികള്‍ കടുത്ത പൊലീസ് മര്‍ദനവും അറസ്റ്റും നേരിട്ടു. ലുക്കാഷെങ്കൊ പതിവുപോലെ 80 ശതമാനം വോട്ട് നേടി 'വിജയിച്ചു'.

 
2015ലും 2020ലും ഇതേ രീതിയില്‍ തന്നെ 'തെരഞ്ഞെടുക്കപ്പെട്ടു'. എന്നാല്‍, കഴിഞ്ഞ രണ്ട് കൊല്ലമായി കടുത്ത പ്രക്ഷോഭമാണ് ലുക്കാഷെങ്കോ നേരിടുന്നത്. എതിരാളികളെ അടിച്ചൊതുക്കിയും തടവിലാക്കിയും എതിര്‍പ്പുകളെ ലുക്കാഷെങ്കോ മറികടക്കുന്നു. നാല്‍പതിനായിരത്തോളം പേരെ ഇതിനകം ജയിലില്‍ അടച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തന്നെ വിമര്‍ശിച്ച മാധ്യമ പ്രവര്‍ത്തകനെ പിടികൂടാന്‍ യുദ്ധ വിമാനമയച്ച്‌, വിദേശ വിമാനം നിലത്തിറക്കിയ ചരിത്രം വരെ ഈ ഏകാധിപതിയുടെ അക്കൗണ്ടിലുണ്ട്. എതിര്‍പ്പ് രൂക്ഷമായപ്പോള്‍ രാജ്യത്തെ റഷ്യന്‍ അനുകൂലികളുടെ പിന്തുണ ഉറപ്പാക്കാനുതകുന്ന തരത്തില്‍ ഭരണഘടന തന്നെ മാറ്റിയെഴുതി.

ബെലറൂസ് സൈന്യത്തെ മറ്റ് രാജ്യങ്ങളില്‍ വിന്യസിക്കാന്‍ അനുമതി നല്‍കിയ ഭേദഗതിയിലൂടെ റഷ്യയില്‍ നിന്ന് സൈനിക സഹായവും ഉറപ്പാക്കി. കമ്യൂണിസ്റ്റ് റഷ്യയിലെ ഏകാധിപത്യത്തിന്റെ ഹാങ്ങ് ഓവറില്‍സ്വന്തം രാജ്യം അടക്കിവാഴുന്ന സോഷ്യലിസ്റ്റ് നേതാവിന്, മൂന്ന് പതിറ്റാണ്ടിന് ശേഷം അധികാരമൊഴിയേണ്ടി വരുമെന്ന രാഷ്ട്രീയ സാഹചര്യം ജനകീയ പ്രക്ഷോഭത്തിലൂടെ രൂപപ്പെട്ടിരുന്നു. ഇത് ഒഴിവാക്കാനാണ് യുദ്ധമുഖത്തേക്ക് റഷ്യക്കൊപ്പം എടുത്തുചാടാന്‍ ലുക്കാഷെങ്കോ തീരുമാനിച്ചത്. ജനരോഷം തത്കാലം തണുപ്പിക്കാനും ചര്‍ച്ചാ വിഷയം മാറ്റാനും ഈ അധിനിവേശാനുകൂല നിലപാട് ലുക്കാഷെങ്കോക്ക് സഹായകരമായി. യുകൈ്രന്‍ അധിനിവേശം പുട്ടിനും ബൈഡനും മാത്രമല്ല, ഏകാധിപതിയായ ലുക്കാഷെങ്കോക്കും അധികാരമുറപ്പിക്കാനുള്ള അവസരമാണ്.

 
റഷ്യയെ കറവപ്പശുവെപ്പോലെ ഉപയോഗിച്ചാണ് ലുക്കാഷെങ്കോ ദീര്‍ഘകാലം നിലനിന്നത്. ശതകോടികളുടെ വായ്പയാണ് ബലാറസിന് റഷ്യ നല്‍കിയിരിക്കുന്നത്. യുകൈ്രന്‍ യുദ്ധവും പുതിയൊരു സാമ്ബത്തിക സ്രോതസ്സാക്കി മാറ്റുകയെന്ന അജണ്ടയും ലുക്കാഷെങ്കോക്കുണ്ട്. റഷ്യയില്‍ നിന്ന് ലഭിക്കുന്ന ധനസഹായത്തിന്റെ തോത് കുത്തനെ വര്‍ധിപ്പിക്കാനും സൈനിക സന്നാഹങ്ങള്‍ ആര്‍ജിക്കാനും ലുക്കാഷെങ്കോ ഇത് അവസരമാക്കും. യുക്രൈനിലെ മൈദാന്‍ പ്രക്ഷോഭമാണ് അവിടത്തെ റഷ്യന്‍ അനുകൂല പ്രസിഡന്റിനെ സ്ഥാനഭ്രഷ്ടനാക്കിയത്. റഷ്യയും യുക്രൈനും തമ്മിലെ വ്യാപാര ബന്ധത്തെ ഇത് സാരമായി ബാധിച്ചു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ മധ്യവര്‍ത്തിയായി പ്രവര്‍ത്തിച്ച്‌ ഈ സന്ദര്‍ഭം മുതലെടുക്കുകയാണ് ബെലറൂസ് ചെയ്തത്. ഇരു രാജ്യങ്ങള്‍ക്കും ആവശ്യമുള്ള ചരക്കുകള്‍ ബലാറസിലെത്തിച്ച്‌ സ്വന്തം പേരില്‍ രണ്ടിടത്തേക്കും കയറ്റുമതി ചെയ്യുക എന്നതായിരുന്നു ലുക്കാഷെങ്കോ സ്വീകരിച്ച തന്ത്രം. ഇന്ധനം വരെ ഈ രീതിയില്‍ മറിച്ചുവിറ്റു. യുദ്ധത്തിനും സമാധാനത്തിനും ഒരേ സമയം മുന്നിട്ടിറങ്ങുന്നതിലൂടെ ബെലറൂസിന്, ഇതിനിടയില്‍ ലഭിക്കാവുന്ന വന്‍ സാമ്ബത്തിക ലാഭവും പ്രധാന ലക്ഷ്യമാണ്.

റഷ്യന്‍ സൈനിക സഹകരണം സാമ്ബത്തിക ബാധ്യതയാകുമെന്നും ബലാറസിനെയും റഷ്യ പിടിച്ചടക്കുന്നതിലാകും അത് എത്തിച്ചേരുകയെന്നും ലുക്കാഷെങ്കോ വിമര്‍ശകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അധിനിവേശത്തില്‍ പങ്കാളിയാകുന്നതോടെ രാജ്യം സാമ്ബത്തികമായി തകരുമെന്ന മുന്നിറിയിപ്പ് സാമ്ബത്തിക വിദഗ്ധരും നല്‍കുന്നു. ഇതൊന്നും പക്ഷെ ലുക്കാഷെങ്കോയെ ബാധിക്കുന്നില്ല. കൈയ്യൂക്കുള്ള സുഹൃത്ത് ദുര്‍ബലനായ അയല്‍ക്കാരനെ കൊന്നുതിന്നുന്നത്, ഏകാധിപത്യം നീണാള്‍ നിലനിര്‍ത്താനുള്ള രാഷ്ട്രീയ ഉപായമായും സ്വന്തം ഖജാന നിറക്കാനുള്ള സാമ്ബത്തിക പദ്ധതിയായും മാറ്റുകയാണ് കമ്യൂണിസ്റ്റ് റഷ്യയിലെ ഈ കൂട്ടുകൃഷിക്കാരന്‍.

Post a Comment

0 Comments