മകനോടുള്ള ദേഷ്യത്തിന്റെ പേരില്‍ ഒരു വൃദ്ധപിതാവ് തന്റെ കോടികള്‍ വിലമതിക്കുന്ന സ്വത്ത് സംസ്ഥാനത്തിന് കൈമാറി.
ഛട്ടാ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പീപ്പിള്‍സ് മാണ്ഡിയിലെ താമസക്കാരനാണ് ഗണേഷ് ശങ്കര്‍ പാണ്ഡെ(Ganesh Shankar Pandey). തന്റെ മൂത്തമകന്‍ തന്നെ നിരന്തരം ശല്യപ്പെടുത്തുന്നുവെന്നും, സ്വത്തുക്കള്‍ അവന്റെ പേരില്‍ എഴുതി കൊടുക്കണമെന്നാണ് അവന്റെ ആവശ്യമെന്നും 83 -കാരനായ അദ്ദേഹം പറഞ്ഞു. സ്വത്തിന്റെ പേരിലുള്ള മകന്റെ നിരന്തരമായ ഉപദ്രവം കാരണം അദ്ദേഹം അത് സംസ്ഥാനത്തിന് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. പുകയില വ്യാപാരം നടത്തുന്ന പാണ്ഡെ, സിറ്റി മജിസ്‌ട്രേറ്റ് പ്രതിപാല്‍ സിങ്ങിനു(Magistrate Pratipal Singh) വില്‍പത്രത്തിന്റെ പകര്‍പ്പ് കൈമാറി.
മൂത്തമകന്‍ ദിഗ്‌വിജയും ഭാര്യയും രണ്ട് കുട്ടികളും അദ്ദേഹത്തിനൊപ്പമാണ് താമസിക്കുന്നത്. ദിഗ്‌വിജയ് കുറേ കാലമായി സ്വത്തിന്റെ പേരും പറഞ്ഞ് അദ്ദേഹത്തെ ബുദ്ധിമുട്ടിക്കുന്നു. "എന്റെ മകന്‍ എന്നെ ബഹുമാനിക്കുന്നില്ല. പലപ്പോഴും എന്നോട് മോശമായി പെരുമാറുന്നു. ഞാന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത ബിസിനസ്സ് നോക്കി നടത്താന്‍ ഞാന്‍ അവനോട് പറഞ്ഞു. എന്നാല്‍, അതിലൊന്നും അവന് താല്പര്യമില്ല. പകരം എന്റെ സ്വത്ത് തട്ടിയെടുക്കാനാണ് അവന്‍ ശ്രമിക്കുന്നത്. അതുകൊണ്ടാണ് ഞാന്‍ അത് കൈമാറ്റം ചെയ്യാന്‍ തീരുമാനിച്ചത്. ജില്ലാ മജിസ്‌ട്രേറ്റിന് സ്വത്ത് നല്‍കുക വഴി എന്റെ മരണശേഷം സര്‍ക്കാരിന് അത് ശരിയായി വിനിയോഗിക്കാന്‍ കഴിയും. ജീവിക്കാന്‍ ആവശ്യമായ പണം എന്റെ കൈയിലുണ്ട്" അദ്ദേഹം പറഞ്ഞു.
1983 -ലാണ് അദ്ദേഹവും സഹോദരന്മാരായ നരേഷ് ശങ്കര്‍ പാണ്ഡെയും, രഘുനാഥ്, അജയ് ശങ്കറും ചേര്‍ന്ന് 1,000 ചതുരശ്രയടി ഭൂമി സ്വന്തമാക്കിയത്. ശേഷം, അവരെല്ലാവരും ചേര്‍ന്ന് അവിടെ മനോഹരമായ ഒരു മാളിക പണിതു. നാല് സഹോദരന്മാരുടെയും കുടുംബങ്ങള്‍ ഒരുമിച്ചാണ് അവിടെ താമസിച്ചിരുന്നത്. എന്നാല്‍, പിന്നീട് പരസ്പര ധാരണയോടെ അവര്‍ സ്വത്ത് നാലായി വിഭജിച്ചു. അദ്ദേഹത്തിന് ലഭിച്ച വീതമാണ് ഇപ്പോള്‍ തനിക്ക് വേണമെന്ന് പറഞ്ഞ് മകന്‍ പ്രശ്‌നമുണ്ടാക്കുന്നത്. ലഭ്യമായ വിവരമനുസരിച്ച്, രണ്ട് കോടിയിലധികം രൂപ വിലമതിക്കും അത്. അതേസമയം, മുഴുവന്‍ കാര്യങ്ങളും താന്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് സിറ്റി മജിസ്‌ട്രേറ്റ് പ്രതിപാല്‍ സിംഗ് പറഞ്ഞു.
പാണ്ഡെയുമായി ഈ വിഷയം ഉടന്‍ ചര്‍ച്ച ചെയ്യുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് പ്രഭു എന്‍.സിംഗ് പറഞ്ഞു. അദ്ദേഹത്തിന് ആവശ്യമായ സഹായം ചെയ്തുകൊടുക്കുമെന്നും, അദ്ദേഹം ഔപചാരികമായി പരാതി നല്‍കിയാല്‍, നിയമപ്രകാരം ആവശ്യമായ നടപടി സ്വീകരിക്കുമെന്നും പ്രഭു കൂട്ടിച്ചേര്‍ത്തു.
(ചിത്രം പ്രതീകാത്മകം)
0 Comments