സസ്‌പെന്‍ഷന് പിന്നാലെ 'പോടാ പുല്ലേ' എന്ന് വാട്‌സ്‌ആപ്പ് സ്റ്റാറ്റസ് ഇട്ട് എസ്.ഐ; വിവാദം

 


തിരുവനന്തപുരം: വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചയാളെ സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചതിന് സസ്‌പെന്‍ഷനിലായ എസ്.ഐയുടെ വാട്‌സ്‌ആപ്പ് സ്റ്റാറ്റസ് വിവാദമാകുന്നു.

സസ്‌പെന്‍ഷനിലായ മംഗലപുരം എസ്‌ഐ വി.തുളസീധരന്‍ നായര്‍ തള്ളവിരലുയര്‍ത്തി നില്‍ക്കുന്ന ചിത്രത്തിനു താഴെ 'പോടാ പുല്ലേ' എന്നെഴുതിയതാണ് ചര്‍ച്ചയായിരിക്കുന്നത്. ശനിയാഴ്ചയാണ് തുളസീധരന്‍ നായരെ സസ്‌പെന്‍ഡ് ചെയ്തത്. അന്ന് രാത്രി എട്ടരയ്‌ക്കാണ് പോടാ പുല്ലേ എന്നെഴുതിയ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്തത്. പുത്തന്‍തോപ്പ് ചിറയ്‌ക്കല്‍ ആസിയ മന്‍സിലില്‍ എച്ച്‌.അനസിന് നടുറോഡില്‍ ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ നടപടി സ്വീകരിക്കാത്തതിനും, പ്രതിയെ സഹായിച്ചതിനുമാണ് എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തത്.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് വിദ്യാര്‍ത്ഥിയായ അനസിനെ ഗുണ്ടാ നേതാവ് ഫൈസല്‍ ക്രൂരമായി മര്‍ദിച്ചത്. മര്‍ദനമേറ്റ് നിലത്ത് വീണിട്ടും നിലത്തിട്ട് ചവിട്ടിയും മതിലിനോട് ചേര്‍ത്ത് വച്ച്‌ ഇടിച്ചും പതിനഞ്ച് മിനിറ്റോളമാണ് ക്രൂരത തുടര്‍ന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. പരാതി സ്വീകരിക്കാന്‍ എസ്‌ഐ വിസമ്മതിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. മാത്രമല്ല ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതി ഫൈസലിന് സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയക്കുകയും ചെയ്തു. മാദ്ധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ മേഖല ഡിഐജി സഞ്ജയ്കുമാര്‍ ഗുരുദിന്‍ സ്റ്റേഷനില്‍ നേരിട്ടെത്തി അന്വേഷിച്ചാണ് നടപടി എടുത്തത്.

Post a Comment

0 Comments