ഭീതി പടര്‍ത്തുന്ന കുറുവാസംഘങ്ങള്‍,കവര്‍ച്ചയ്‌ക്കായി, കണ്‍മുന്നില്‍ കാണുന്നതെന്തും തകര്‍ക്കും

 


കോട്ടയം: സ്വര്‍ണവും പണവും കവരാന്‍ കണ്‍മുന്നില്‍ കാണുന്നത്‌ എന്തും തകര്‍ക്കും, അതു മനുഷ്യനാണെങ്കിലും, വാതില്‍ തകര്‍ത്തു മാത്രം അകത്തു കയറും, നിമിഷങ്ങള്‍ക്കൊണ്ടു കവര്‍ച്ച നടത്തി മടങ്ങും.

കഴിഞ്ഞ ദിവസം അതിരമ്ബുഴയില്‍ മോഷണ ശ്രമം നടത്തിയതെന്നു സംശയിക്കുന്ന കുറുവ സംഘത്തിന്റെ രീതിയാണിത്‌. പകല്‍ ഫീല്‍ഡിലിറങ്ങി ഗൃഹപാഠം ചെയ്‌തു രാത്രിയില്‍ ഒരുപോള കണ്ണടയ്‌ക്കാതെ കവര്‍ച്ച ചെയ്‌തു മടങ്ങുന്ന സംഘങ്ങളാണിവര്‍.

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി, സേലം മേഖലകളിലെ തിരുട്ടുഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചുള്ള സംഘങ്ങളാണിത്‌.ധൈര്യവും, കായികശേഷിയും ആവോളമുള്ള സംഘങ്ങളാണെന്നതിനാല്‍ എതിര്‍ത്താല്‍ ജീവന്‍ നഷ്‌ടപ്പെടാനുള്ള സാധ്യത പോലും ഏറെ. ഒരു പ്രദേശത്ത്‌ അഞ്ചോ അതിലധികം ആളുകളോ ആയി എത്തുന്നതാണ്‌ ഇവരുടെ രീതി..

പകല്‍ വസ്‌ത്രവില്‍പ്പന, ആക്രിപ്പെറുക്കല്‍, അമ്മി കല്ലുകൊത്തല്‍, ആയുധങ്ങള്‍ക്കു മൂര്‍ച്ച കൂട്ടാന്‍ എത്തുന്നവര്‍ എന്നിങ്ങനെയുള്ള വ്യാജേന സ്‌ഥലവും വീടുകളും കണ്ടു വയ്‌ക്കും. പുലര്‍ച്ചെ ഒന്നിനു ശേഷം ഇവിടങ്ങളിലെത്തി മോഷണം നടത്തും.

അടിവസ്‌ത്രം മാത്രം ധരിച്ചു മൂഖംമൂടിയണിഞ്ഞ്‌ എത്തുന്ന സംഘം, കാത്തുനില്‍ക്കാതെ വാതില്‍ ഭാരമേറിയെ എന്തെങ്കിലും കൊണ്ട്‌ തകര്‍ത്ത്‌ അകത്തു കയറും.

എതിര്‍ക്കുന്നവരെ കൈയില്‍ കിട്ടുന്ന ആയുധം കൊണ്ടു ആക്രമിക്കും. കൊലചെയ്യാനും മടികാണിക്കില്ല. ഒരു ദിവസം ഒരേ സ്‌ഥലത്ത്‌ ഒന്നിലേറെ വീടുകളില്‍ കവര്‍ച്ച നടത്തുന്നതും ഇവരുടെ രീതിയാണ്‌.

20 മുതല്‍ 60 വയസുവരെയുള്ളവര്‍ ഇവരുടെ സംഘത്തിലുണ്ടാകുമെന്നു തിരുട്ടു ഗ്രാമത്തില്‍ പോയി അന്വേഷണം നടത്തുകയും ഒന്നിലേറെ തവണ ഇത്തരം സംഘങ്ങളെ പിടികൂടുകയും ചെയ്‌തിട്ടുള്ള അന്വേഷണ ഉദ്യോഗസ്‌ഥന്‍ പറഞ്ഞു.ഇരുമ്ബുദണ്ഡും കുന്തവും വാളും അരിവാളും ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായാണു കവര്‍ച്ചയ്‌ക്കെത്തുക.

കവര്‍ച്ച നടത്തിയാല്‍ കിട്ടുന്ന വാഹനത്തില്‍ കയറി ആ രാത്രി തന്നെ തമിഴ്‌നാട്ടിലേക്കു കടക്കാന്‍ ഇവര്‍ ശ്രമിക്കും. ഇതേ സമയം മോഷണ മുതല്‍ കൈമാറുകയും ചെയ്യുന്നതിനാല്‍ പിടിക്കപ്പെട്ടാലും പെട്ടെന്നു തെളിയിക്കാനാവില്ല.

Post a Comment

0 Comments