കൊട്ടിയൂര്‍ പീഡന കേസ്: റോബിന്‍ വടക്കുംചേരിയുടെ ശിക്ഷ പത്തു വര്‍ഷമായി കുറച്ചു

 


ഹൈക്കോടതി: കൊട്ടിയൂര്‍ പിഡന കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ റോബിന്‍ വടക്കുംചേരിക്കു ശിക്ഷയില്‍ ഇളവു നല്‍കി ഹൈക്കോടതി.

വിചാരണക്കോടതി വിധിച്ച ഇരുപതു വര്‍ഷം ശിക്ഷ പത്തു വര്‍ഷമായാണ് ഹൈക്കോടതി കുറച്ചത്. റോബിന്‍ ഒരു ലക്ഷം രൂപ പിഴയൊടുക്കണമെന്നും, റോബിന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവിട്ടു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന കേസില്‍ വൈദികന്‍ ആയിരുന്ന റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവാണ് വിചാരണക്കോടതി വിധിച്ചത്. റോബിന്‍ മൂന്ന് ലക്ഷം രൂപ പിഴ ഒടുക്കണമെന്നും തലശ്ശേരി പോക്‌സോ കോടതി വിധിച്ചിരുന്നു. റോബിന് എതിരായ പോക്‌സോ വകുപ്പുകളും ബലാത്സംഗ കുറ്റവും നിലനില്‍ക്കുമെന്നു ഹൈക്കോടതി കണ്ടെത്തി.


പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ഗര്‍ഭിണിയാക്കി

കംപ്യൂട്ടര്‍ പഠിക്കാനായി എത്തിയ പതിനാറുകാരിയെയാണ് സ്വന്തം മുറിയില്‍ വച്ച്‌ റോബിന്‍ വടക്കുംചേരി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയത്. കൂത്തുപറമ്ബ് ക്രിസ്തുരാജ് ആശുപത്രിയിലായിരുന്നു പെണ്‍കുട്ടിയുടെ പ്രസവം. ചൈല്‍ഡ് ലൈന് ലഭിച്ച രഹസ്യ വിവരം പൊലീസിനു കൈമാറിയതോടെ കേസ് റജിസ്റ്റര്‍ ചെയ്തു. തൊട്ടുപിന്നാലെ ആശുപത്രി അധികൃതരുടെ സഹായത്തോടെ പെണ്‍കുട്ടിയെയും കുഞ്ഞിനെയും വയനാട് വൈത്തിരി ദത്തെടുക്കല്‍ കേന്ദ്രത്തിലാക്കി.

2017 ഫെബ്രുവരിയില്‍ റോബിന്‍ വടക്കുംചേരിയെ കസ്റ്റഡിയിലെടുത്തു. പിന്നാലെ അറസ്റ്റും രേഖപ്പെടുത്തി. ആശുപത്രി അധികൃതര്‍ അടക്കം ആകെ പത്ത് പേര്‍ കേസില്‍ അറസ്റ്റിലായി. എന്നാല്‍ ക്രിസ്തുരാജ് ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരെയും അഡ്മിനിസ്‌ട്രേറ്ററെയും വിടുതല്‍ ഹര്‍ജി അംഗീകരിച്ച്‌ സുപ്രീംകോടതി കുറ്റവിമുക്തരാക്കി.

വിചാരണയ്ക്കിടെ പെണ്‍കുട്ടിയും മാതാപിതാക്കളും കൂറുമാറി. പ്രായപൂര്‍ത്തി ആയെന്നും ഇത് തെളിയിക്കാന്‍ ശാസ്ത്രീയ പരിശോധന വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതേ ആവശ്യവുമായി റോബിനും കോടതിയെ സമീപിച്ചു. ഇരു കൂട്ടരുടെയും ആവശ്യം പോക്‌സോ കോടതി തള്ളുകയായിരുന്നു.

Post a Comment

0 Comments