രണ്ടെണ്ണം അടിച്ചിട്ടാണോ അഭിനയിക്കുന്നത്? ചോദ്യങ്ങളോട് ഷൈന്‍ ടോം ചാക്കോയുടെ മറുപടി

 


മലയാള സിനിമയില്‍ സ്വന്തമായൊരു ഇടം നേടിയെടുത്ത നടനാണ് ഷൈന്‍ ടോം ചാക്കോ. നായകനെന്നോ വില്ലനെന്നോ നോക്കാതെ ഏത് തരത്തിലുള്ള കഥാപാത്രങ്ങളും മികവോടെ അഭിനയിക്കുന്ന ഷൈന്‍ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ്. 

ഈയ്യടുത്ത് പുറത്തിറങ്ങിയ കുറുപ്പ് എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലെ ഷൈന്റെ പ്രകടനവും ഏറെ പ്രശംസ നേടിയിരുന്നു. ഇപ്പോഴിതാ തന്റെ അഭിനയത്തെക്കുറിച്ചും പ്രതികരണങ്ങളെക്കുറിച്ചുമെല്ലാം ഷൈന്‍ ടോം ചാക്കോ മനസ് തുറക്കുകയാണ്. സൗത്ത്‌റാപ്പിന് നല്‍കിയ അഭിമുഖത്തിലാണ് ഷൈന്‍ മനസ് തുറക്കുന്നത്.

സ്ഥിരം നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന താരമാണ് ഷൈന്‍. എന്നാല്‍ ഇത് മൂലം ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമോ എന്ന ചോദ്യത്തിന് ഷൈന്‍ മറുപടി നല്‍കുന്നത് ഇല്ലെന്നാണ്. ഏതെങ്കിലും തരത്തില്‍ വ്യത്യസ്തതയുള്ള കഥാപാത്രങ്ങളെയാണ് ഞാന്‍ ചെയ്യുന്നത്. നെഗറ്റീവ് ഷേഡുള്ളതിലും വ്യത്യാസമുണ്ടാക്കുക എന്നതാണല്ലോ ഒരു അഭിനേതാവ് ചെയ്യേണ്ടത്. ഒരു വില്ലനെ മാത്രമോ, ഒരേ കഥാപാത്രത്തെ മാത്രമോ, ഒരു പൊലീസുകാരനെ മാത്രമോ ചെയ്തുകൊണ്ടിരിക്കുക ഒരിക്കലും സാധ്യമല്ലെന്ന് ഷൈന്‍ പറയുന്നു. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

മമ്മൂട്ടിയും മോഹന്‍ലാലും എത്രയോ പൊലീസ് വേഷങ്ങള്‍ ചെയ്തിട്ടുണ്ട് എന്ന് ഷൈന്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം കഥാകൃത്തുകളുടേയും സംവിധായകരുടേയും കൂടി മികവാണ് വ്യത്യസ്തത കൊണ്ടുവരല്‍. അത്തരം പടങ്ങള്‍ തെരഞ്ഞെടുക്കും. ടൈപ്പ് ആകാതിരിക്കാനാണ് ഏറ്റവും കൂടുതല്‍ നോക്കുന്നതെന്നും താരം പറയുന്നു. അതുകൊണ്ടാണ് ക്രാഫ്റ്റ് ഉള്ള തിരക്കഥാകൃത്തുക്കളുടേയും സംവിധായകരുടേയും കൂടെ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നത്. നമ്മളെ ഇതുവരെ കാണാത്തതും ചെയ്യാത്തതുമായ വേഷങ്ങളാണ് അവര്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. അങ്ങനെ നല്ല കഥാപാത്രങ്ങള്‍ കിട്ടും, അതില്‍ വ്യത്യസ്തയുണ്ടാകുമെന്നും ഷൈന്‍ ടോം ചാക്കോ പറയുന്നു.

പിന്നാലെ തന്നോട് ഒരു അഭിമുഖത്തില്‍ ചോദിച്ച ചോദ്യത്തെക്കുറിച്ചും ഷൈന്‍ ടോം ചാക്കോ പ്രതികരിച്ചു. ഒരു ഇന്റര്‍വ്യൂവില്‍ വന്നിരിക്കുമ്പോള്‍ 'കള്ള് കുടിച്ചിട്ടാണോ? കഞ്ചാവ് വലിച്ചിട്ടാണോ അഭിനയിച്ചത്?' എന്നൊക്കെയാണ് ചില ആളുകള്‍ ചോദിക്കുന്നത് എന്നാണ് ഷൈന്‍ പറയുന്നത്. നമ്മുടെ സമൂഹത്തിന്റെ പ്രത്യേകത അതാണല്ലോ. ഒരുവന്‍ പട്ടിണിയാണോ എന്ന് അന്വേഷിക്കില്ല. കള്ളുകുടിച്ചോ എന്നതിലാണ് ശ്രദ്ധ എന്ന് ഷൈന്‍ പറയുന്നു. രണ്ട് പെഗ് അടിക്കുന്നതേ കാണൂവെന്നും താരം പറയുന്നു. എന്നാല്‍ അതിനെ താന്‍ കാര്യമായി എടുക്കുന്നില്ലെന്നാണ് ഷൈന്‍ പറയുന്നത്.

പല ഇന്റര്‍വ്യൂകളിലായി ഞാന്‍ കാണുന്നു. ഞാന്‍ ഹൈ ആണോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍. 'ഭാസ്‌കര പിള്ളയില്‍ നിന്നും പോരുന്നില്ല. ഇപ്പോഴും രണ്ടെണ്ണം അടിച്ചിട്ടുണ്ട്' എന്നൊക്കെ. കലാകാരന്‍, അവന്റെ വയറ്റിലേക്കൊന്നും ചെന്നില്ലെങ്കിലും പെര്‍ഫോം ചെയ്യും. അവന്‍ ഒന്നും കഴിക്കണമെന്നും കുടിക്കണമെന്നും ഇല്ല. ഇനിയിപ്പോള്‍ എന്തെങ്കിലും കഴിച്ചു, കുടിച്ചു എന്ന രീതിയില്‍ തോന്നലുകളുണ്ടെങ്കില്‍ അത് അവന്റെ പെര്‍ഫോമന്‍സില്‍ നിന്ന് ആളുകളിലേക്ക് എത്തുന്നതാണ്. എന്നാണ് ഷൈന്‍ പറയുന്നത്. പ്രേക്ഷകര്‍ക്ക് അത് ഇഷ്ടപ്പെടുമ്പോള്‍ കിട്ടുന്ന ഒരു ഹൈ ഉണ്ട്. ഇവര്‍ക്ക് അതൊന്നും മനസിലാകുകയേ ഇല്ലെന്നും താരം അത്തരക്കാരെ കുറിച്ചായി പറയുന്നു.

കളള് കുടിച്ചിട്ടാണോ അഭിനയിക്കുന്നത് എന്ന ചോദ്യം ഒരു തരത്തില്‍ അപമാനിക്കലാണെന്നാണ് ഷൈന്‍ പറയുന്നത്. ഒരാളെ അംഗീകരിക്കുകയോ അംഗീകരിക്കാതിരിക്കുകയോ ചെയ്യാം. ഇഷ്ടപ്പെടാം ഇഷ്ടപ്പെടാതിരിക്കാം. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട സാഹചര്യമായിട്ട് പോലും അങ്ങനെ ചോദിക്കുന്നതില്‍ എന്ത് ന്യായീകരണമാണുള്ളത്? എന്ന് ഷൈന്‍ ചോദിക്കുന്നു. അല്ലെങ്കിലും ആ ചോദിക്കുന്നയാള്‍ക്ക് എന്ത് അധികാരമാണുള്ളത്? കലാകാരന്‍ എന്നല്ല ഏതു മനുഷ്യനോടാണെങ്കിലും മറ്റൊരാള്‍ 'കുടിച്ചതോ? കഴിച്ചതോ?' എന്ന് അന്വേഷിക്കേണ്ട കാര്യമില്ല. ഇത്രയും പരിഷ്‌കൃതമായ സമൂഹത്തില്‍ നിന്ന് ഇതൊക്കെ വരുന്നതുകൊണ്ടാണ് ഏറ്റവും വിഷമം എന്നും ഷൈന്‍ കൂട്ടിച്ചേര്‍ക്കുന്നു. കുറുപ്പിന് ശേഷം മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വമാണ് ഷൈന്‍ ടോം ചാക്കോയുടേതായി പുറത്തിറങ്ങാനുള്ളത്. റോയ്, വെള്ളേപ്പം, പട, ജിന്ന്, എന്ന ചിത്രങ്ങളും വിജയ് ചിത്രം ബീസ്റ്റും അണിയറയിലുണ്ട്.

Post a Comment

0 Comments