25,000 രൂപ നിക്ഷേപം നടത്തിയാൽ മതി; 50,000 രൂപ വീതം പ്രതിമാസ വരുമാനം നേടാം


 കുറഞ്ഞ മുതൽ മുടക്കിൽ ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരാണ് മിക്കവരും തന്നെ. ലക്ഷങ്ങൾ ഒന്നും മുതൽ മുടക്കില്ലാതെയും ബിസിനസ് നടത്തി വിജയിപ്പിക്കാം. 

10,000 രൂപ നിക്ഷേപത്തിൽ പോലും ചെറു ബിസിനസ് തുടങ്ങി ലക്ഷങ്ങൾ വരുമാനം നേടിയവര്‍ ഒട്ടേറെ. 25,000 രൂപ നിക്ഷേപം നടത്തിയാൽ പോലും പ്രതിമാസം 40,000 രൂപ, 50,000 രൂപ വരെ വരുമാനം നേടാനാകുന്ന ബിസിനസുകൾ ഉണ്ട്. ഇപ്പോൾ ഏറെ ഡിമാൻഡ് ഉള്ള ഒന്നാണ് കാര്‍ വാഷ് ബിസിനസ്. ഉയരുന്ന കാര്‍ വിൽപ്പന ഈ രംഗത്തെ സാധ്യതകളും ഉയര്‍ത്തുന്നു. കുറ‌ഞ്ഞ മുതൽ മുടക്കിൽ തുടങ്ങി ഡിമാൻഡ് അനുസരിച്ച് ബിസിനസ് വിപുലീകരിക്കാം.


പാര്‍ക്കിങ് സ്ഥാപനങ്ങളിൽ കരാര്‍ ഏറ്റെടുത്താലോ ?

പാര്‍ക്കിങ് സ്പേസുകളിൽ പാര്‍ക്ക് ചെയ്തിരിക്കുന്ന കാറുകൾ വാഷ് ചെയ്ത് നൽകാൻ കരാര്‍ ഏറ്റെടുക്കാം. വൻകിട മാളുകൾ, ടെക്സ്റ്റൈൽ ഷോപ്പുകൾ, റെയിൽ വേ സ്റ്റേഷൻ, തിരക്കുള്ള പാര്‍ക്കിങ് ഏരിയകൾ തുടങ്ങിയ ഇടങ്ങളിൽ എത്തുന്ന കാറുകൾ നിശ്ചിത നിരക്കിൽ കഴുകി നൽകുന്ന ബിസിനസ് എളുപ്പത്തിൽ തുടങ്ങാൻ ആകും. ഇതിന് ഒന്നോ, രണ്ടോ പേരെ ദിവസക്കൂലിയിൽ നിയമിക്കാം. ഗുണമേൻമയുള്ള സേവനങ്ങളാണ് നൽകന്നതെങ്കിൽ കാര്‍ വാഷിങ്ങിനായി ഉപഭോക്താക്കളെ ആകര്‍ഷിക്കാൻ ആകും. പ്രത്യേകിച്ച് നഗര പ്രദേശങ്ങളിൽ. കുറഞ്ഞ ചെലവിൽ ഇതിനായുള്ള മെഷീനുകൾ വാടകയ്ക്ക് എടുക്കുകയോ സെക്കൻഡ് ഹാൻഡ് മെഷീൻ വാങ്ങുകയോ ചെയ്യാം. 2 എച്ച്പി മെഷീനുകൾ 15,000 രൂപ മുതൽ മുടക്കിലും വാങ്ങാൻ കഴിയും.


150 രൂപ മുതൽ 450 രൂപ വരെ ഫീസ്

വാഹനം കാര്‍ വാഷിന് നൽകുമ്പോൾ വാഹനവും സ്ഥാപനവും ഒക്കെ അനുസരിച്ച് 150 രൂപ മുതൽ 450 രൂപ വരെയൊക്കെ കാര്‍ വാഷിന് ഫീസ് ഈടാക്കാറുണ്ട്. എസ്‍യുവികൾ, സെഡാൻ ലക്ഷ്വറി വാഹനങ്ങൾ എന്നിവക്ക് ഉയര്‍ന്ന നിരക്ക് ഈടാക്കാറുണ്ട്. എങ്കിലും നഗരങ്ങളിൽ സാധാരണ കാറുകൾക്ക് ശരാശരി 250-300 രൂപ വരെ ലഭിക്കും.

ദിവസവും ഏഴ് എട്ട് കാറുകൾ കഴുകി നൽകിയാൽ തന്നെ രണ്ടായിരം രൂപയിൽ ഏറെ ലഭിക്കും. കാറുകൾക്കൊപ്പം തന്നെ ബൈക്കുകളും കഴുകി നൽകാം.കുറഞ്ഞ മുതൽ മുടക്കിൽ തുടങ്ങി പ്രതിമാസം 40,000 രൂപ മുതൽ 50,000 രൂപ വരെ നേടാൻ സഹായകരമായ ഒരു ബിസിനസ് ആണിത്. സാധ്യതകൾ അനുസരിച്ച് വാണിജ്യാടിസ്ഥാനത്തിൽ ബിസിനസ് വിപുലീകരിച്ച് ലക്ഷങ്ങൾ വരുമാനവും നേടാം.


കൂടുതൽ തുക മുതൽ മുടക്കാമോ ?

കുറച്ചധികം തുക ഈ രംഗത്ത് നിക്ഷേപിക്കാൻ തയ്യാറാണെങ്കിൽ കാര്‍ വാഷിങ്രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനികളുടെ ഫ്രാഞ്ചൈസി എടുക്കാം. വിദേശ രാജ്യങ്ങളിൽ മിസ്റ്റര്‍ ക്ലീൻ, ടോമീസ് എക്സ്പ്രസ് തുടങ്ങി വൻകിട കമ്പനികൾ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. വൻകിട കമ്പനികളുടെ ഫ്രാഞ്ചൈസി എടുക്കാനായാൽ ആ ബ്രാൻഡ് വാല്യൂ നേട്ടമാകും. അതല്ല ഈ രംഗത്ത് ഒരു സ്വന്തം സംരംഭം ആണ് ലക്ഷ്യമെങ്കിൽ 10,000 സ്ക്വയര്‍ ഫീറ്റ് സ്ഥാലത്ത് സ്വന്തം ബിസിനസ് തുടങ്ങാം. അനുയോജ്യമായ സ്ഥലമുള്ളവരാണെങ്കിൽ കുറഞ്ഞ മുതൽ മുടക്കിൽ തന്നെ ബിസിനസ് തുടങ്ങാം.

2021 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ യാത്രാ വാഹന വിൽപ്പന 27.11 ലക്ഷം യൂണിറ്റുകളുടേതാണ്. ഇരുചക്ര വാഹനങ്ങൾ 151.19 ലക്ഷം യൂണിറ്റുകളും വാണിജ്യ വാഹനങ്ങൾ 5.69 ലക്ഷം യൂണിറ്റുകളും ആണ് വിറ്റഴിച്ചത്. 2019-20ൽ മൊത്തം യാത്ര വാഹന വിൽപ്പന 28 ലക്ഷമായിരുന്നു. കൊവിഡ് പ്രതിസന്ധിയും ലോക്ക്ഡൗണും ഒക്കെ മൂലം വിൽപ്പന കുറഞ്ഞെങ്കിലും വരും വര്‍ഷങ്ങളിൽ വിൽപ്പന ഉയര്‍ന്നേക്കാം എന്നത് ഈ രംഗത്തെ സാധ്യതകളും ഉയര്‍ത്തുന്നു.

Post a Comment

0 Comments