വെറും ആറ് രൂപക്ക് താറാവിന്റെ മുട്ട; പുഴുങ്ങാതെ തന്നെ തോട് പൊളിക്കാം; ഉള്ളില്‍ മഞ്ഞക്കരുവും വെള്ളക്കരുവും പ്രത്യേകമില്ല; നാം കഴിക്കുന്നത് പ്ലാസ്റ്റിക് മുട്ടയോ? അന്വേഷണവുമായി ആരോ​ഗ്യ വകുപ്പ്

 


കണ്ണുര്‍: നാം കഴിക്കുന്നത് പ്ലാസ്റ്റിക് മുട്ടകളോ? പ്ലാസ്റ്റിക് മുട്ടകള്‍ സംസ്ഥാനത്തെ വിപണികളില്‍ സജീവമായി എത്തുന്നു എന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്.കഴിഞ്ഞ ദിവസം കണ്ണൂര്‍ പേരാവൂര്‍ കണ്ടപ്പുനത്ത് പിടിച്ചെടുത്ത മുട്ടകളുടെ പരിശോധനാ ഫലം ഇന്ന് വൈകുന്നേരത്തോടെ ലഭിക്കുന്നതോടെ ഇത് സംബന്ധിച്ച ഔദ്യോ​ഗിക സ്ഥിരീകരണം ലഭിക്കും.

ഞായറാഴ്‌ച്ച ഉച്ചയോടെയാണ് ആന്ധ്രാപ്രദേശ് രജിസ്‌ട്രേഷനിലുള്ള വാഹനം പേരാവൂര്‍ കണ്ടപ്പുനത്ത് താറാവിന്റെ മുട്ടയുമായി എത്തിയത്. ഒരെണ്ണത്തിന് ആറുരൂപ നിരക്കിലായിരുന്നു വില്പന. മുട്ടയുടെ വിലക്കുറവ് സംബന്ധിച്ച്‌ സംശയമുയര്‍ന്നതോടെ കണ്ടപ്പുനം സ്വദേശി ചേലാട്ട് സനല്‍ മുട്ട വാങ്ങി പൊട്ടിച്ച്‌ നോക്കി. മുട്ടപൊട്ടിക്കുന്നത് കണ്ടതോടെ ഡ്രൈവര്‍ വാഹനവുമായി കേളകം ഭാഗത്തേക്ക് പോകുകയായിരുന്നു.

പൊട്ടിച്ച മുട്ടയ്ക്കുള്ളില്‍ മഞ്ഞക്കരുവും വെള്ളയും തമ്മില്‍ വേര്‍തിരിവില്ലായിരുന്നു. ഒരുതരം കലങ്ങിയ ദ്രാവക രൂപത്തിലായിരുന്നു മുട്ട. തോടും വെള്ളയും തമ്മില്‍ വേര്‍തിരിക്കുന്ന പാടയാകട്ടെ പ്ലാസ്റ്റിക്കിനു സമാനവും. ഇത് കത്തിച്ചു നോക്കിയപ്പോള്‍ പ്ലാസ്റ്റിക്ക് കത്തുന്ന ഗന്ധവും അനുഭവപ്പെട്ടു. മുട്ടയുടെ തോട് പുഴുങ്ങാതെ തന്നെ പൊളിക്കാനാകുമെന്നതാണ് മറ്റൊരു കൗതുകം. തോട് പൊളിച്ചു കഴിഞ്ഞാല്‍ ഒരു തരം റബര്‍ ഉത്പന്നം പോലെയായിരുന്നു. സംശയം തോന്നിയ സനലും സുഹൃത്ത് തെക്കേടത്ത് സന്ദീപും കണിച്ചാര്‍ വരെ മുട്ട വാഹനം അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. തുടര്‍ന്ന് കേളകം പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പിന്നീട് ഞായറാഴ്‌ച്ചവൈകുന്നരത്തോടെ അമ്ബായത്തോട്ടില്‍ നേരത്തെ കണ്ടപ്പുനത്തെത്തിയ വാഹനവും മറ്റു രണ്ടു വാഹനങ്ങളും കണ്ടതോടെ നാട്ടുകാര്‍ തടഞ്ഞിടുകയായിരുന്നു. കേളകം പൊലീസും സ്ഥലത്തെത്തി. മുട്ട പ്രാഥമികമായി പരിശോധിച്ചപ്പോള്‍ കണ്ടപ്പുനത്ത് പരിശോധിച്ച മുട്ടയുടെ സമാനമായിരുന്നു. പല മുട്ടകളും അടയാളപ്പെടുത്തിയ നിലയിലുമായിരുന്നു. കൂടുതല്‍ പരിശോധനയ്ക്കായി പൊലീസ് മുട്ടകള്‍ ശേഖരിച്ച്‌ ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ദുരൂഹത നീക്കണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Post a Comment

0 Comments