ഹോട്ടലില്‍ ഹെല്‍പ്പര്‍ ജോലി ചെയ്ത് മകനെ പഠിപ്പിച്ചു; ജെഇഇ പരീക്ഷയില്‍ മികച്ച വിജയം സ്വന്തമാക്കി അരുണ്‍ കുമാര്‍


 

അടിമുടി പ്രചോദനം നിറഞ്ഞതാണ് ചിലരുടെ ജീവിതകഥ. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്ബ് വരെ ഐഐടി എന്ന് കേട്ടുകേള്‍വി പോലുമില്ലാത്ത ഒരു നാട്ടില്‍ നിന്ന് ഒരു ചെറുപ്പക്കാരന്‍ ഐഐടിയില്‍ (IIT) ഉന്നതവിദ്യാഭ്യാസത്തിനൊരുങ്ങുകയാണ്.ട്രിച്ചിയിലെ ഒരു കു​ഗ്രാമത്തില്‍ നിന്നാണ് പി അരുണ്‍കുമാര്‍ (P Arunkumar) എന്ന വിദ്യാര്‍ത്ഥിയുടെ ജീവിതം ആരംഭിക്കുന്നത്.

 ഇക്കഴിഞ്ഞ ജെഇഇ പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ 12175ാമത്തെയും ഒബിസി എന്‍സിഎല്‍ വിഭാ​ഗത്തില്‍ 2503ാം റാങ്കുമാണ് അരുണ്‍ കുമാര്‍ നേടിയിരിക്കുന്നത്. ഏറ്റവും പരിമിതമായ സാഹചര്യങ്ങളെയും പ്രതിസന്ധികളെയും മറികടന്നാണ് അരുണിന്റെ ഈ വിജയത്തിളക്കം. ഹോട്ടല്‍ തൊഴിലാളിയാണ് അരുണ്‍കുമാറിന്റെ അച്ഛന്‍ പൊന്നള​ഗന്‍. ട്രിച്ചി ന​ഗരത്തില്‍ നിന്ന് 50 കിലോമീറ്റര്‍ ​ദൂരം കരടിപ്പെട്ടിയാണ് അരുണ്‍കുമാറിന്റെ ​ഗ്രാമം.

സ്കൂള്‍ വിദ്യാഭ്യാസ വകുപ്പും ‍ജില്ലാഭരണകൂടവും ചേര്‍ന്നാണ് അരുണ്‍കുമാറിനെ ജെഇഇ പരീക്ഷാ പരിശീലനത്തിനായി തെരഞ്ഞെടുത്തത്. സാമ്ബത്തികമായി പിന്നാക്കെ നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ മത്സരപരീക്ഷകളില്‍ പങ്കെടുപ്പിക്കാന്‍ വേണ്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാ​ഗമായിട്ടായിരുന്നു ഇത്. സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും തന്റെ പഠനത്തില്‍ മികവ് പുലര്‍ത്താന്‍ ഈ വിദ്യാര്‍ത്ഥി ശ്രദ്ധിച്ചിരുന്നു. മാതാപിതാക്കളും രണ്ട് സഹോദരിമാരും മുത്തശ്ശിയുമാണ് അരുണ്‍കുമാറിനുള്ളത്. ഒരു ദിവസം അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോളിലൂടെയാണ് അരുണ്‍ കോച്ചിം​ഗ് ക്ലാസില്‍ പങ്കെടുത്തുകൊണ്ടിരുന്നത്. നെറ്റ് വര്‍ക്ക് പ്രശ്നമുള്ള പ്രദേശമാണ് അരുണിന്റെ ​ഗ്രാമം.

പിന്നീട് പൊന്നള​ഗന്‍ മകന്റെ ഓണ്‍ലൈന്‍ പഠനത്തിനായി ഒരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കി. കാഞ്ചീപുരത്തെ ഹോട്ടലുകളില്‍ ഹെല്‍പ്പര്‍ ജോലി ചെയ്താണ് പൊന്നള​ഗന്‍ മകനെ പഠിപ്പിച്ചത്. മകന് മികച്ച വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം ഉറപ്പാക്കിയിരുന്നു. സ്വകാര്യ സ്കൂളിലെ ഫീസ് താങ്ങാന്‍ സാധിക്കാതെ വന്ന സാഹചര്യത്തിലാണ് മകനെ സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ത്തത്. അവനെ സാധിക്കുന്ന വിധത്തില്‍ പഠിപ്പിക്കണമെന്നായിരുന്നു ആ​ഗ്രഹം. പൊന്നള​ഗന്‍ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ സീറ്റ് അലോട്ട്മെന്റ് പ്രകാരം അരുണിന് ഐഐടികളിലൊന്നില്‍ സീറ്റ് ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കോര്‍ഡിനേറ്ററായ എസ് രോഹിത് പറഞ്ഞു. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളില്‍ നിന്ന് ജെഇഇ പരീക്ഷ പാസ്സാകുന്ന ആദ്യത്തെ വിദ്യാര്‍ത്ഥിയാണ് അരുണ്‍കുമാര്‍ എന്ന് ഹെഡ്മിസ്ട്രസ് അമുദ ഭാരതി വ്യക്തമാക്കി. 2019 വരെ ഐഐടികളെക്കുറിച്ച്‌ തനിക്കൊന്നും അറിയില്ലായിരുന്നുവെന്ന് അരുണ്‍കുമാര്‍ തുറന്നു പറയുന്നു. മികച്ച പരിശീലനവും നിര്‍ദ്ദേശങ്ങളും എല്ലാത്തിനുമുപരി വീട്ടുകാരും അധ്യാപകരും എന്നിലര്‍പ്പിച്ച വിശ്വാസവുമാണ് ഇത്രയും മികച്ച വിജയം നേടാന്‍ സഹായിച്ചതെന്ന് അരുണ്‍ പറയുന്നു.

Post a Comment

0 Comments