ദത്ത് നടപടി നിര്‍ത്തിവെക്കണം; സര്‍ക്കാര്‍ കോടതിയില്‍, അനുപമയ്ക്ക് കുഞ്ഞിനെ തിരിച്ചുകിട്ടാന്‍ വഴി തെളിയുന്നു

 


തിരുവനന്തപുരം: അനുപമയ്ക്ക് (Anupama) കുഞ്ഞിനെ തിരിച്ചുകിട്ടാന്‍ വഴി തെളിയുന്നു. കോടതിയില്‍ ദത്ത് നടപടി (Adoption) തല്‍ക്കാലം നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടും.സര്‍ക്കാര്‍ ശിശുക്ഷേമ സമിതിക്കും വനിതാ ശിശു വികസന (CWC) ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി.

 വഞ്ചിയൂര്‍ കുടുംബ കോടതിയിലാണ് ദത്ത് നടപടികളില്‍ അന്തിമ വിധി പുറപ്പെടുവിക്കാന്‍ മാറ്റിവെച്ചിരിക്കുന്നത്. സര്‍ക്കാരും ശിശുക്ഷേമ സമിതിയും ഹര്‍ജിയില്‍ തല്‍ക്കാലം തുടര്‍ നടപടി സ്വീകരിക്കരുതെന്ന് ആവശ്യപ്പെടും. കുഞ്ഞിന്‍റെ അമ്മ അവകാശ വാദവുമായി വന്നിട്ടുണ്ടെന്നും വിഷയം വിവാദമായി നിലനില്‍ക്കുന്നുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കും. ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് (Veena George)നിര്‍ണായക ഇടപെടല്‍ നടത്തിയത്.

അതേസമയം, സംഭവത്തില്‍ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങി. പ്രാഥമിക അന്വേഷണത്തിന്‍റെ ആദ്യഘട്ടം പിന്നിടുന്നു. ശിശു ക്ഷേമ സമിതിക്ക് സംഭവിച്ചതെന്ന് ഗുരുതര വീഴ്ചയാണെന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞിനെ കണ്ടെത്താന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി നടപടി എടുത്തില്ല. മുഴുവന്‍ ജീവനക്കാരില്‍ നിന്നും മൊഴിയെടുത്ത ശേഷമാകും അധിമ നിഗമനത്തിലെത്തുക. ആണ്‍കുഞ്ഞിനെ രജിസ്റ്ററില്‍ പെണ്‍കുഞ്ഞാക്കിയതിന് പിന്നിലും ദുരൂഹതയുണ്ടോയെന്നും സംശയമുണ്ട്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22 ന് പ്രസവിച്ച ശേഷം ആശുപത്രിയില്‍ നിന്നും മടങ്ങും വഴി തിരുവനന്തപുരം ജഗതിയില്‍ വെച്ച്‌ തന്‍റെ അമ്മയും അച്ഛനും ചേര്‍ന്ന് കു‍ഞ്ഞിനെ ബലമായി എടുത്തുകൊണ്ടുപോയി എന്നായിരുന്നു മുന്‍ എസ്‌എഫ്‌ഐ നേതാവ് അനുപമയുടെ പരാതി. ഏപ്രില്‍ 19 ന് പേരൂര്‍ക്കട പൊലീസിലാണ് അനുപമ ആദ്യ പരാതി നല്‍കിയത്. പിന്നീടങ്ങോട്ട് ഡിജിപി, മുഖ്യമന്ത്രി, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി, സിപിഎം നേതാക്കള്‍ തുടങ്ങി എല്ലാവര്‍ക്കും പരാതി നല്‍കി. പക്ഷേ കുട്ടി ദത്ത് പോകുന്നവരെ എല്ലാവരും കണ്ണടച്ചു. ഒടുവില്‍ ഏഷ്യാനെറ്റ് ന്യൂസ് ഒക്ടോബര്‍ 14 ന് വാര്‍ത്ത പുറത്ത് കൊണ്ടുവന്നതിന് പിന്നാലെയാണ് പരാതി കിട്ടി ആറ് മാസത്തിന് ശേഷം പൊലീസ് എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്തത്. ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയും തുടര്‍വാര്‍ത്തകളും അമ്മയുടെ ദുരവസ്ഥ കൂടുതല്‍ പുറത്ത് കൊണ്ടുവരികയും വിവാദം ശക്തമാകുകയും ചെയ്തതോടെയാണ് അധികൃതര്‍ കണ്ണ് തുറന്നത്.

തുടക്കം മുതല്‍ ഒളിച്ചുകളിച്ച പൊലീസും ഇപ്പോള്‍ അന്വേഷണം സജീവമാക്കിയിട്ടുണ്ട്. അഡോപ്ഷന്‍ ഏജന്‍സി, അനുപമ പ്രസവിച്ച നെയ്യാര്‍ മെഡിസിറ്റി തുടങ്ങിയ ഇടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കുഞ്ഞിനെ ദത്ത് നല്‍കിയതുമായി ബന്ധപ്പെട്ട് കേന്ദ്ര അഡോപ്ഷന്‍ റിസോഴ്സ് സമിതിക്ക് പൊലീസ് കത്ത് നല്‍കിയിട്ടുണ്ട്. 2020 ഒക്ടോബര്‍ 19 നും 25 നും ഇടയില്‍ ലഭിച്ച കുട്ടികളുട വിവരം നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്.

Post a Comment

0 Comments