കൊച്ചി: ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത ഐ ഫോണിന് പകരം സോപ്പും അഞ്ച് രൂപയുടെ നാണയവും ലഭിച്ചയാളുടെ പണം തിരിച്ചുകിട്ടി.എറണാകുളം റൂറല്‍ ജില്ല സൈബര്‍ പൊലീസിന്‍റെ ഇടപെടലിലാണ് നഷ്ടപ്പെട്ട തുക മുഴുവന്‍ തിരികെ ലഭിച്ചത്.
പ്രവാസിയായ തോട്ടുമുഖം നൂറല്‍ അമീനാണ് ആമസോണില്‍ 70,900 രൂപയുടെ ഐഫോണ്‍ ഒക്ടോബര്‍ പത്തിന് മുഴുവന്‍ തുകയും അടച്ച് ബുക്ക് ചെയ്തത്. ഡെലിവറി ബോയി കൊണ്ടുവന്ന പാഴ്‌സല്‍ പൊട്ടിച്ചപ്പോള്‍ ഫോണ്‍ കവറിനകത്ത് സോപ്പും നാണയവുമായിരുന്നു. ഡെലിവറി ബോയിയുടെ സാന്നിധ്യത്തില്‍ പായ്ക്കറ്റ് തുറക്കുന്നത് നൂറുല്‍ വീഡിയോയില്‍ ചിത്രീകരിച്ചിരുന്നു.
നൂറല്‍ അമീന്‍ നല്‍കിയ പരാതിയില്‍ സൈബര്‍ പൊലീസാണ് കേസെടുത്തത്. പൊലീസിന്‍റെ അന്വേഷണത്തില്‍, അമീന് ലഭിച്ച കവറിലെ ഐ.എം.ഇ.ഐ നമ്ബറിലുള്ള ഫോണ്‍ സെപ്റ്റംബര്‍ 25 മുതല്‍ ഝാര്‍ഖണ്ഡില്‍ ഉപയോഗിക്കുന്നതായി കണ്ടെത്തി. നൂറുല്‍ അമീന്‍ ഫോണ്‍ ബുക്ക് ചെയ്യുന്നതിനും 15 ദിവസം മുമ്ബേ ആയിരുന്നു ഇത്. ആപ്പിളിന്‍റെ സൈറ്റില്‍ ഫോണ്‍ സെപ്റ്റംബര്‍ പത്തിനാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഡീലറുമായി പൊലീസ് ബന്ധപ്പെട്ടപ്പോള്‍ പണം തിരികെ നല്‍കാമെന്ന് സമ്മതിച്ചു. കഴിഞ്ഞ ദിവസം നൂറുല്‍ അമീന്‍റെ അക്കൗണ്ടില്‍ പണം തിരികെയെത്തി. എങ്കിലും അന്വേഷണം തുടരുന്നുണ്ട്.
കഴിഞ്ഞ മാസം പറവൂരിലെ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ത്ഥി ഒന്നേകാല്‍ ലക്ഷം രൂപ വിലയുള്ള ലാപ്‌ടോപ് ബുക്ക് ചെയ്തപ്പോള്‍ ലഭിച്ചത് പാക്ക് ചെയ്ത ന്യൂസ് പേപ്പറുകളായിരുന്നു. ഇവര്‍ക്കും റൂറല്‍ ജില്ലാ പൊലീസ് ഇടപെട്ട് പണം തിരികെ വാങ്ങി നല്‍കി. ഇതിന്‍റെ അന്വേഷണവും പുരോഗമിക്കുകയാണ്.
0 Comments