മുളകുപൊടി വിതറി; സിഗരറ്റ് കൊണ്ട് പൊള്ളലേല്‍പ്പിച്ചു; പൂജപ്പുര ഇരട്ടക്കൊലയില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍

 


തിരുവനന്തപുരം: പൂജപ്പുര മുടവന്‍മുഗളില്‍ ഭാര്യാപിതാവിനെയും സഹോദരനെയും കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അരുണിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ അപര്‍ണ രംഗത്ത്.ജനനേന്ദ്രിയത്തില്‍ മുളകുപൊടി വിതറിയെന്നും സിഗരറ്റ് ഉപയോഗിച്ച്‌ പൊള്ളലേല്‍പ്പിച്ചുവെന്നും അപര്‍ണ 'വണ്‍ ഇന്ത്യ മലയാള'ത്തോട് പറഞ്ഞു.

സ്ത്രീധനം കുറഞ്ഞുവെന്ന് പറഞ്ഞ് പലതവണ പീഡിപ്പിച്ചിരുന്നതായും അപര്‍ണ പറയുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പ്രതിയായ അരുണ്‍ ഭാര്യ പിതാവിനെയും സഹോദരനെയും കൊലപ്പെടുത്തിയത്.നാടിനെ നടുക്കിയ കൊലപാതകത്തില്‍ നിന്ന് ഇനിയും മുടവന്‍മുഗള്‍ ഗ്രാമം മുക്തമായിട്ടില്ല. കൊലപാതകത്തെ കുറിച്ചും പ്രതി അരുണിന്‍്റെ ക്രൂരമായ സമീപനങ്ങളെക്കുറിച്ചും അപര്‍ണ വണ്‍ ഇന്ത്യ മലയാളത്തോട് തുറന്നു പറഞ്ഞു. അപര്‍ണയുടെ വാക്കുകളിലേക്ക്:അരുണ്‍ തന്‍്റെ കുഞ്ഞിന് പോലും ചിലവിന് നല്‍കാതെയാണ് എപ്പോഴും മദ്യപാനിയായി കുടിച്ചുകൊണ്ട് ബഹളം ഉണ്ടാക്കുന്നത്. തന്നെയും കുഞ്ഞിനെയും ഉപദ്രവിക്കാറുണ്ട്. സംഭവം നടന്ന ദിവസം തന്നെ പുലര്‍ച്ചെ രണ്ടു മണിവരെ മര്‍ദ്ദിച്ചിരുന്നു. വായില്‍ പുതപ്പെടുത്ത് തിരുകി കയറ്റി ശരീരമാസകലമാണ് മര്‍ദ്ദിച്ചത്.തന്നെ ഉപദ്രവിക്കരുതെയെന്ന് കുഞ്ഞ് ഉറക്കെ നിലവിളിച്ചു കരഞ്ഞു പറഞ്ഞെങ്കിലും അരുണ്‍ അതിന് കൂട്ടാക്കിയില്ല.

മിക്കദിവസങ്ങളിലും അരുണ്‍ മദ്യപിച്ചുകൊണ്ട് ഉപദ്രവിക്കാറുണ്ട്. മര്‍ദ്ദനവിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. അരുണിന്‍്റെ ഉപദ്രവം കാരണം നാക്ക് പോലും കുഴഞ്ഞു. ഒന്നും സംസാരിക്കാനാകുന്നില്ല. അത്രമേല്‍ പലകുറി ഉപദ്രവിച്ചിട്ടുണ്ട്. എങ്കിലും, അതെല്ലാം നാലുവര്‍ഷത്തോളം സഹിക്കുകയും ക്ഷമിക്കുകയും പൊറുക്കുകയും ചെയ്തു.

ഫോണിലൂടെ അസഭ്യവര്‍ഷം നടത്താറുണ്ട്. വിദ്യാരംഭത്തിന് കുഞ്ഞിനെ എഴുത്തിനിരുത്തണമെന്ന് പറഞ്ഞെങ്കിലും തനിക്ക് അതിന് വയ്യെന്ന് പറഞ്ഞ് കാശും തരാതെ ഒഴിഞ്ഞുമാറി. അരുണിന്‍്റെ മര്‍ദ്ദനം നിരന്തരം തുടര്‍ന്നപ്പോള്‍ തന്‍്റെ വീട്ടില്‍ അറിയിച്ചു. വിവാഹ ബന്ധം വേര്‍പെടുത്താന്‍ വരെ തയ്യാറാണെന്ന് വീട്ടുകാരോട് പറഞ്ഞു.

അപ്പോള്‍, തന്‍്റെ വീട്ടുകാര്‍ കുറച്ചുകൂടി സഹിച്ച്‌ മുന്നോട്ടു പോകാനാണ് തന്നോട് പറഞ്ഞത്. ''നീ ഭര്‍ത്താവിന്‍്റെ വീട്ടില്‍ നിന്ന് ഞങ്ങളുടെ വീട്ടില്‍ വന്നു നില്‍ക്ക്, അപ്പോള്‍ അവന്‍്റെ സ്വഭാവം കുറച്ചുനാള്‍ കഴിയുമ്ബോള്‍ ശരിയാകും'' എന്നായിരുന്നു തന്‍്റെ വീട്ടുകാരുടെ മറുപടി.

കൊലപാതകം നടന്ന ദിവസം മുണ്ടും ഷര്‍ട്ടും ധരിച്ച്‌ അരുണ്‍ വീട്ടിലേക്ക് വന്നു. ഓടി വന്ന പാടെ മകള്‍ അച്ഛനടുത്തേക്ക് പോയി. മകളെ എടുത്തെങ്കിലും അരുണ്‍ താഴെയിട്ടു. താന്‍ ചോദിച്ചപ്പോള്‍ മകള്‍ താഴെ വീണതാണ് എന്നാണ് പറഞ്ഞത്. ഉടന്‍ തന്നെ വിദ്യാരംഭ ചടങ്ങുകള്‍ക്കായി 500 രൂപ തന്‍്റെ കയ്യില്‍ വച്ചുതന്നു. ആ കാശ് വിദ്യാരംഭ ചടങ്ങുകള്‍ക്കായി തന്‍്റെ സഹോദരന്‍്റെ കയ്യിലേക്ക് കൊടുത്തു. അത് വീണ്ടും അരുണിന് തിരികെ കൊടുത്താല്‍ അതിലും കുടിക്കും. കിട്ടുന്ന കാശ് മുഴുവന്‍ കുടിച്ചു തീര്‍ക്കുകയാണ് പതിവ്.

വിവാഹ ബന്ധം വേര്‍പെടുത്താന്‍ തന്നെയാണ് തീരുമാനമെന്ന നിലപാടില്‍ അപര്‍ണ ഉറച്ചുനിന്നു. വീട്ടില്‍ നിന്ന് ഇറങ്ങി പോയെങ്കിലും അരമണിക്കൂറിനു ശേഷം വീണ്ടും കയറിവന്നു. കയ്യില്‍ കത്തിയും കരുതിയായിരുന്നു അരുണിന്‍്റെ വരവ്. വീട്ടില്‍ അച്ഛനും അമ്മയും സഹോദരനും മകളുമുണ്ടായിരുന്നു.

പ്രകോപിതനായ അരുണ്‍ ഹെര്‍ണിയ രോഗത്തിന്‍്റെ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയില്‍ കഴിയുകയായിരുന്ന പാവം എന്‍്റെ അച്ഛനെ രണ്ട് തവണ കുത്തി. അച്ഛന്‍ ഉടന്‍ തന്നെ ബോധരഹിതനായി. അടുക്കളയില്‍ അടുപ്പിന് സമീപമാണ് അച്ഛന്‍ കുത്തേറ്റ് വീണത്. ഉടന്‍ തന്നെ ഓടിച്ചെന്ന് അനിയനെ പിടിച്ചു. കലിപൂണ്ട അരുണ്‍ തന്നെയും മര്‍ദ്ദിച്ച്‌ അവശയാക്കി.

തന്‍്റെ ശരീരത്തില്‍ കൂടി ചവിട്ടിക്കയറി തന്നെയും തള്ളിയിട്ടാണ് അനുജനെ കൊലപ്പെടുത്തുന്നത്. കഴുത്തിലാണ് കുത്തിപരിക്കേല്‍പ്പിച്ചത്. അച്ഛന് പിന്നാലെ അനുജനും തന്നെ വിട്ട് പോയി. പല തവണ ജനനേന്ദ്രിയത്തില്‍ മുളകുപൊടി വിതറി, സിഗരറ്റ് ഉപയോഗിച്ച്‌ പൊള്ളലേല്‍പ്പിക്കുകയും പതിവായിരുന്നു. സ്ത്രീധനം കുറഞ്ഞുവെന്ന് പറഞ്ഞ് പലതവണ പീഡിപ്പിച്ചിരുന്നു. ജാതിപരമായും വര്‍ണ്ണപരമായുള്ള കളിയാക്കലുകള്‍ക്കും വിധേയമായിട്ടുണ്ട്.

അരുണിന്‍്റെ അച്ഛനും ഭാര്യയുടെ സഹോദരനും തങ്ങള്‍ എന്തു കാര്യത്തില്‍ അടിപെട്ടാലും രക്ഷപ്പെടുത്തുമെന്ന വിചാരം അയാള്‍ക്കുണ്ടായിരുന്നു. അതൊക്കെ ഏതു കുറ്റകൃത്യത്തില്‍ നിന്നും രക്ഷപ്പെടുന്നതിന് ബലമായി. നേരത്തെ, നെടുമങ്ങാട് കോടതിയില്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് അരുണിന്‍്റെ പേരില്‍ കേസുണ്ട്.

അതില്‍ പ്രതിപ്പട്ടികയിലാണ്. കേസില്‍ ഒരു ദിവസം ജയിലില്‍ കിടന്നു. അടുത്തദിവസം അരുണിന്‍്റെ അച്ഛന്‍ മജിസ്ട്രേറ്റിന്‍്റെ കാലുപിടിച്ചാണ് ജാമ്യം അനുവദിച്ചത്. വണ്‍ ഇന്ത്യ മലയാളത്തോട് സംസാരിച്ചപ്പോള്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് അരുണിനെതിരെ ഭാര്യ അപര്‍ണ തുറന്നുപറഞ്ഞ്.

ഇക്കഴിഞ്ഞ 12ന് രാത്രി 9 മണിയോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അപര്‍ണയുടെ അച്ഛന്‍ സുനില്‍കുമാര്‍ മകന്‍ അഖില്‍ എന്നിവരാണ് അരുണിന്‍്റെ കുത്തേറ്റ് മരിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി നേരത്തെ റിമാന്‍ഡ് ചെയ്തിരുന്നു.

Post a Comment

0 Comments