ലണ്ടന്‍ : ബാറുകളിലും നൈറ്റ്ക്ലബ്ബുകളിലും വച്ച് പെണ്‍കുട്ടികളെ അവരറിയാതെ മയക്കുമരുന്ന് നല്‍കിയുള്ള പീഡനങ്ങള്‍ ബ്രിട്ടനില്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്.നോട്ടിംഗ്ഹാം, എഡിന്‍ബര്‍ഗ്, ഡണ്ടി എന്നിവയുള്‍പ്പെടെ യുകെയില്‍ വിവിധ ഭാഗങ്ങളില്‍ നിന്നും ഇത്തരം കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
പെണ്‍കുട്ടികളുടെ കാലിലും കൈത്തണ്ടയിലും, പിന്നിലുമാണ് സൂചി ഉപയോഗിച്ച് മയക്കുമരുന്ന് കുത്തുന്നത്. വേഗത്തില്‍ ഇവര്‍ മണിക്കൂറുകളോളം മയക്കത്തിലേക്ക് വീഴും, ബോധം വരുന്പോള്‍ കഴിഞ്ഞ ദിവസം സംഭവിച്ച കാര്യങ്ങള്‍ ഓര്‍മ്മയില്‍ ഉണ്ടാവുകയും ഇല്ല.
ഇത്തരം കേസുകളില്‍ പെടുന്നവരില്‍ കൂടുതല്‍ പേരുടെയും ശരീരത്തില്‍ കുത്തിവച്ച പാടുകള്‍ മാത്രമേ അവശേഷിക്കുകയുള്ളു. മുന്‍പ് ഉപയോഗിച്ച സൂചികളാണോ അക്രമികള്‍ ഉപയോഗിക്കുന്നതെന്നതും ആശങ്കയുണര്‍ത്തുന്നുണ്ട്. എച്ച്‌ഐവി, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി അപകടസാദ്ധ്യതകളിലേക്കും വിരല്‍ ചൂണ്ടുന്നു.
മയക്കുമരുന്ന് നല്‍കിയുള്ള ദുരുപയോഗം വര്‍ദ്ധിക്കുന്നതിനെ തുടര്‍ന്ന് നൈറ്റ്ക്ലബ് സുരക്ഷ ശക്തിപ്പെടുത്താന്‍ നിരവധി പേര്‍ അധികാരികളോട് ആവശ്യപ്പെട്ടു. ഇതിനായി ഒരു സംഘം ആറ് ദിവസത്തിനുള്ളില്‍ 100,000 ഒപ്പുകള്‍ ശേഖരിച്ചു കഴിഞ്ഞു. മയക്കുമരുന്ന് കുത്തി വയ്ക്കുന്നതിനൊപ്പം, ലഹരി വസ്തുക്കള്‍ മദ്യത്തില്‍ കലര്‍ത്തി നല്‍കുന്ന സംഭവങ്ങളും രാജ്യത്ത് വര്‍ദ്ധിക്കുന്നുണ്ട്. കേസുകളില്‍ വര്‍ദ്ധനയുണ്ടായതോടെ കോളേജ് വിദ്യാര്‍ത്ഥികളടക്കം ഭയന്ന് നൈറ്റ്ക്ലബുകള്‍ ബഹിഷ്‌കരിക്കുകയാണിപ്പോള്‍.
0 Comments