വിവാഹിതയായി ഭര്‍തൃ വീട്ടില്‍ എത്തുന്ന നിരവധി സ്ത്രീകളാണ് അവിടെ പീഡനത്തിനിരയാവുന്നത്.ചിലര്‍ സങ്കടം സഹിക്കാതെ പുറത്ത് പറയുമ്ബോള്‍ മനസ്സിലിട്ട് നീറ്റി ജീവിക്കുന്നവരും നിരവധിയാണ്. ഭര്‍തൃവീട്ടുകാരുടെ അമിത ഇടപെടല്‍ കൊണ്ട് ജീവിതം ദുസ്സഹമായി പോയ യുവതിയുടെ അനുഭവം വേദനയോടെ പങ്കുവയ്ക്കുകയാണ് അഞ്ജലി ചന്ദ്രന്‍.
ഇടുന്ന വസ്ത്രം ഉള്‍പ്പടെയുള്ള സകല കാര്യങ്ങളിലും അനുവാദം തേടേണ്ടുന്ന അവസ്ഥയിലൂടെയാണ് പെണ്‍കുട്ടി കടന്നു പോയതെന്ന് അഞ്ജലി കുറിക്കുന്നു. നീയൊരു പെണ്‍കുട്ടിയല്ലേ ഭൂമിയോളം ക്ഷമിക്കൂ എന്ന രീതിയില്‍ ഒത്തു തീര്‍പ്പിനു ശ്രമിച്ച് വീണ്ടും അതേ നരകത്തിലേയ്ക്ക് അവളെ തള്ളുന്ന നമ്മുടെ സാമൂഹിക നിലപാടും ഉപദേശകരും മാറിയേ തീരുവെന്നും സോഷ്യല്‍ മീഡിയ കുറിപ്പില്‍ അഞ്ജലി പറയുന്നു.
അഞ്ജലിയുടെ കുറിപ്പ് ഇങ്ങനെ: 'ഒക്ടോബര്‍ മാസം ഗാര്‍ഹിക പീഡന അവബോധനത്തിന്റെ മാസമാണ്. നമ്മുടെ വീടുകള്‍ക്കുള്ളില്‍ സ്ത്രീകളനുഭവിക്കുന്ന ഗാര്‍ഹിക പീഡനങ്ങളെക്കുറിച്ച് അയല്‍വാസികള്‍ക്കു പോലും പലപ്പോഴും അറിവുണ്ടാകാറില്ല. ആത്മഹത്യകളില്‍ പെണ്‍കുട്ടികള്‍ അഭയം പ്രാപിച്ചാല്‍ മാത്രം പുറം ലോകമറിയുന്ന ഒന്നായി ചുരുങ്ങേണ്ടതല്ല ഗാര്‍ഹിക പീഡനം. പല സുഹൃത്തുക്കളുടെയും അനുഭവങ്ങള്‍ കേള്‍ക്കുമ്ബോള്‍ സീരിയലിലോ സിനിമയിലോ അല്ലാതെ യഥാര്‍ത്ഥ ജീവിതത്തില്‍ ഇതൊക്കെ അനുഭവിക്കുമ്ബോള്‍ അവരെത്ര ഉരുകിയിട്ടുണ്ടാവും എന്നോര്‍ത്തിട്ടുണ്ട്.
വളരെ അടുപ്പമുള്ള ഒരു പെണ്‍കുട്ടി വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ പ്രസരിപ്പൊക്കെ നഷ്ടപ്പെട്ട് ജീവിതമേ മടുത്തു എന്ന മട്ടില്‍ മുന്‍പില്‍ വന്നു നിന്നിട്ടുണ്ട്. ഭര്‍തൃവീട്ടുകാരുടെ കൂടെ അല്ലല്ലോ താമസം എന്നിട്ടും എന്തുപറ്റിയതാണ് അവള്‍ക്കെന്ന ചിന്തയില്‍ നിന്നുമുണര്‍ത്തിയത് ഇനിയും സഹിക്കാന്‍ വയ്യ എന്നു പറഞ്ഞുള്ള അവളുടെ കരച്ചിലാണ്. നല്ല പയ്യന്‍ , നല്ല കുടുംബം അവളാണെങ്കില്‍ പഠിത്തവുമായി ഒറ്റയ്ക്ക് മറ്റൊരു നാട്ടില്‍. ഒറ്റനോട്ടത്തില്‍ പ്രശ്‌നമില്ല. കരച്ചിലടങ്ങിയപ്പോള്‍ അവള്‍ പറഞ്ഞ കഥ ശരിക്കും ഞെട്ടിച്ചു.
വിവാഹം കഴിഞ്ഞ ഭര്‍തൃ സഹോദരിയും ഭര്‍ത്താവിന്റെ മാതാപിതാക്കളും ഒരു വീട്ടിലാണ് താമസം. ഈ കുട്ടി ഇടുന്ന വസ്ത്രം മുതല്‍ എല്ലാ കാര്യങ്ങള്‍ക്കും അപ്രൂവല്‍ അമ്മായിഅമ്മയും നാത്തൂനും നല്‍കിയാലേ അവള്‍ക്ക് അവിടെ നില്‍ക്കാന്‍ പറ്റൂ എന്ന അവസ്ഥ. സ്വന്തം മകള്‍ക്കില്ലാത്ത ഒന്നും മകന്റെ ഭാര്യയ്ക്ക് പാടില്ല എന്ന അമ്മായിഅമ്മ പോരാവും എന്ന നിഗമനത്തിലെത്തിയ എന്നെ ഞെട്ടിച്ച് അവള്‍ അടുത്ത സത്യം പറഞ്ഞു. നാത്തൂന്റെ ഈ അമിത ഇടപെടല്‍ പല കാര്യങ്ങളിലും വന്നത് സൂചിപ്പിച്ചപ്പോള്‍ അവള്‍ക്ക് എന്തിനും ടെന്‍ഷനാണ് , ആരോടും ഇത് പറയരുത് എന്നു പറഞ്ഞു കാലു പിടിച്ച അമ്മായിഅമ്മ മകള്‍ മാനസിക രോഗത്തിന് ചികിത്സ തേടിയ വിവരം ഈ പെണ്‍കുട്ടിയോടും വീട്ടുകാരോടും മറച്ചു വച്ചാണ് മകന്റെ വിവാഹം നടത്തിയത്. വിവാഹം കഴിഞ്ഞ ഉടനെ ഇതു പറഞ്ഞാല്‍ സ്വന്തം വീട്ടുകാര്‍ക്ക് അത് താങ്ങാന്‍ പറ്റുമോ , മറ്റൊരു നാട്ടില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനോട് ഇവരെന്താവും തന്നെ പറ്റി പറഞ്ഞു കൊടുക്കുന്നത് എന്ന ടെന്‍ഷനും എല്ലാം കൂടി മറ്റൊരവസ്ഥയിലേയ്ക്ക് ഈ പെണ്‍കുട്ടിയെ എത്തിച്ചു. ഗവേഷണ വിദ്യാര്‍ത്ഥിനിക്ക് വിവാഹത്തോടെ ഗവേഷണത്തില്‍ ശ്രദ്ധ കുറഞ്ഞു എന്ന ഗൈഡിന്റെ ചീത്തവിളി വേറെ.
ഭര്‍ത്താവിന്റെ വീട്ടില്‍ ഫുള്‍ ടൈം നിന്നു തന്നെ ഗാര്‍ഹികപീഡനം ഏറ്റുവാങ്ങണമെന്ന യാതൊരു നിര്‍ബന്ധവുമില്ല എന്ന് എന്നെ ആദ്യമായി പഠിപ്പിച്ചതവളാണ്. മിടുമിടുക്കി എന്നു പേരു കേട്ടവള്‍ ഒരാളോടും മിണ്ടാത്ത ഡിപ്രഷനിലേയ്ക്ക് പോയിത്തുടങ്ങിയിരുന്നു. ഭര്‍ത്തൃവീട്ടുകാരോട് മുഴുവന്‍ വഴക്കിട്ട് വീട്ടില്‍ വന്നു നില്‍ക്കുന്ന നാത്തൂനും മകളെന്ന ലോകം മാത്രമുള്ള രക്ഷിതാക്കളും കൂടി നാട്ടില്‍ ലീവില്‍ വന്നാല്‍ അവളെ സ്വന്തം വീട്ടില്‍ ഒരു ദിവസത്തില്‍ കൂടുതല്‍ തങ്ങാന്‍ സമ്മതിക്കില്ലായിരുന്നു. കല്യാണം കഴിഞ്ഞാല്‍ ഭര്‍ത്താവിന്റെ വീടാണ് സ്വന്തം വീട് എന്ന് അവളെ പഠിപ്പിക്കാത്ത വീട്ടുകാര്‍ മര്യാദകെട്ടവരാണ് എന്നു പറഞ്ഞു വളരെ മോശമായ സംസാരത്തിലെത്തി . സ്വന്തം രക്ഷിതാക്കളെ പറഞ്ഞത് സഹിക്കാതെ അപ്പോള്‍ നാത്തൂനെന്താ സ്വന്തം ഭര്‍ത്താവിന്റെ വീട്ടില്‍ നില്‍ക്കാത്തത് എന്നു ചോദിച്ചതിനുള്ള പീഡനം വേറെ. എന്നിട്ട് പുറത്തിറങ്ങി നാട്ടുകാരോട് പറയുന്നത് മുഴുവന്‍ മരുമകളോടുള്ള സ്‌നേഹം. അങ്ങനെ തൊട്ടപ്പുറത്തെ വീട്ടിലെ പെണ്‍കുട്ടി അനുഭവിക്കുന്നതൊന്നും അടുത്ത വീട്ടുകാര്‍ പോലുമറിഞ്ഞില്ല . ദേഹത്ത് ഒരു ഒടിവോ ചതവോ കാണാനില്ലാത്തതു കൊണ്ടു മാത്രം അവളനുഭവിച്ച ഗാര്‍ഹിക പീഡനത്തിന് തെളിവുകളില്ലായിരുന്നു.
ഇങ്ങനെ പലതരത്തില്‍ ഗാര്‍ഹിക പീഡനമനുഭവിക്കുന്ന പെണ്‍കുട്ടികളുണ്ട്. തങ്ങളെ മാനസികമായോ ശാരീരികമായോ ബുദ്ധിമുട്ടിക്കുന്നതിനെതിരെ നിയമസഹായം തേടാന്‍ അവരെ പ്രാപ്തരാക്കിയേ തീരൂ. ഒപ്പം ആത്മഹത്യയില്‍ കുറഞ്ഞതൊന്നും കേസായി എടുക്കാതെ അല്ലെങ്കിലും നീയൊരു പെണ്‍കുട്ടിയല്ലേ ഭൂമിയോളം ക്ഷമിക്കൂ എന്ന രീതിയില്‍ ഒത്തു തീര്‍പ്പിനു ശ്രമിച്ച് വീണ്ടും അതേ നരകത്തിലേയ്ക്ക് അവളെ തള്ളുന്ന നമ്മുടെ സാമൂഹികനിലപാടും ഉപദേശകരും മാറിയേ തീരൂ. വിവാഹം കഴിക്കുന്നതിനു മുന്‍പ് സ്വന്തം കാലില്‍ നിന്നാല്‍ മാത്രം പോര തനിക്കു നേരെ വരുന്ന ആക്രമണങ്ങളെ നേരിടാനും പെണ്‍കുട്ടികളെ പ്രാപ്തരാക്കണം. പെണ്‍കുട്ടികളുടെ വീട്ടുകാരോട് പരാതി കൊടുക്കാതെ ഒത്തു തീര്‍പ്പാക്കുന്നതിനു പകരം ഇത്തരം മോശം പെരുമാറ്റക്കാരെ നിയമത്തിനു മുന്‍പിലും സമൂഹത്തിനു മുന്‍പിലും തുറന്നു കാണിക്കണം.' അഞ്ജലി കുറിച്ചു.
0 Comments