2016 കേരളം അടുത്ത കാലങ്ങളില്‍ കണ്ട ഏറ്റവും വലിയ വരള്‍ച്ചയുടെ വര്‍ഷമായിരുന്നു. ഇത് ഒരു തുടക്കമായിരുന്നു.പിന്നീട് 2017ല്‍ ഓഖി ചുഴലിക്കാറ്റ് വീശിയടിച്ചത് ചുഴലിക്കാറ്റുകളെ നേരിട്ടിട്ടില്ലാത്ത കേരളത്തിന് പുതിയ അനുഭവമായിരുന്നു.
കഴിഞ്ഞ 30തിലേറെ വര്‍ഷങ്ങളായി അറബിക്കടലില്‍ ചുഴലിക്കാറ്റുകള്‍ രൂപപ്പെടുന്നു. എന്നാല്‍ ഓഖിയായിരുന്നു ആദ്യമായി കേരള തീരത്തെ തൊട്ടത്. പിന്നീട് കേരള തീരത്ത് കൂടെ ചുഴലിക്കാറ്റുകള്‍ പതിവായി. അറബിക്കടലില്‍ രൂപപ്പെടുന്ന ചുഴലിക്കാറ്റുകളുടെ എണ്ണം വര്‍ധിച്ചു. കാലാവസ്ഥ വ്യതിയാനമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ വര്‍ഷം മണ്‍സൂണ്‍ തുടക്കവും ചുഴലിക്കാറ്റിനൊപ്പമായിരുന്നു. അതിനുശേഷവും വിവിധ ചുഴലിക്കാറ്റുകള്‍ കേരള തീരത്തേക്ക് അടുത്തു.
ഇനി പ്രവചനം സങ്കീര്‍ണമാകും, നാല് വര്‍ഷമായി കാലാവസ്ഥയില്‍ ഉണ്ടായത് വലിയ മാറ്റം
വലിയ ഉരുള്‍പൊട്ടലുകള്‍ ജീവനെടുക്കുന്ന കാഴ്ചകളാണ് 2018 മുതല്‍ മൂന്ന് വര്‍ഷങ്ങളില്‍ ഉണ്ടായത്.. നൂറ്റാണ്ടിലെ മഹാപ്രളയം എന്ന് വിശേഷിപ്പിക്കപ്പെട്ട 2018ലെ പ്രളയത്തോടനുബന്ധിച്ച് മലപ്പുറം, കണ്ണൂര്‍, തൃശൂര്‍, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ വലിയ തോതില്‍ തന്നെ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുകളുമുണ്ടായി. ഇടുക്കി ജില്ലയില്‍ പലയിടത്തായുണ്ടായ ഉരുള്‍പൊട്ടലുകളില്‍ അന്ന് 60 പേരാണ് മരണമടഞ്ഞത്. കോഴിക്കോട് താമരശേരിയില്‍ മല പൊട്ടിയൊലിച്ച് 14 പേരും മരിച്ചു. തൃശൂര്‍ ജില്ലയിലെ കുറാഞ്ചേരിയില്‍ 11 പേരുടെ മരണത്തിനും മലയിടിച്ചില്‍ കാരണമായി. ജീവനെടുത്ത ഉരുള്‍പൊട്ടലുകളെ മാറ്റി നിര്‍ത്തിയാല്‍ സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ തീവ്രമായ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുകളും ഉണ്ടായതായാണ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കണക്ക്. 2018ല്‍ മാത്രം സംസ്ഥാനത്ത് ചെറുതും വലുതുമായ അയ്യായിരം ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലും, കുഴലീകൃത മണ്ണൊലിപ്പ് അഥവാ സോയില്‍ പൈപ്പിങ്ങും 2018ലെ പ്രളയ കാലത്ത് മാത്രം ഉണ്ടായതായാണ് കണക്ക്. ദേശീയ ഭൗമശാസ്ത്ര ഗവേഷണ കേന്ദ്രത്തിന്റെ 2010ലെ പഠന പ്രകാരം 14.4ശതമാനം മേഖലകളാണ് സംസ്ഥാനത്ത് ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ളത്.
2019ല്‍ മലപ്പുറം കവളപ്പാറയും വയനാട് പുത്തുമലയിലും ഉണ്ടായ പ്രഹര ശേഷിയേറിയ ഉരുള്‍പൊട്ടലുകളില്‍ ഒട്ടേറേപ്പേരുടെ ജീവന്‍ പൊലിഞ്ഞു. 2018ലെ പ്രളയത്തിനും ഉരുള്‍പൊട്ടലുകള്‍ക്കും ശേഷം ജിഎസ്‌ഐ നടത്തിയ സര്‍വേയില്‍ അപകട സാധ്യതാ മേഖലകളില്‍ പുത്തുമല ഉള്‍പ്പെടുന്ന വയനാട്ടിലെ മേപ്പാടിയും ഉണ്ടായിരുന്നു. 2019ല്‍ പുത്തുമലയില്‍ ഉരുള്‍പൊട്ടി. 2019 ഓഗസ്റ്റിലെ പ്രളയ ദിവസങ്ങളില്‍ കാസര്‍കോഡ്, തിരുവന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലൊഴികെ മറ്റെല്ലായിടത്തും ചെറുതും വലുതുമായ ഉരുള്‍പൊട്ടലുകളുണ്ടായതായാണ് കണക്ക്.
2020ല്‍ പെട്ടിമുടിയില്‍ 70 പേരുടെ മരണത്തിനിടയാക്കിയ പെട്ടിമുടി ഉരുള്‍പൊട്ടലുമുണ്ടായി. 2021 മുന്‍വര്‍ഷങ്ങളുടെ ആവര്‍ത്തനമായി. ഒക്ടോബര്‍ മാസത്തില്‍ ഇത്ര കൂടിയ അളവില്‍ മഴ ലഭിക്കുന്നത് കേരളത്തില്‍ അസാധാരണമാണെങ്കിലും കാലാവസ്ഥയിലെ പ്രവചനാതീതമായ മാറ്റം ഏത് സമയത്തും മഴ, ചിലപ്പോള്‍ അതിശക്തമായ മഴ ലഭിക്കാവുന്ന തരത്തിലേക്ക് സാഹചര്യത്തെ മാറ്റി.
ദുരന്തനിവാരണം പരാജയം ?
അടിക്കടിയുണ്ടാവുന്ന ദുരന്തങ്ങളെ പ്രതിരോധിക്കാന്‍ സര്‍ക്കാരും ദുരന്തനിവാരണ അതോറിറ്റിയും ചില പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയിരുന്നു. തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ റാപ്പിഡ് റസ്‌പോണ്‍സ് ടീം ഉണ്ടാക്കുകയും പരിശീലനം നല്‍ക്കയും ചെയ്തു. അഗ്നിശമന സേനയ്ക്ക് പ്രത്യേ പരിശീലനം നല്‍കി. മൂന്ന് മണിക്കൂര്‍ ഇടവിട്ട് കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നല്‍കുന്ന സംവിധാനമൊരുക്കി. പ്രധാനമായും അണക്കെട്ടുകളുടെ മാനേജ്‌മെന്റിനായി 'റൂള്‍ കര്‍വ്' സ്ഥാപിച്ചു. 2018ലെ പ്രളയം പഠിപ്പിച്ച പാഠത്തില്‍ നിന്നാണ് 'റൂള്‍ കര്‍വ്' കള്‍ അണക്കെട്ടുകള്‍ക്ക് നിശ്ചയിച്ച് ലഭിച്ചത്. അതുവരെ ഫുള്‍ റിസര്‍വോയര്‍ ലെവലിനനുസരിച്ച് മാത്രമാണ് വെള്ളത്തിന്റെ അളവില്‍ കണക്കെടുപ്പുകള്‍ നടത്തിയിരുന്നത്. എന്നാല്‍ 2018ലെ പ്രളയം കഴിഞ്ഞ സമയം പ്രളയം തടയുന്നതിനോ നിയന്ത്രിക്കുന്നതിനോ ആയി റൂള്‍ കര്‍വുകള്‍ നിശ്ചയിക്കണമെന്നും ആ റൂള്‍ കര്‍വുകള്‍ക്കനുസരിച്ച് ഡൈനാമിക് ഫ്ലഡ് കുഷ്യനുകള്‍ നിശ്ചയിച്ച് നല്‍കുമെന്നും കേന്ദ്ര ജല കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചു. ഇതനുസരിച്ച് കേരളത്തിലെ അണക്കെട്ടുകള്‍, പ്രധാനമായും കെ എസ് ഇ ബിയുടേയും ജല സേചന വകുപ്പിന്റെയും പ്രധാന റിസര്‍വോയറുകളില്‍ റൂള്‍ കര്‍വ് നിശ്ചയിച്ച് കേന്ദ്ര ജല കമ്മീഷന്റെ അംഗീകാരത്തിന് അയച്ചു. കെഎസ്‌ഇബിയുടെ എല്ലാ പ്രധാന റിസര്‍വോയറുകള്‍ക്കും അത് ലഭിച്ചു. ജലസേചന വകുപ്പിന്റെ അണക്കെട്ടുകള്‍ക്ക് റൂള്‍ കര്‍വ് നിശ്ചയിച്ചു.
കാലവര്‍ഷത്തിന്റെ തുടക്കം മുതല്‍, സാധാരണ ഗതിയില്‍ ജൂണ്‍ ഒന്ന് മുതല്‍ നവംബര്‍ 20 വരെ കേരളത്തില്‍ ലഭിക്കുന്ന മഴയുടേയും അണക്കെട്ടിലേക്ക് ഒഴുകിയെത്താന്‍ സാധ്യതയുള്ള വെള്ളത്തിന്റെയും ജലനിരപ്പിന്റെയും കണക്കുകളുടെ അടിസ്ഥാനത്തിലാണ് റൂള്‍ കര്‍വുകള്‍ നിശ്ചയിക്കുക. മുന്‍ കാലങ്ങളിലെ മഴയുടേയും ഒഴുകിയെത്തുന്ന വെള്ളത്തിന്റെയും, അണക്കെട്ടിലെ ജല നിരപ്പിന്റെയും കണക്കുകളെ ആശ്രയിച്ചാണ് നിലവില്‍ റൂള്‍ കര്‍വുകള്‍ നിശ്ചയിച്ചിട്ടുള്ളത്. വലിയ റിസര്‍വോയറുകള്‍ക്കാണ് റൂള്‍ കര്‍വുകളുള്ളത്. എന്നാല്‍ ഓരോ പുഴയേയും പുഴത്തടങ്ങളേയും ബന്ധപ്പെടുത്തി ആലോചിക്കുമ്ബോള്‍ ചെറുതും വലുതുമായ നിരവധി അണക്കെട്ടുകളിലെ വെള്ളം വളരെ പ്രധാനപ്പെട്ടതാണ്. അതിനാല്‍ ചെറിയ അണക്കെട്ടുകള്‍ക്കും റൂള്‍ കര്‍വുകള്‍ നിശ്ചയിക്കുകയും പുഴയെ ഒന്നാകെ കണ്ട് എല്ലാ അണക്കെട്ടുകള്‍ക്കും കൂടി ഒന്നിച്ച് ഒരു പദ്ധതി തയ്യാറാക്കണമെന്നുമാണ് പരിസ്ഥിതി വിദഗ്ദ്ധരുടെ ആവശ്യം.
ഇത്തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോയെങ്കിലും അടിസ്ഥാനപരമായ ചില കാര്യങ്ങളില്‍ ഇതേവരെ മുന്നോട്ട് പോവാന്‍ സംസ്ഥാന ദുരന്തനിവാരണ വകുപ്പിന് ആയിട്ടില്ല. ഇതില്‍ പ്രധാനമാണ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാന്‍. 2016ന് ശേഷം കേരള ദുരന്ത നിവാരണ അതോറിറ്റി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാന്‍ ്‌അപ്‌ഡേറ്റ് ചെയ്തിട്ടില്ല. 2016ന് ശേഷം കേരളം ദുരന്ത ഭൂമിയായി മാറിയതിനിപ്പുറവും അതിനുതക്ക പ്ലാന്‍ ഉണ്ടായിട്ടില്ല എന്നത് പ്രധാന പോരായ്മയാണ്. 2018ലെ പ്രളയത്തിന് ശേഷം എല്ലാ തദ്ദേശ സ്ഥാപനങ്ങളോടും ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാന്‍ തയ്യാറാക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ചില തദ്ദേശ സ്ഥാപനങ്ങള്‍ മാത്രമാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്.
2018ല്‍ നൂറ്റാണ്ടിലെ മഹാ പ്രളയം ഉണ്ടായതിന് പിന്നാലെയാണ് ഫ്ലള് മാപ്പ് വേണമെന്ന ആവശ്യം ഉയരുന്നത്. പ്രളയ ബാധിത പ്രദേശങ്ങള്‍ കണ്ടെത്തുക, വെള്ളമുയര്‍ന്നതിന്റെ നിരപ്പ് രേഖപ്പെടുത്തുക, അതീവ ജാഗ്രത പുലര്‍ത്തേണ്ട മേഖലകളെ തരം തിരിക്കുക തുടങ്ങി എല്ലാം ഉള്‍പ്പെടുത്തി ഫ്ലഡ് മാപ്പിങ് നടത്തണമെനനതായിരുന്നു ആവശ്യം. എന്നാല്‍ അത് ഇതേവരെ നടന്നിട്ടില്ല. കേന്ദ്ര ജല കമ്മീഷനാണ് ഫ്ലഡ് മാപ്പിങ് നടത്തേണ്ടത്. പ്രളയം ഉണ്ടായത് മുതല്‍ ഇക്കാര്യം കേന്ദ്ര ജല കമ്മീഷനോട് ആവശ്യപ്പെട്ടിട്ടും മാപ്പ് തയ്യാറായിട്ടില്ല എന്ന് ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ വെളിപ്പെടുത്തുന്നു. കേന്ദ്ര ജല കമ്മീഷന്‍ കൈമാറിയ മോഡല്‍ കേരളത്തിന്റെ സാഹചര്യത്തിന് ഉതകുന്നതല്ലെന്നും വിശദമായ മാപ്പിങ് വേണമെന്നുമാണ് ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ പറയുന്നത്.
'90 മീറ്റര്‍ ഗ്രിഡ് ഉള്ള, പഴയ അമേരിക്കന്‍ സാറ്റലൈറ്റ് ഇമേജുകള്‍ വച്ചുകൊണ്ടുള്ളതാണ് അവരുടെ മോഡലിങ്. അത് കേരളത്തിന്റെ സാഹചര്യത്തില്‍ ഉപയോഗപ്രദമാവില്ല. 20 മീറ്റര്‍ ഡിജിറ്റല്‍ എലവേഷന്‍ മോഡലിലൂടെ എങ്കിലും ഭൂപടങ്ങള്‍ തയ്യാറാക്കിയാല്‍ മാത്രമേ കാര്യമുള്ളൂ. അക്കാര്യം ജലവകുപ്പ് സെക്രട്ടറി മെയ് ആറിന് കേന്ദ്ര ജല കമ്മീഷന് അയച്ച കത്തില്‍ വ്യക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു വര്‍ഷം, അഞ്ച് വര്‍ഷം, പത്ത് വര്‍ഷം, മുപ്പത് വര്‍ഷം എന്ന കണക്കില്‍ ഹൈ റസല്യൂഷന്‍ പ്രളയ ബാധിത മേഖല മാപ്പാണ് വേണ്ടത്.' കേന്ദ്രജല കമ്മീഷന്റെ റീജ്യണല്‍ കമ്മറ്റിയാണ് പ്രളയ ബാധിത, സാധ്യതാ പ്രദേശങ്ങളെ കണ്ടെത്തേണ്ടതും മാപ്പ് ചെയ്യേണ്ടതും. എന്നാല്‍ 2015ന് ശേഷം റീജ്യണല്‍ കമ്മിറ്റി യോഗം ചേര്‍ന്നിട്ട് പോലുമില്ല എന്ന വിമര്‍ശനവും നിലനില്‍ക്കുന്നു. ദേശീയ ദുരന്ത നിവാരണ പദ്ധതി രേഖയില്‍ പരാമര്‍ശിക്കുന്നത് പോലെ 30 വര്‍ഷങ്ങളിലേക്കുള്ള വിശദമായ മാപ്പാണ് തയ്യാറാക്കേണ്ടത്. എന്നാല്‍ അത് ഇതേവരെ ഉണ്ടായിട്ടില്ല. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മേഖലകള്‍ അടിസ്ഥാനപ്പെടുത്തി മാപ്പിങ് തയ്യാറാക്കുകയാണ്. എന്നാല്‍ ഇതും പൂര്‍ത്തിയായിട്ടില്ല.
മഴയും താപനിലയും ലൈവ് ആയി ഓരോ സ്ഥലത്തേയും വിവരങ്ങള്‍ അറിയാന്‍ റിയല്‍ ടൈം സംവിധാനങ്ങളം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളും സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ട് നാളുകളായി. കേരളത്തിലോ, അല്ലെങ്കില്‍ ഏതെങ്കിലും ഒരു ജില്ലയിലോ മഴ പെയ്യുമെന്ന് പറയുന്നതിനേക്കാള്‍ ഓരോ പ്രദേശങ്ങളില്‍ എത്ര മഴ ലഭിക്കുമെന്ന് പറയുന്നതാണ് നിര്‍ദ്ദിഷ്ട സംവിധാനം. ദുരന്ത നിവാരണ അതോറിറ്റിയും സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരിനോടും ഐഎംഡിയോടും നിരന്തരമായി ആവശ്യപ്പെട്ടതിന്റെ ഫലമായാണ് റിയല്‍ടൈം റീഡിങ് സംവിധാനവും 15 വെതര്‍ സ്റ്റേഷനുകളും സ്ഥാപിക്കാന്‍ തീരുമാനമായത്. ഇതിനായി സര്‍വേ നടത്തുകയും 103 സൈറ്റുകള്‍ കണ്ടെത്തി. അതില്‍ 73 സ്ഥലങ്ങള്‍ ഐഎംഡിക്ക് കൈമാറുകയും ചെയ്തു. 15 സ്ഥലങ്ങളാണ് മോഡല്‍ സൈറ്റുകളായി തീരുമാനിച്ചത്. ഡാം സൈറ്റുകള്‍, ഉരുള്‍പൊട്ടല്‍- മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങള്‍ എന്നീ മേഖലകളിലാണ് കൂടുതലും സൈറ്റുകള്‍ കണ്ടെത്തിയത്.
ഈ സ്ഥലങ്ങളില്‍ ഉടന്‍ മിഷ്യനുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തനം ആരംഭിക്കുമെന്നായിരുന്നു ഐഎംഡി സംസ്ഥാന അധികൃതര്‍ക്ക് നല്‍കിയ വിവരം. എന്നാല്‍ കോവിഡ് 19 വന്നതോടെ അതിനുള്ള നടപടികള്‍ നിലച്ചു. ഓരോ പ്രദേശത്തും സംഭവിക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങളെ കുറിച്ച് അപ്പപ്പോള്‍ വിവരം ലഭിക്കുന്ന സംവിധാനമാണ് റിയല്‍ ടൈം മോണിറ്ററിങ്. ഇത് വഴി ഓരോ മണിക്കൂറിലും എത്ര മഴയാണ് പെയ്യുന്നതെന്ന് അറിയാന്‍ കഴിയും. ഒരു ദിവസം മൂന്ന് മണിക്കൂറിനുള്ളില്‍ 6-7 സെന്റിമീറ്റര്‍ മഴ പെയ്താല്‍ ആ പ്രദേശത്ത് നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ കഴിയും. ഇത് കേരളത്തില്‍ നിലനില്‍ക്കുന്ന വെള്ളപ്പൊക്ക- ഉരുള്‍പൊട്ടല്‍ ഭീതികളെ പ്രതിരോധിക്കാനുള്ള വഴികൂടിയായാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിച്ചത്. ഐഎംഡിയ്ക്ക് ലോക്ക്ഡൗണ്‍ കാലത്തും സര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയിരുന്നെങ്കിലും കേരളത്തില്‍ ഈ സംവിധാനം സ്ഥാപിക്കാന്‍ കാലതാമസമെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിനും ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കും പ്രതിഷേധമുണ്ട്. നിലവില്‍ ഇതിനായി ടെന്‍ഡര്‍ നടപടികള്‍ തുടങ്ങി.
ഇതിനെല്ലാം പുറമെ മലകളേയും തീരത്തേയും കീറിമുറിക്കാന്‍ പാകത്തിനുള്ള വന്‍കിട പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. സില്‍വര്‍ലൈന്‍, വിഴിഞ്ഞം തുറമുഖം, തീരദേശ-മലയോര ഹൈവേകള്‍ തുടങ്ങിയ പദ്ധതികളെല്ലാം തന്നെ ദുര്‍ബല കേരളത്തെ വീണ്ടും പാരിസ്ഥിതിക ദുര്‍ബലമാക്കുമെന്ന വിമര്‍ശനമാണ് ശാസ്ത്രജ്ഞരും വിദഗ്ദ്ധരുമുള്‍പ്പെടെ ഉന്നയിക്കുന്നത്. പരസ്ഥിതി സംരക്ഷണത്തിനും ദുരന്തപ്രതിരോധത്തിനും പ്രാധാന്യം നല്‍കി നയം കൊണ്ടുവന്ന് കേരളത്തെ രക്ഷിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.
0 Comments