കൊച്ചി: സംസ്ഥാനത്തെ ഏറ്റവും സംഭരണശേഷിയുള്ള രണ്ട് അണക്കെട്ടുകള്‍ ഒരേസമയം തുറന്നിട്ടും കാര്യമായി ജലനിരപ്പ് ഉയരാതെ പെരിയാര്‍ നദി.ഇടുക്കി അണക്കെട്ടില്‍നിന്ന് മണിക്കൂറില്‍ 3.15 ലക്ഷം ക്യുബിക് മീറ്ററും ഇടമലയാറില്‍നിന്ന് 4.62 ലക്ഷം ക്യുബിക് മീറ്ററും ജലമാണ് മഹാനദിയിലേക്ക് ഒഴുക്കുന്നത്. രണ്ടിടത്തുനിന്നും ജലം ഒരുമിക്കുന്ന കോതമംഗലം ഭൂതത്താന്‍കെട്ട് ബാരിയറിലൂടെ സെക്കന്‍ഡില്‍ 850 ക്യുബിക് മീറ്റര്‍ ജലം പെരിയാറിലൂടെ ഒഴുകുന്നു. രാത്രി എട്ടരയോടെയാണ് ഇടുക്കി ജലം ഭൂതത്താന്കെട്ടില് എത്തിയത്.
2018ല്‍ എറണാകുളം ജില്ലയിലെ 34.62 ലക്ഷം വരുന്ന ജനസംഖ്യയില്‍ പകുതിയെയും മഹാപ്രളയത്തില്‍ മുക്കിയ നദിയാണ് ഇക്കുറി കാര്യമായ അനക്കമില്ലാതെ ഒഴുകുന്നത്. അണക്കെട്ടുകളുടെ കൈകാര്യത്തില്‍ വന്ന വീഴ്ചയാണ് അന്ന് പ്രളയത്തിന് കാരണമായതെന്ന ചര്‍ച്ചകള്‍ ഇതോടെ വീണ്ടും ഉയര്‍ന്നു.
ചൊവ്വാഴ്ച പുലര്‍ച്ച ആറിന് ഇടമലയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 165.7 മീറ്ററായിരുന്നു. 169 മീറ്ററാണ് അണക്കെട്ട് നിറയുന്ന പരിധി. 90.63 ശതമാനവും നിറഞ്ഞ അണക്കെട്ട് തുടക്കത്തില്‍ രണ്ട്, മൂന്ന് ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. എട്ട് മണിയോടെ 80 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. ജലമൊഴുകി ആറുമണിക്കൂര്‍ പിന്നിട്ട് ഉച്ചക്ക് ഒരുമണിക്ക് അണക്കെട്ടിലെ ജലനിരപ്പ് 165.66 മീറ്ററില്‍ എത്തി. മണിക്കൂറില്‍ ഒരു സെന്റിമീറ്റര്‍ വീതമാണ് അണക്കെട്ടിലെ വെള്ളം കുറഞ്ഞത്. വൈകീട്ട് നാലോടെ 165.63 മീറ്ററിലേക്ക് ജലനിരപ്പ് താഴ്ന്നു. അണക്കെട്ട് തുറന്ന് അധികം വൈകാതെ കുട്ടമ്ബുഴ മേഖലയില്‍ 30 സെന്റിമീറ്റര്‍ മാത്രമാണ് പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നത്. പെരിയാറില്‍ ജലനിരപ്പ് അളക്കുന്ന കാലടി, മംഗലപ്പുഴ, മാര്‍ത്താണ്ഡവര്‍മ എന്നിവിടങ്ങളിലെ റീഡിങിലും ജലനിരപ്പില്‍ വ്യതിയാനം കാണിച്ചില്ല. പ്രളയ മുന്നറിയിപ്പ് അളവിനെക്കാള്‍ ഏറെ താഴെയാണ് ഇവിടെ ജലനിരപ്പ്. കാലടിയില്‍ 2.225 മീറ്ററാണ് വൈകീട്ട് ആറിന് ജലനിരപ്പ്. 5.50 മീറ്ററിലാണ് പ്രളയ മുന്നറിയിപ്പ് നല്‍കുക.
2018ല്‍ പുഴ പെരുമഴയില്‍ നിറഞ്ഞ അവസ്ഥയില്‍ വേലിയേറ്റവും വേലിയിറക്കവും കണക്കിലെടുക്കാതെ അണക്കെട്ടുകള്‍ തുറന്നതാണ് മഹാപ്രളയത്തിന് ഇടയാക്കിയത്. ഇക്കുറി ഇടമലയാര്‍ റെഡ് അലര്‍ട്ട് പരിധിയായ 166.30 മീറ്ററില്‍ എത്തുംമുമ്ബ് നീല അലര്‍ട്ട് പരിധിയായ 165.8 മീറ്ററില്‍തന്നെ തുറന്നു. ഇടുക്കി അണക്കെട്ടില്‍നിന്ന് ഇനി കൂടുതല്‍ തുറന്നുവിടേണ്ടിവന്നാലും പെരിയാറില്‍ ജലനിരപ്പ് കാര്യമായി ഉയരാതെ ഇതിലൂടെ നിലനിര്‍ത്താം. വേലിയിറക്ക സമയമായ ചൊവ്വാഴ്ച വൈകീട്ട് അഞ്ചുവരെ ഇടമലയാര്‍ ജലവും ബുധനാഴ്ച പുലര്‍ച്ച 12.40 മുതല്‍ അഞ്ച് വരെ ഇടുക്കി ജലവും കടലിലും വേമ്ബനാട്ട് കായലിലുമായി എത്തുംവിധമാണ് ഇക്കുറി അണക്കെട്ടുകള്‍ തുറന്നത്.
0 Comments