അഹമ്മദാബാദ് : മദ്യപരെ കൂട്ടിലിട്ട് വളര്‍ത്തുന്ന ഗ്രാമങ്ങള്‍.ഗുജറാത്തിലെ നാറ്റ് വിഭാഗമാണ് 24 ഗ്രാമങ്ങളില്‍ മദ്യപാനികളെ തടവിലിടുന്നത്. സനന്ദില്‍ നിന്ന് 7 കിലോമീറ്റര്‍ അകലെയുള്ള മോട്ടിപുര ഗ്രാമത്തില്‍ മദ്യപാനികളുടെ എണ്ണം കുറയ്‌ക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു ശിക്ഷാ നടപടി സ്വീകരിച്ചിരിക്കുന്നത് എന്നാണ് ഗ്രാമീണരുടെ വിശദീകരണം.
അഹമ്മദാബാദ്, സുരേന്ദ്രനഗര്‍, അമ്രേലി, കച്ച് ജില്ലകളിലുടനീളമുള്ള 23 ഗ്രാമങ്ങള്‍ കൂടി ഇപ്പോള്‍ ഈ പരീക്ഷണം സ്വീകരിച്ചു. ആദ്യം 1,200 രൂപ പിഴ അടച്ചാല്‍ മാത്രമായിരുന്നു ഇവരെ വിട്ടയച്ചിരുന്നത്. പിന്നീട് പിഴ 2500 രൂപയായി ഉയര്‍ത്തി. അഹമ്മദാബാദ് ജില്ലയിലെ മോട്ടിപുര ഗ്രാമവാസികളാണ് 2019ല്‍ ആദ്യം മദ്യപാനികളെ തടവിലാക്കാന്‍ തീരുമാനിച്ചത്.
മദ്യപിച്ച അവസ്ഥയില്‍ പിടിക്കപ്പെടുന്ന ആളുകളെ ഒരു രാത്രി തടവിലിടുമെന്ന് ഗ്രാമത്തവലന്‍ ബാബു നായക് പറഞ്ഞു. മിക്ക ഗ്രാമങ്ങളിലും മദ്യ വില്‍പ്പന വളരെ കൂടുതലായിരുന്നു. കൂടാതെ ശരാശരി 100-150 ഓളം സ്ത്രീകള്‍ക്കാണ് മദ്യപാനത്തെ തുടര്‍ന്ന് ഭര്‍ത്താക്കന്മാരെ നഷ്ടമായത്. അതുകൊണ്ട് തന്നെ മദ്യപിച്ചെത്തുന്ന പുരുഷന്മാരെക്കുറിച്ച് സൂചന നല്‍കുന്ന സ്ത്രീകളെ വിവരദായകരായി തിരഞ്ഞെടുക്കുന്നു.
അവരുടെ പേരുകള്‍ ഒരിക്കലും വെളിപ്പെടുത്തില്ല. മാത്രമല്ല പ്രോത്സാഹന സമ്മാനമായി ശേഖരിച്ച പിഴയില്‍ നിന്ന് 501 അല്ലെങ്കില്‍ 1,100 രൂപ നല്‍കുന്നു. ഇതേ തുടര്‍ന്ന് ഭര്‍ത്താക്കന്മാരുടെ ബഹളവും ഗാര്‍ഹിക പീഡനവും 90%കുറഞ്ഞു. മദ്യപാനികളെ ഒരു രാത്രി തടവില്‍ പാര്‍പ്പിക്കാനായി ഒരു കൂടും ഗ്രാമവാസികള്‍ നിര്‍മ്മിച്ചു. കൂട്ടില്‍ കഴിയുന്നവര്‍ക്ക് ഒരു കുപ്പി വെള്ളം മാത്രമേ നല്‍കുകയുള്ളു. ഈ ശിക്ഷാരീതി നടപ്പാക്കിയതിന് ശേഷം, മദ്യപാനികളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നും ഗ്രാമവാസികള്‍ അവകാശപ്പെടുന്നു.
0 Comments