മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടിയായി; തമിഴ്നാട് കേരളത്തിന് ആദ്യ അറിയിപ്പ് നല്‍കി

 


മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 136 അടിയായി ഉയര്‍ന്നു. തമിഴ്നാട് സര്‍ക്കാര്‍ കേരളത്തിന് ആദ്യ അറിയിപ്പ് നല്‍കി.മഴ കനത്തതും വൃഷ്ടിപ്രദേശത്തെ നീരൊഴുക്ക് കൂടിയതും കാരണമാണ് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നത്. 138 അടിയിലേക്ക് വെള്ളമെത്തിയാല്‍ രണ്ടാമത്തെ അറിയിപ്പ് തമിഴ്നാട് സര്‍ക്കാര്‍ നല്‍കും.

140 അടിയിലേക്കെത്തിയാലാണ് ആദ്യത്തെ മുന്നറിയിപ്പ് കേരളത്തിന് നല്‍കുക. 141 അടിയായാല്‍ രണ്ടാമത്തെയും 142 അടിയായാല്‍ മൂന്നാമത്തെയും മുന്നറിയിപ്പ് നല്‍കും. 142 അടിയിലേക്ക് വെള്ളമെത്തിയാല്‍ ഇടുക്കി ഡാമിലേക്കാണ് ജലമെത്തുക.


ഇടുക്കിയിലും കോട്ടയത്തും വീണ്ടും ശക്തമായ മഴ

ഇടുക്കിയിലും കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയിലും വീണ്ടും ശക്തമായ മഴ. സംസ്ഥാനത്ത് ഇന്നും നാളെയും ഇടിയോട് കൂടിയ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ഉച്ചയോടെയാണ് ഇടുക്കിയിലും കോട്ടയത്തും മഴ ശക്തമായത്. കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ശക്തമായ മഴയാണ് പെയ്തത്. നേരത്തെ ഉരുള്‍പൊട്ടലുണ്ടായ കൂട്ടിക്കല്‍, മുണ്ടക്കയം, എരുമേലിയിലും ശക്തമായ മഴയുണ്ട്. മണിമലയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു. എരുമേലി വണ്ടന്‍പതാലില്‍ മണ്ണിടിച്ചിലുണ്ടായി. തൊടുപുഴ കെകെആര്‍ ജംഗ്ഷനില്‍ വീടുകളില്‍ വെള്ളം കയറി. ഫയര്‍ഫോഴ്സ് എത്തി കൈക്കുഞ്ഞിനെയടക്കം രക്ഷപ്പെടുത്തി.

തെക്കന്‍ തമിഴ്നാട് തീരത്ത് രൂപപെട്ട ചക്രവാത ചുഴിയുടെ സ്വാധീനത്താല്‍ സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപകമായി ഇടി മിന്നലോട് കൂടിയ മഴയുണ്ടാവുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ട്.

Post a Comment

0 Comments