ലോകത്തെ ഞെട്ടിക്കുന്നു ഈ ചക്രവാതച്ചുഴി; അറിയാം പ്രകൃതിയുടെ ഈ അപകടകരമായ പ്രതിഭാസത്തെ

 


മഴയുണ്ടാകുമ്ബോഴെല്ലാം നാം പറഞ്ഞുകേള്‍ക്കുന്നതാണ് ന്യൂനമര്‍ദ്ദം. ഇപ്പോള്‍ ന്യൂനമര്‍ദ്ദത്തോട് ചേര്‍ന്ന് കേള്‍ക്കുകയാണ് ചക്രവാതച്ചുഴി എന്ന വാക്കും.എന്താണ് ഈ രണ്ട് പ്രതിഭാസങ്ങളും എന്ന് അറിയാന്‍ എല്ലാവര്‍ക്കും കൗതുകമുണ്ടാകും. അറിയാം കാലാവസ്ഥ വ്യതിയാനങ്ങളെ സ്വാധീനിക്കുന്ന ന്യൂന മര്‍ദ്ദത്തെകുറിച്ചും ചക്രവാതച്ചുഴിയെകുറിച്ചും.

ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിനു മുന്‍പുള്ള കാറ്റിന്റെ കറക്കമാണ് ചക്രവാതച്ചുഴി അഥവാ സൈക്ലോണിക് സര്‍ക്കുലേഷന്‍. ന്യൂനമര്‍ദ്ദവും ഒരര്‍ഥത്തില്‍ കാറ്റിന്റെ കറക്കം തന്നെയാണ്. എന്നാല്‍ കാറ്റിന്റെ ശക്തികുറഞ്ഞ കറക്കമാണ് ചക്രവാതച്ചുഴി. മര്‍ദ്ദവ്യതിയാനം കാരണം ചാക്രിക രീതിയില്‍ കാറ്റു കറങ്ങുന്നതാണ് ചക്രവാതച്ചുഴിക്ക് ഇടയാക്കുന്നത്.

അന്തരീക്ഷത്തില്‍ വിവിധ ദിശയില്‍ സഞ്ചരിക്കുന്ന കാറ്റ് മര്‍ദ്ദവ്യത്യാസം മൂലം ചക്രംപോലെ കറങ്ങും. ഘടികാരദിശയിലും എതിര്‍ഘടികാരദിശയിലും ഈ കറക്കം ഉണ്ടാകും. ഭൂമിയുടെ ദക്ഷിണാര്‍ധ ഗോളത്തില്‍ ഇത് ഘടികാര ദിശയിലും ഉത്തരാര്‍ധത്തില്‍ ഇത് എതിര്‍ ഘടികാാര ദിശയിലും ആണ് ഉണ്ടാകുക. ഭൂമിയുടെ കറക്കം കൊണ്ടുണ്ടാകുന്ന കൊറിയോലിസ് ബലമാണ് അര്‍ധഗോളങ്ങളില്‍ ഇത്തരത്തില്‍ വിപരീത ദിശകളില്‍ ചക്രവാതച്ചുഴിക്ക് ഇടയാക്കുന്നത്.

ചക്രവാതച്ചുഴി ശക്തിപ്പെട്ടാല്‍ ന്യൂനമര്‍ദ്ദമാകുമെങ്കിലും എല്ലാ ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദമാകണം എന്നില്ല. ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമാകുകയും അത് പിന്നീട് ഡിപ്രഷന്‍ അഥവാ തീവ്രന്യൂനമര്‍ദ്ദമാകുകയും തുടര്‍ന്ന് ഡീപ് ഡിപ്രഷന്‍ അഥവാ അതിതീവ്രന്യൂനമര്‍ദ്ദമാകുകയും ചെയ്താല്‍ മാത്രമേ ചുഴലിക്കാറ്റായി മാറുകയുള്ളു.

എന്നാല്‍ എന്താണ് ഈ ന്യൂനമര്‍ദ്ദം? കുറഞ്ഞ മര്‍ദ്ദമുള്ള സ്ഥലമാണ് ന്യൂനമര്‍ദ്ദം എന്ന് അറിയപ്പെടുന്നത്. സമുദ്രനിരപ്പിനോട് ചേര്‍ന്ന ഈര്‍പ്പമുള്ള വായു ചൂടുപിടിച്ച്‌ പെട്ടെന്ന് മുകളിലേയ്‌ക്കുയരുന്നതിന്റെ ഫലമായി നിരപ്പിനോട് ചേര്‍ന്ന താഴെയുള്ള വായുവിന്റെ അളവ് ആനുപാതികമായി കുറയുന്നു. ചൂടുള്ള വായു മുകളിലേയ്‌ക്ക് ഉയരുന്നതോടെ താഴെ കുറഞ്ഞ മര്‍ദ്ദമുള്ള ഒരു സ്ഥലം അഥവാ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു.

ഇതോടെ ചുറ്റുമുള്ള താരതമ്യേന മര്‍ദ്ദം കൂടിയ പ്രദേശങ്ങളില്‍ നിന്നുള്ള വായു മര്‍ദ്ദം കുറയുന്ന ഭാഗത്തേയ്‌ക്ക് വന്ന് നിറയും. ഈ പുതിയ വായുവും കടലുമായുള്ള സമ്ബര്‍ക്കത്തില്‍ ഈര്‍പ്പം വര്‍ദ്ധിക്കുകയും വീണ്ടും ചൂടുകൂടി മുകളിലേയ്‌ക്ക് ഉയരുകയും ചെയ്യുന്നു. ഇങ്ങനെ ചൂടുകൂടി മുകളിലേയ്‌ക്ക് ഉയരുന്ന ഈര്‍പ്പമുള്ള വായു പിന്നീട് തണുത്ത് വലിയ മേഘങ്ങളായി മാറുന്നു.

വായുവിന്റെ ചലനം കാരണം ന്യൂനമര്‍ദ്ദമേഖലയിലേയ്‌ക്ക് കാറ്റ് വീശുകയും മേഘങ്ങള്‍ മുകളിലേയ്‌ക്ക് ഉയരുകയും ചെയ്യുന്ന പ്രവൃത്തി തുടര്‍ന്നു കൊണ്ടിരിക്കും. ഈ പ്രവൃത്തി കൂടുതല്‍ നേരം തുടര്‍ന്നാല്‍ ചുഴലിക്കാറ്റായി രൂപാന്തരപ്പെടും. ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിന്റെ സമീപ പ്രദേശങ്ങളില്‍ ശക്തമായ മഴയും കാറ്റും ഉണ്ടാകുന്നു. ന്യൂനമര്‍ദ്ദത്തിന്റെ ശക്തിയനുസരിച്ച്‌ അതേറിയും കുറഞ്ഞും ഇരിക്കും. ലോകത്തിന്റെ പല ഭാഗത്തും ലക്ഷകണക്കിന് വര്‍ഷങ്ങളായി നടക്കുന്ന പ്രതിഭാസമാണിത്.

അടുത്ത കാലത്തായി കേരളത്തില്‍ കാലം തെറ്റി പെയ്യുന്ന മഴ തകര്‍ത്താടുകയാണ്. കുട്ടിക്കാലം മുതല്‍ പഠിച്ചും മുതിര്‍ന്നവര്‍ പറഞ്ഞ് തന്നതും അനുസരിച്ച്‌ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീളുന്ന കാലമാണ് മഴക്കാലം അഥവാ മണ്‍സൂണ്‍ സീസണ്‍. എന്നാല്‍ ഇന്ന് സ്ഥിതി മാറി. ഒക്ടോബര്‍ മാസത്തിലും മഴ താണ്ഡവാടുകയാണ്. ഒക്ടോബറില്‍ മഴ സാധാരണമാണ്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ പിന്‍വാങ്ങുകയും വടക്കുകിഴക്കന്‍ മണ്‍സൂണിന് വഴിയൊരുക്കുകയും ചെയ്യുന്ന ഈ മാസത്തെ പരിവര്‍ത്തനത്തിനുള്ള മാസമായി കണക്കാക്കുന്നതിനാല്‍, പ്രധാനമായും ദക്ഷിണ ഉപദ്വീപിലെ ഇന്ത്യയെ വലിയ തോതില്‍ ഇത് ബാധിക്കാറുണ്ട്. പക്ഷെ ഇപ്പോള്‍ നിര്‍ത്താതെ പെയ്യുന്ന മഴ, മണ്‍സൂണ്‍ പിന്‍വാങ്ങല്‍ കൊണ്ട് സംഭവിക്കുന്നതല്ല. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം കാരണം വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ വികസിച്ച ഒരു സവിശേഷ കാലാവസ്ഥ പ്രതിഭാസമാണ് ഇപ്പോള്‍ നമ്മള്‍ അനുഭവിക്കുന്ന ദുരിതത്തിന് പിന്നിലെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍.

മനുഷ്യന്‍ പ്രകൃതിയോട് കാണിക്കുന്ന ഓരോ ദുഷ്പ്രവൃത്തിക്കും ഭൂമി പകരം ചോദിക്കുക തന്നെ ചെയ്യും. അത്തരത്തില്‍ കാലം തെറ്റി പെയ്യുന്ന മഴ എന്തിന്റെ സൂചനയാണ്?

Post a Comment

0 Comments