'പെട്രോളിന് 44.52 രൂപ നിരക്കില്‍ വില്‍പ്പന'; തിക്കിത്തിരക്കി ജനം

 


മലപ്പുറം: പെട്രോളിന് 44.52 രൂപ നിരക്കില്‍ 'വില്‍പ്പന' നടത്തിയതോടെ തിക്കിത്തിരക്കി ജനം. കേട്ടവര്‍ കേട്ടവര്‍ വണ്ടിയുമായി എത്തിയതോടെ 'പ്രതീകാത്മക' പമ്ബില്‍ വന്‍ തിരക്ക്.സംഭവം കേട്ട് ഞെട്ടാന്‍ വട്ടെ. ശനിയാഴ്ച്ച രാവിലെ പതിനൊന്നോടെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഇന്ധന വില വര്‍ധനക്കെതിരെ നടത്തിയ പ്രതിഷേധത്തിലാണ് പെട്രോളിന് 'ആദായ വില്‍പ്പന' നടത്തിയത്.

ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ചാണ് മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി മലപ്പുറം കെ എസ് ആര്‍ ടി സി ഡിപ്പോക്ക് സമീപം പ്രതീകാത്മക പമ്ബ് സ്ഥാപിച്ചത്. തുടര്‍ന്ന് നികുതി ഒഴിവാക്കി ഇന്ധന വില്‍പ്പന നടത്തുകയും ചെയ്തു. ഒരു ലിറ്റര്‍ പെട്രോള്‍ കുപ്പികളിലാക്കിയാണ് വിതരണം നടത്തിയത്. പ്രതിഷേധ സമയത്ത് കുന്നുമ്മല്‍ പരിസരത്തിലൂടെ പോയവര്‍ക്കെല്ലാം വമ്ബിച്ച വിലക്കുറവില്‍ പെട്രോള്‍ ലഭിച്ചു. പലരും രണ്ടും മൂന്നും കുപ്പികള്‍ കൈക്കലാക്കാനുള്ള ശ്രമത്തിലായിരുന്നു. തിരക്ക് വര്‍ധിച്ചതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അല്‍പ്പം വിയര്‍ക്കേണ്ടി വന്നു.

ചിലര്‍ നേരിട്ട് വണ്ടിയിലൊഴിക്കുകും മറ്റു ചിലര്‍ കുപ്പിയോടെ കൈവശപ്പെടുത്തുകയും ചെയ്തു. ചൂടപ്പം പോലെയാണ് എല്ലാകുപ്പികളും വിറ്റഴിഞ്ഞത്. ഇരുചക്രവാഹനങ്ങള്‍ കുതിച്ചെത്തിയോടെ അല്‍പ്പം ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. നൂറോളം പേര്‍ക്ക് 44.52 രൂപക്ക് ഇന്ധനം നല്‍കിയെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അവകാശപ്പെട്ടു.

മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച നികുതി രഹിത നീതി പെട്രോള്‍ പമ്ബിന്റെ ഉദ്ഘാടനം കെ പി സി സി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് നിര്‍വഹിച്ചു.'രാജ്യത്ത് ഇന്ധന വില വര്‍ദ്ധനവില്ല... ജനം അനുഭവിക്കുന്നത് നികുതി ഭീകരത ...!' എന്ന പ്രമേയത്തിലാണ് 'സമരം' നടത്തിയത്.

Post a Comment

0 Comments