ഐഫോണ്‍ 13 പ്രോ ഹാക്ക്​ ചെയ്യാനെടുത്തത്​ ഒരു സെക്കന്‍റ്​; ആപ്പിളിനെ ഞെട്ടിച്ച്‌​ ചൈനീസ്​ ഹാക്കര്‍മാര്‍

 


ഐ‌ഒ‌എസിന്​ ആന്‍ഡ്രോയ്​ഡിനേക്കാള്‍ പതിന്മടങ്ങ്​ സുരക്ഷയുണ്ടെന്ന്​ ഇടക്കിടെ അവകാശപ്പെടാറുള്ള ആപ്പിളിനെ ഞെട്ടിച്ചിരിക്കുകയാണ്​ ചൈനയിലെ ഹാക്കര്‍മാര്‍.ഐ‌ഒ‌എസ് 15.0.2 സോഫ്റ്റ്‌വെയറില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും പുതിയ ഐഫോണ്‍ 13 പ്രോ സെക്കന്‍റുകള്‍ കൊണ്ടാണ്​​ ഹാക്ക്​ ചെയ്​ത്​ കാണിച്ചുകൊടുത്തത്​​.

ചൈനയിലെ ചെംഗ്ഡുവില്‍ നടക്കുന്ന അന്താരാഷ്ട്ര ഹാക്കിംഗ് മത്സരമായ ടിയാന്‍ഫു കപ്പില്‍ പങ്കെടുത്ത ഹാക്കര്‍മാര്‍ അതീവ സുരക്ഷിതമെന്ന്​ അവകാശപ്പെടുന്ന ഐ.ഒ.എസിനെ പൂപറിക്കുന്ന ലാഘവത്തോടെയാണ്​ കീഴ്​പ്പെടുത്തിയത്​. വര്‍ഷാവര്‍ഷം സംഘടിപ്പിക്കുന്ന ടിയാന്‍ഫു കപ്പില്‍​ ഹാക്കര്‍മാര്‍ക്ക് അവരുടെ ഹാക്കിങ്​ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരമാണ്​ ലഭിക്കുന്നത്​. ആപ്പിള്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ വന്‍കിട ടെക് കമ്ബനികളുടെ സുരക്ഷാ വീഴ്​ച്ചകള്‍ കണ്ടെത്തി, അവ ഭേദിച്ച്‌​ ലക്ഷങ്ങള്‍ സമ്മാനമായി നേടുകയാണ്​ ഹാക്കര്‍മാര്‍.

പരിപാടിയില്‍ പങ്കെടുത്ത കുന്‍ലൂണ്‍ ലാബ് ടീമാണ്​ 15 സെക്കന്‍റുകള്‍ മാത്രമെടുത്ത്​ തത്സമം ഐഫോണ്‍ 13 പ്രോ ഹാക്ക്​ ചെയ്​തത്​. ഫോബ്സ്​ പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച്‌, ഐഫോണ്‍ 13 പ്രോ ഹാക്ക്​ ചെയ്യാനായി സഫാരി ബ്രൗസറിലെ ഒരു സുരക്ഷാ വീഴ്​ച്ചയാണ്​ ടീം ഉപയോഗപ്പെടുത്തിയത്​.

അതേസമയം, ആപ്പിള്‍ ഉപകരണങ്ങളെ ജയില്‍‌ബ്രേക്ക്‌ ചെയ്യുന്നതില്‍ പ്രശസ്തരായ ടീം പാംഗുവാണ്​ (Pangu) വിദൂര ജയില്‍‌ബ്രേക്കിംഗിലൂടെ ഐഒഎസ് 15-ല്‍ പ്രവര്‍ത്തിക്കുന്ന ഐഫോണ്‍ 13 ഹാക്ക്​ ചെയ്​ത്​​​ 300,000 ഡോളര്‍ സമ്മാനമായി നേടിയത്​. കുന്‍ലൂണ്‍ ലാബിന്​ ഹാക്ക്​ ചെയ്യാന്‍ 15 സെക്കന്‍റുകള്‍ വേണ്ടിവന്നെങ്കില്‍, ടീം പാംഗുവിന്​ വെറും ഒരു സെക്കന്‍റ്​ മാത്രം മതിയായിരുന്നു.

ഐഫോണ്‍ 13 പ്രോയില്‍ നിന്ന് ഫോട്ടോകള്‍, ആപ്പുകള്‍ എന്നിവ ആക്‌സസ് ചെയ്യാനും ഡാറ്റ ഇല്ലാതാക്കാനും ഹാക്കര്‍മാര്‍ക്ക്​ കഴിഞ്ഞത്രേ. പുതിയ ഐഫോണിലെ സുരക്ഷാ തലങ്ങളെ മറികടക്കാന്‍ "iOS15 കേര്‍ണലിലെയും A15 ചിപ്പിലെയും ഒന്നിലധികം വീഴ്​ച്ചകള്‍" ഉപയോഗപ്പെടുത്താന്‍ ഹാക്കര്‍മാര്‍ക്ക്​ കഴിഞ്ഞതായും ഫോര്‍ബ്​സ്​ റിപ്പോര്‍ട്ടില്‍ പറയുന്നു.

Post a Comment

0 Comments