മഴയത്ത് ക്യാമറയുടെ കാഴ്ച മങ്ങി; പിഴ ഒഴിവായി വാഹനങ്ങൾ


 കോഴിക്കോട് ∙ നിയമ ലംഘനം പിടികൂടാൻ റോഡുകളിൽ സ്ഥാപിച്ച ക്യാമറക്കണ്ണിനു കനത്ത മഴ തടസ്സം നിന്നതിനാൽ പല വാഹനങ്ങൾക്കും പിടി വീഴാതെ ‘രക്ഷപ്പെട്ടു’. ജില്ലയിലെ 63 ക്യാമറകളിൽ നഗരപരിധിയിലെ ചില ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾക്ക് വ്യക്തതയില്ലാതെയായി.

 വാഹനത്തിന്റെ നമ്പർ തെളിയാതെ വന്നതിലാണ് പല വാഹനങ്ങളും പിഴയിൽനിന്നു രക്ഷപ്പെട്ടത്. ക്യാമറ ഘടിപ്പിച്ചതിലുള്ള തകരാറാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.പതിഞ്ഞ ചിത്രങ്ങൾ തിരുവനന്തപുരം സെൻട്രൽ സെർവറിൽ എത്തുകയും തുടർന്ന് ജില്ലാ കേന്ദ്രത്തിലേക്ക് അയയ്ക്കുകയുമാണ്. ഇത്തരം ദൃശ്യങ്ങളിൽ വ്യക്തത ഉള്ളവ മാത്രമാണ് നടപടിക്കായി നോട്ടിസ് അയയ്ക്കുന്നത്. നിയമലംഘനങ്ങളിൽ കൂടുതലും നാലുചക്ര വാഹനങ്ങളിലെ സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്രയാണ്. ഇതിൽ സർക്കാർ വാഹനങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. ജില്ലയിൽ കൂടുതൽ നിയമലംഘനം കണ്ടെത്തിയത് കൊടുവള്ളി മേഖലയിലാണ്.

ഇതിൽ എംഎൽഎയുടെ ഒരു കാറും ഉൾപ്പെടും. എംഎൽഎയുടെ ബോർഡ് ഉണ്ടെങ്കിലും നമ്പർ പരിശോധിച്ചതിൽ എംഎൽഎയുടെ ഉടമസ്ഥതയിലുള്ളതല്ലെന്നു വ്യക്തമായി. കഴിഞ്ഞ 4 ദിവസത്തിനിടയിൽ ജില്ലയിൽ 1076 പേർക്ക് നടപടിക്കായി നോട്ടിസ് നൽകി. ഈ വാഹന ഉടമകൾ 14 ദിവസത്തിനകം പിഴ ഓൺലൈനായി അടയ്ക്കണം.

Post a Comment

0 Comments