അതിജീവനത്തിന്റെ പുതു മാതൃക തീർത്ത കുരുന്നുകൾ; കൊടും കാടിനകത്ത് 40 ദിവസം; 11 മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ സഹോദരങ്ങളെ കണ്ടെത്തി


 ആമസോൺ കാടുകളിൽ വിമാനം തകർന്ന് വീണ് കാണാതായ കുട്ടികളെ കണ്ടെത്തി. കൊളംബിയയിൽ തകർന്ന വിമാനത്തിൽ നിന്ന് കാണാതായ പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെയുള്ള നാല് സഹോദരങ്ങളെയാണ് കണ്ടെത്തിയത്.

 കുട്ടികളുടെ ചിത്രം ഉൾപ്പെടെ വിവരങ്ങൾ പങ്ക് വച്ച് കൊളംബിയൻ പ്രസിഡന്റാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.മെയ് 1ന് ഉണ്ടായ വിമാന അപകടത്തിലാണ് പതിനൊന്ന് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞും നാലും, ഒൻപതും, പതിമൂന്നും വയസ്സുള്ള സഹോദരങ്ങള്‍ കാട്ടിൽ അകപ്പെട്ടത്. തുടർന്നിങ്ങോട്ട് 40 ദിവസത്തെ അതിജീവനമാണ് ഈ കുരുന്നുകൾ കൊടും കാടിനകത്ത് നടത്തിയത്. വിമാനം തകർന്ന് കാണാതായ കുട്ടികൾ ജിവനോടെ ഇരിക്കുന്നതായി നേരത്തെ തന്നെ സൂചനകൾ ലഭിച്ചിരുന്നു.

കമ്പുകളും ചില്ലകളും ഉപയോഗിച്ച് നിര്‍മ്മിച്ച താല്‍ക്കാലിക ഷെഡും കുട്ടികളുടെ ഹെയര്‍ ക്ലിപ്പും ഫീഡിംഗ് ബോട്ടിലും പാതി ഭക്ഷിച്ച പഴങ്ങളുമെല്ലാം കാട്ടിൽ തെരച്ചിലിനിറങ്ങിയ രക്ഷാപ്രവർത്തകർ കണ്ടെത്തിയിരുന്നു. സൈന്യത്തിന്റെ അഗ്നി രക്ഷാ സേനയ്ക്കൊപ്പം ആമസോണ്‍ കാട് അരിച്ച് പെറുക്കിയിരുന്നു.

കൊളംബിയയുടെ സേനാ ഹെലികോപ്ടറുകളും വ്യോമസേനയും തെരച്ചിലില്‍ ഭാഗമായിരുന്നു.നിരവധി നായ്കളേയും തെരച്ചിലിനായി ഉപയോഗിച്ചു. ഒരു ഘട്ടത്തിൽ സൈന്യം പ്രദേശത്തെ ഗോത്രവർഗക്കാരുടെ സഹായം തേടിയിരുന്നു. കുറച്ചു ദിവസം മുൻപ് കുട്ടികളെ കണ്ടെത്തിയതായി കൊളമ്പിയൻ പ്രസിഡന്റ് ട്വീറ്റ് ചെയ്തിരുന്നുവെങ്കിലും സ്ഥിരീകരിക്കാത്ത വാർത്തയായതിനാൽ അത് പിൻവലിക്കുകയായിരുന്നു.

ഇവര്‍ സഞ്ചരിച്ചിരുന്ന സെസ്ന 206 വിമാനം എന്‍ജിന്‍ തകരാറിനേ തുടര്‍ന്നാണ് തകര്‍ന്ന് ആമസോണ്‍ കാടുകളില്‍ തകര്‍ന്ന് വീണത്. മെയ് ഒന്നിന് ആമസോണിലെ അരാറക്വാറയില്‍ നിന്ന് സാന്‍ ജോസ് ഡേല്‍ ഗ്വവിയാരേയിലേക്കുള്ള യാത്രാ മധ്യേ ആയിരുന്നു അപകടം. കുട്ടികള്‍ അടക്കം ഏഴ് പേരായിരുന്നു ചെറുവിമാനത്തിലെ യാത്രക്കാര്‍. പൈലറ്റും കുട്ടികളുടെ അമ്മയും അടക്കം പ്രായപൂര്‍ത്തിയായ മൂന്ന് പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹം വിമാനാവശിഷ്ടങ്ങള്‍ക്ക് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു.



Post a Comment

0 Comments