വിവാഹദിനത്തിന് തൊട്ടുമുമ്പ് വധുവിന്റെ കൈയ്യും കാലും ഒടിഞ്ഞു: ആശുപത്രിയില്‍ വിവാഹം നടത്തി യുവാവ്


 കോട്ട: വധു വീണ് കൈയ്യും കാലും ഒടിഞ്ഞു, ആശുപത്രിയിലെത്തി വിവാഹം കഴിച്ച് വരന്‍. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. രാംഗഞ്ച്മണ്ടിയിലെ ഭാവ്പുരയില്‍ നിന്നുമുള്ള പങ്കജ് റാത്തോഡാണ് വധുവിനെ ആശുപത്രിയിലെത്തി താലി ചാര്‍ത്തിയത്.

ഞായറാഴ്ച വൈകുന്നേരമാണ് വിവാഹത്തിനായി രാംഗഞ്ച്മണ്ടിയില്‍ നിന്ന് കോട്ടയിലെ എംബിഎസ് ആശുപത്രിയിലേക്ക് പങ്കജ് എത്തിയത്. മാലയിടല്‍ ചടങ്ങിനും മറ്റു ചടങ്ങുകള്‍ക്കുമായി ഒരു കോട്ടേജ് മുറിയും ബുക്ക് ചെയ്തിരുന്നു. വിവാഹത്തിന് കുടുംബാംഗങ്ങളുടെ എല്ലാം സാന്നിധ്യമുണ്ടായിരുന്നു.

വധു മധു റാത്തോഡ് റാവത്ഭട്ടയിലാണ് താമസിക്കുന്നത്. ഒരാഴ്ച മുമ്പ് വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷത്തിനിടയില്‍ യുവതി പടികളില്‍ നിന്നും വീഴുകയായിരുന്നു. അങ്ങനെ രണ്ട് കൈകള്‍ക്കും കാലുകള്‍ക്കും ഒന്നിലധികം ഒടിവുകളും ഉണ്ടായി. അപകടത്തില്‍ അവളുടെ തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. തുടര്‍ന്നാണ് ചികിത്സക്കായി കോട്ടയിലെ എംബിഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അപകടത്തിന് ശേഷം, പങ്കജിന്റെ അച്ഛന്‍ ശിവ്ലാല്‍ റാത്തോഡും മധുവിന്റെ സഹോദരനും ഉള്‍പ്പെടെ വിവാഹക്കാര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തു. ആ ചര്‍ച്ചകള്‍ക്കിടയിലാണ് ആശുപത്രിയില്‍ വച്ച് മധുവുമായി വിവാഹം നടത്താനുള്ള ആഗ്രഹത്തെ കുറിച്ച് പങ്കജ് സൂചിപ്പിച്ചത്. അങ്ങനെ ആശുപത്രിയില്‍ വച്ച് വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

പങ്കജിന്റെ ഭാര്യാസഹോദരനായ രാകേഷ് റാത്തോഡ് കോട്ടയിലെ താമസക്കാരനായിരുന്നു. അങ്ങനെ, ആശുപത്രിയിലെ വിവാഹത്തിന് ഇരു വീട്ടുകാരും സമ്മതം മൂളിയതോടെ കോട്ടേജില്‍ മുറിയെടുത്ത് അവിടെ രാകേഷിന്റെ നേതൃത്വത്തില്‍ അലങ്കരിച്ചു. അങ്ങനെ, വധുവിനെ വാര്‍ഡില്‍ നിന്നും മണ്ഡപത്തിലെത്തിച്ച് വിവാഹം നടന്നു.

സാധാരണ വിവാഹത്തിനുണ്ടാകുന്ന എല്ലാ ചടങ്ങുകളോടും കൂടെത്തന്നെയാണ് വിവാഹം നടന്നത്. എന്നാല്‍, മധുവിന് നടക്കാന്‍ സാധിക്കാതിരുന്നതിനാല്‍ അഗ്‌നിയെവലം വയ്ക്കാന്‍ കഴിഞ്ഞില്ല. ഏതായാലും, കുറച്ച് ദിവസം കൂടി ആശുപത്രിയില്‍ തുടര്‍ന്നാലെ മധുവിന് പൂര്‍ണമായും ഭേദമാകൂ.

Post a Comment

0 Comments