ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലെ കള്ളുഷാപ്പുകളിൽ വിദ്യാർത്ഥികളെത്തുന്നത് പതിവ് കാഴ്ച്ചയാകുന്നു. ആൺ – പെൺ വ്യത്യാസമില്ലാതെയാണ് വിദ്യാർത്ഥികൾ കൂട്ടത്തോടെ കള്ളുഷാപ്പുകളിൽ എത്തുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ഭക്ഷണം കഴിക്കാനെന്ന പേരിൽ എത്തുന്ന സംഘങ്ങൾ ഷാപ്പിനുള്ളിലും പൊതുസ്ഥലങ്ങളിലും കള്ളുകുടി ആഘോഷമാക്കുകയും ചെയ്യുന്നു.
ആൺ-പെൺ വ്യത്യാസമില്ലാതെയാണ് ഗ്രാമപ്രദേശങ്ങളിലെ കള്ളുഷാപ്പുകളിൽ സ്കൂൾ, കോളേജ് വിദ്യാർഥികൾ എത്തുന്നത്. തുറവൂരിലെ പള്ളിത്തോട്-ചാവടി റോഡിൽ ഇരുവശങ്ങളിലുമായി പ്രവർത്തിക്കുന്നതുൾപ്പെടെയുള്ള ഗ്രാമപ്രദേശങ്ങളിലെ കള്ളുഷാപ്പുകളിൽ ഭക്ഷണം കഴിക്കാനെന്ന പേരിൽ വിദ്യാർഥികൾ എത്തുന്നതും അതോടൊപ്പം മദ്യപാനം നടത്തുന്നതും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
കള്ള് വാങ്ങി പൊതുറോഡിൽ നിന്ന് മദ്യപിക്കുന്നതും നിത്യകാഴ്ചയാണ്. കൂടുതലും ഇരുചക്രവാഹനങ്ങളിലും കാറിലും എത്തുന്നവരാണ്. മദ്യം നൽകുന്നതിന് സർക്കാർ വ്യക്തമായ പ്രായപരിധിയുള്ളപ്പോൾ സ്കൂൾ വിദ്യാർഥികൾ യൂണിഫോമിൽപോലും കള്ളുഷാപ്പിൽ എത്തി മദ്യപാനം നടത്തിയിട്ടും പോലീസും എക്സൈസും കണ്ടില്ലെന്ന് നടിക്കുകയാണെന്നും പരാതിയുണ്ട്.
വൈകുന്നേരങ്ങളിൽ കള്ളുഷാപ്പിൽ എത്തി പടി വാങ്ങുന്നതല്ലാതെ എക്സൈസ് വകുപ്പ് ഇതുസംബന്ധിച്ച് അന്വേഷണം നടത്താനോ കുറ്റക്കാരായ കള്ളുഷാപ്പ് ഉടമകൾക്കെതിരേ നടപടി സ്വീകരിക്കാനോ തയാറാകുന്നില്ലെന്നു നാട്ടുകാർ ആരോപിക്കുന്നു.
0 Comments