മണ്ണാര്‍ക്കാട്: എസ്എംഎ ബാധിതനായ ഒന്നരവയസ്സുകാരന്‍ നിര്‍വാണിന് കാരുണ്യ മനസ്സുകളുടെ സഹായ ഹസ്തം. നിര്‍വാണിന്റെ ചികിത്സക്കായി രൂപീകരിച്ച അക്കൗണ്ടിലേക്ക് 18 കോടിയുടെ കനിവെത്തി. നിര്‍വാണിന് പിച്ച വച്ച് ഓടിച്ചാടി നടക്കാന്‍ ഇനി മരുന്ന് എത്തിയാല്‍ മതി.
അവശ്യമായ തുക എത്തിയതോടെ അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെന്ന് കുടുംബം അറിയിച്ചു.കഴിഞ്ഞ ദിവസമാണ് നിര്‍വാണിന് വേണ്ടിയുള്ള അക്കൗണ്ടിലേക്ക് 1.4 മില്യണ്‍ സഹായമെത്തിയത്. നിര്‍വാണിന്റെ ചികിത്സക്കായി രൂപീകരിച്ച അക്കൗണ്ടിലേക്ക് 1.4 മില്യണ്‍ ഡോളര്‍ (ഏകദേശം 11.6 കോടി ഇന്ത്യന്‍ രൂപ) അജ്ഞാത വ്യക്തിയാണ് സംഭാവന ചെയ്തത്. മരുന്നിനുള്ള ഓര്‍ഡര്‍ നല്‍കുകയാണെന്നും അറിയിച്ചിരുന്നു. മരുന്ന് എത്തുമ്പോഴേക്കും ഒരു കോടി കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. ആ പ്രതീക്ഷ കനിവുള്ള മനസ്സുകള്‍ കൈവിട്ടില്ല.
പേരും വ്യക്തി വിവരങ്ങളും പങ്കുവയ്ക്കാന്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞാണ് ആ ഏറ്റവും വലിയ കാരുണ്യ മനസ്സ് നിര്‍വാണിനായി 11.6 കോടി നല്‍കിയത്. 17.3 കോടി രൂപ വില വരുന്ന സോള്‍ജെന്‍സ്മ മരുന്നാണ് കുഞ്ഞ് നിര്‍വാണിന് ആവശ്യം.
ജനുവരിയില്‍ മൂന്നാഴ്ച നീണ്ട പരിശോധനകള്‍ക്ക് ശേഷമാണ് നിര്‍വാണിന് സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി സ്ഥിരീകരിച്ചത്. ജനിച്ച് പതിമൂന്ന് മാസം പിന്നിട്ടിട്ടും നിര്‍വാണിന് ഇരിക്കാനോ എഴുന്നേറ്റ് നില്‍ക്കാനോ സാധിച്ചിട്ടില്ല. കുഞ്ഞിന് രണ്ട് വയസ്സാകുന്നതിന് മുമ്പ് മരുന്ന് നല്‍കിയാല്‍ മാത്രമേ പ്രയോജനം ഉള്ളൂവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെയാണ് കുടുംബം സുമനസ്സുകളുടെ സഹായം തേടിയത്.
0 Comments