‘കേരളം ഒരു സംസ്ഥാനം; ഏതൊരു ഇന്ത്യക്കാരനും അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ട്വീറ്റ് നീരസത്തോടെ മാത്രമേ കാണൂ’; യുപി പോലീസ് ഡിഎസ്പി അഞ്ജലി


 ലഖ്‌നൗ: ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ തുടങ്ങിയ നാള്‍ മുതല്‍ കേരളം ലോകത്തിന്റെ നെറുകയിലാണ്. ഫുട്‌ബോള്‍ പ്രേമം കൊണ്ട് ലോകശ്രദ്ധയാകര്‍ഷിച്ച കേരളത്തെ ബ്രസീല്‍ ടീമിലെ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറും അര്‍ജന്റീനയുടെ ഔദ്യോഗിക സോഷ്യല്‍മീഡിയ പേജും അഭിനന്ദിച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ കേരളത്തിന്റെ പിന്തുണയ്ക്ക് നന്ദി അറിയിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ നടത്തിയ ട്വീറ്റ് അശ്രദ്ധമെന്ന് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഉത്തര്‍ പ്രദേശിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥ.

യുപി പാലീസ് ഡിഎസ്പി അഞ്ജലി കതാരിയ ആണ് അര്‍ജന്റീന ടീം ട്വീറ്റ് തിരുത്തണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നത്. കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനമാണെന്നും അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ട്വീറ്റ് അശ്രദ്ധയാണെന്നും അഞ്ജലി തന്റെ ട്വിറ്ററിലൂടെ പ്രതികരിച്ചിരിക്കുകയാണ്.

‘അര്‍ജന്റീനയിലെ ഔദ്യോഗിക കായിക സമിതിയില്‍ നിന്നുള്ള ട്വീറ്റ് വലിയ അശ്രദ്ധയാണ്. കേരളത്തെ പ്രത്യേകമായി ഉള്‍പ്പെടുത്തിയത്, അതും ബ്രിട്ടണ്‍ ഭരിച്ച ഇന്ത്യയില്‍ നിന്ന് രക്തരൂക്ഷിതമായി മാറ്റപ്പെട്ട മൂന്ന് രാഷ്ട്രങ്ങളില്‍ ഒന്നായി ഉള്‍പ്പെടുത്തിയത് ആത്മാഭിമാനമുള്ള ഏത് ഇന്ത്യക്കാരനും നീരസത്തോടെയേ വായിക്കൂ.’- എന്നാണ് അഞ്ജലി ട്വീറ്റ് ചെയ്തിരിക്കുന്നത്.

അതേസമയം, ലോകകപ്പ് വിജയികളായതിന് പിന്നാലെയാണ് അര്‍ജന്റീനയ്ക്ക് നല്‍കിയ പിന്തുണയ്ക്ക് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ കേരളത്തിനും പ്രത്യേകം നന്ദി അറിയിച്ചത്. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ക്കൊപ്പം കേരളമെന്ന് അസോസിയേഷന്‍ പ്രത്യേകം പരാമര്‍ശിച്ചിരുന്നു. ഇത് രാജ്യാന്തര തലത്തില്‍ പോലും ചര്‍ച്ചയായിരുന്നു. ആരാധകര്‍ക്ക് വലിയ ആവേശമായ ഈ ട്വീറ്റാണ് പോലീസ് ഉദ്യോഗസ്ഥയെ ചൊടിപ്പിച്ചിരിക്കുന്നത്.ലോകകപ്പ് ആരംഭിക്കുന്നതിനു മുന്‍പ് കോഴിക്കോട് പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച മെസി, നെയ്മര്‍, റൊണാള്‍ഡോ തുടങ്ങിയവരുടെ കട്ടൗട്ടുകള്‍ രാജ്യാന്തര മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.




Post a Comment

0 Comments