ചെക്കൻ കട്ട മെസ്സി ഫാൻ, പെണ്ണാകട്ടെ ഫ്രാൻസിന്റെ കടുത്ത ആരാധികയും. ഇരുവരുടെയും വിവാഹം അർജന്റീനയും ഫ്രാൻസും യുദ്ധത്തിനിറങ്ങുന്ന ലോകകപ്പ് ഫൈനൽ ദിനത്തിൽ.
എങ്കിൽപിന്നെ വിവാഹ വേദിയിൽ ഇഷ്ടതാരങ്ങളുടെ ജഴ്സി കൂടിയിരിക്കട്ടെ എന്നായി വധു ആതിരയും വരൻ സച്ചിനും. മെസ്സിയുടെയും എംബപെയുടെയും ജഴ്സിയുമായി മണ്ഡപത്തിലിരിക്കുന്ന വധൂവരൻമാരെ കണ്ടു കാര്യം തിരക്കിയവരോടൊക്കെ സ്വന്തം ടീമിനെ പിന്തുണച്ചുള്ള ചൂടൻ കമന്റുകളുമായി ഇരുവരും കടുത്ത വാശിയിൽ.
ഫൗളുകളില്ലാത്ത വിവാഹജീവിതമാകും തങ്ങളുടേതെന്നുറപ്പിച്ച് മെസ്സിയുടെയും എംബപെയുടെയും ‘സാന്നിധ്യത്തിൽ’ ആതിരയുടെ കഴുത്തിൽ സച്ചിൻ താലി ചാർത്തിയപ്പോൾ കൊട്ടും കുരവയും ആരവമായി. തിരുവനന്തപുരം മെഡിക്കൽ കോളജ് കൊച്ചുള്ളൂർ രാധാമാധവത്തിൽ എസ്. രാധാകൃഷ്ണ കമ്മത്തിന്റെയും ആർ. ശ്രീവിദ്യയുടെയും മകനാണു തിരുവനന്തപുരം ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞനായ സച്ചിൻ ആർ. കമ്മത്ത്. കൊച്ചി സെന്റ് ബെനഡിക്ട് റോഡ് റാം മന്ദിറിൽ ആർ.രമേശ് കുമാറിന്റെയും സന്ധ്യാ റാണിയുടെയും മകളാണ് സിഎ വിദ്യാർഥിയായ ആർ. ആതിര.
കടവന്ത്രയിലെ കല്ല്യാണ മണ്ഡപത്തിലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹച്ചടങ്ങുകൾ പൂർത്തിയാക്കി സദ്യയുമുണ്ട് എത്രയും വേഗം തിരുവനന്തപുരത്തു സച്ചിന്റെ വീട്ടിലേക്കെത്താനുള്ള വെമ്പലിലായിരുന്നു ദമ്പതികൾ. കാരണം, എട്ടരയ്ക്കു ഫൈനൽ മത്സരം തുടക്കം മുതൽ കാണണം.
0 Comments