അമ്പലപ്പുഴ: നാഗ്പൂരില്‍ ദേശീയ സൈക്കിള്‍ പോളോ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ എത്തിയ കേരള ടീം അംഗമായ 10 വയസ്സുകാരി ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ മരിച്ച സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്.
അമ്പലപ്പുഴ കാക്കാഴം സ്വദേശിനി ഫാത്തിമ നിദ ഷിഹാബുദ്ദീനാണ് ചികിത്സയ്ക്കിടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോയതായിരുന്നു ഏഴരപ്പീടിക പുറക്കാടന്‍ സുഹ്‌റ മന്‍സിലില്‍ ഷിഹാബുദ്ദീന്റെയും അന്‍സിലയുടെയും മകള്‍ ഫാത്തിമ നിദ.
കോച്ച് ജിതിനും ടീമിലെ മുതിര്‍ന്ന വനിതാ അംഗത്തിനും ഒപ്പമായിരുന്നു താമസസ്ഥലത്തുനിന്ന് 100 മീറ്റര്‍ മാത്രം ദൂരെയുള്ള ശ്രീകൃഷ്ണ ആശുപത്രിയില്‍ കുട്ടി എത്തിയത്. കുത്തിവയ്പിനു പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല.
ചികിത്സാപ്പിഴവാണ് മരണകാരണമെന്ന് കോച്ച് ജിതിന്‍ ആരോപിച്ചു. സംഘത്തിലെ 29 പേരും പുറത്തുനിന്നു വരുത്തിയ ഒരേ ഭക്ഷണമാണ് കഴിച്ചതെന്നും നിദ ഒഴികെ ആര്‍ക്കും ബുദ്ധിമുട്ട് ഉണ്ടായിട്ടില്ലെന്നും കോച്ച് പറഞ്ഞു. എന്നാല്‍ കുത്തിവയ്‌പെടുത്തപ്പോള്‍ അലര്‍ജിയുണ്ടായതാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
അതേസമയം, മകള്‍ ആശുപത്രിയിലാണെന്ന വാര്‍ത്തയറിഞ്ഞ് പിതാവ് ഷിഹാബുദ്ദീന്‍ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് പുറപ്പെട്ടിരുന്നു. എന്നാല്‍ വിമാനത്താവളത്തില്‍ വച്ച് ടിവി വാര്‍ത്തയിലൂടെയായിരുന്നു മകളുടെ മരണവാര്‍ത്ത അറിഞ്ഞത്. നിദയുടെ വിയോഗ വാര്‍ത്ത ഉറ്റവരെയും ബന്ധുക്കളെയും തളര്‍ത്തിയിരിക്കുകയാണ്.
0 Comments