ഇൻഡിഗോ എയർലൈൻസിലെ ഒരു യാത്രക്കാരനും ജീവനക്കാരിലൊരാളും തമ്മിലുള്ള തർക്കത്തിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറവാകുന്നത്. ഇൻഡിഗോ എയർലൈൻസിന്റെ ഇസ്താംബുൾ-ഡൽഹി വിമാനത്തിലെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
വിമാനത്തിനുള്ളിൽ ഭക്ഷണം തിരഞ്ഞെടുക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിന്റെ വിഡിയോയാണ് പ്രചരിക്കുന്നത്. ഗുർപ്രീത് സിംഗ് ഹാൻസ് എന്നയാളാണ് ട്വിറ്ററിൽ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു എയർഹോസ്റ്റസും യാത്രക്കാരനും തമ്മിലുള്ള രൂക്ഷമായ തർക്കമാണ് വിഡിയോയിൽ കാണാനാവുക. യാത്രക്കാരൻ എയർഹോസ്റ്റസിനോട് വളരെ പരുഷമായാണ് സംസാരിക്കുന്നത്. നിങ്ങൾ ആക്രോശിച്ചതും ബഹളം വച്ചതുംകാരണം ഞങ്ങളുടെ ഒരു ക്രൂമെമ്പർ കരയുകയാണെന്ന് എയർഹോസ്റ്റസ് പറയുന്നത് വിഡിയോയിൽ കാണാം. എന്നാൽ എയർഹോസ്റ്റസ് പറഞ്ഞു പൂർത്തിയാക്കുന്നതിന് മുമ്പ്, യാത്രക്കാരൻ "നീ എന്തിനാണ് അലറുന്നത്?" എന്ന് ചോദിക്കുന്നത് കാണാം.
രൂക്ഷമായ വാക്കുതർക്കത്തിനിടെ യാത്രക്കാരൻ നിങ്ങൾ വേലക്കാരിയാണെന്ന് പറഞ്ഞു. ഇതോടെ ക്ഷമ നശിച്ച എയർഹോസ്റ്റസ് ഞാൻ നിങ്ങളുടെ വേലക്കാരിയല്ല ഞാൻ ഇൻഡിഗോ കമ്പനിയുടെ ജോലിക്കാരിയാണെന്ന് പറയുകയായിരുന്നു. അതേസമയം, വിഡിയോയെക്കുറിച്ച് വ്യത്യസ്തങ്ങളായ പ്രതികരണങ്ങളാണ് പുറത്തുവരുന്നത്. ചിലർ എയർഹോസ്റ്റസിന്റെ പ്രതികരണം മോശമാണെന്ന് പറയുന്നു. എന്നാൽ ചിലർ എയർഹോസ്റ്റസിനെ അനുകൂലിച്ചും രംഗത്ത് എത്തിയിട്ടുണ്ട്. ചില ഉപയോക്താക്കൾ ഇൻഡിഗോ ക്രൂവിനെ കഠിനാധ്വാനം ചെയ്യുന്നവരെന്ന് വിളിക്കുമ്പോൾ, ചിലർ ക്രൂ അംഗങ്ങൾ അക്ഷമരാകുന്നത് വർദ്ധിച്ചുവരുന്ന പ്രവണതയാണെന്നും പറയുന്നു.
0 Comments