കൊല്ലം: പണമടയ്ക്കാൻ സാവകാശം തേടിയെങ്കിലും അനുവദിക്കാതെയായിരുന്നു വീട്ടിൽ ജപ്തി നോട്ടീസ് പതിച്ച കേരള ബാങ്ക് നടപടിയെന്ന് കൊല്ലത്ത് ആത്മഹത്യ ചെയ്ത അഭിരാമിയുടെ അച്ഛൻ.
വീടിന് മുന്നിൽ തന്നെ ബോർഡ് വച്ചതിൽ വലിയ മാനസിക വിഷമത്തിലായിരുന്നു മകളെന്നും അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒന്ന് കാലുറപ്പിക്കാൻ സാവകാശം കൊടുത്തിരുന്നെങ്കിൽ, ഈ ഭാരം ഒറ്റയ്ക്ക് താങ്ങുമായിരുന്ന വിധം മിടുക്കിയായൊരു പെൺകുട്ടി, ഈ സ്വത്ത് ഇനി ബാങ്കിന്റെതാണെന്നും അതിക്രമിച്ചു കടന്നാൽ ശിക്ഷിക്കപ്പെടുമെന്നും കാണിച്ച് ബാങ്ക് വച്ച വലിയ ബോർഡ് തകർത്തത് അഭിരാമിയുടെ പ്രതീക്ഷകളെയാണ്. അവൾക്ക് മേൽ വീട്ടുകാർക്കുണ്ടായിരുന്ന വിശ്വാസങ്ങളെയാണ്. അഭിരാമിക്ക് കൂടി വേണ്ടി വച്ച വീടിന് മേലുള്ള കടം ഏക മകളുടെ തന്നെ ജീവനെടുത്ത ദുരന്തത്തിൽ അച്ഛനും അമ്മയും. അജികുമാറിനും ശാലിനിക്കും ഇത് താങ്ങാൻ ആവാത്ത വേദന.
'കേരള ബാങ്കിന് വീഴ്ചയില്ല, ആത്മഹത്യക്ക് മറ്റ് കാരണങ്ങളുണ്ടോ എന്നതും പരിശോധിക്കണം': ഗോപി കോട്ടമുറിക്കൽ
നടന്നത് ജപ്തിയല്ലെന്നും സൂചനാ നടപടികൾ ആണെന്നും ബാങ്ക് വിശദീകരിക്കുമ്പോൾ തങ്ങളുടെ നഷ്ടം ആര് നികത്തുമെന്ന ഈ മാതാപിതാക്കളുടെ വിലാപത്തിന് മറുപടി നൽകാൻ ആരുമില്ല. തിരിച്ചടവിന് സമ്മർദ്ദം ചെലുത്തുന്ന 'സിംബോളിക് പൊസഷൻ' എന്ന ന്യായീകരണം കവർന്നത് ഏക മകളുടെ ജീവിതം. ബോർഡ് സ്ഥാപിച്ചത് മകൾ കണ്ടാലുണ്ടാകുന്ന മാനഹാനി അടക്കം മുന്നിൽക്കണ്ട് സാവകാശം ചോദിച്ചെങ്കിലും ബാങ്ക് തയ്യാറായില്ലെന്ന് നിറകണ്ണുകളോടെ അഭിരാമിയുടെ അച്ഛൻ.
ബോർഡ് വയ്ക്കുന്നതിനെ അയൽവാസികളും എതിർത്തിരുന്നു. കൊവിഡിനെ തുടർന്ന് ജോലി പോയതും, അച്ഛന്റെയും ഭാര്യയുടെയും ചികിത്സ തീർത്ത പ്രതിസന്ധികളും കാരണമാണ് അജികുമാരിന്റെ തിരിച്ചടവ് മുടങ്ങിയത്. ഈ വാക്ക് കേട്ടിരുന്നെങ്കിൽ... അൽപം സാവകാശം നൽകിയിരുന്നെങ്കിൽ...
0 Comments