” ചേട്ടാ ഇതാരാ ഈ സുമ ” ഭാര്യ എഴുതി തന്ന പച്ചക്കറികളുടെ ലിസ്റ്റ് വായിച്ച് മടക്കി പോക്കറ്റിൽ ഇടുകയായിരുന്നു പോർട്ടിക്കോയിൽ ഇരുന്നു കൊണ്ട് സജീവൻ


 ഒരു കൊച്ചു ഫാമിലി സ്റ്റോറി

രചന: സുരേഷ് മേനോൻ

” ചേട്ടാ ഇതാരാ ഈ സുമ ” ഭാര്യ എഴുതി തന്ന പച്ചക്കറികളുടെ ലിസ്റ്റ് വായിച്ച് മടക്കി പോക്കറ്റിൽ ഇടുകയായിരുന്നു പോർട്ടിക്കോയിൽ ഇരുന്നു കൊണ്ട് സജീവൻ.

ഒരു നിമിഷം നട്ടെല്ലില്ലൂടെ ഒരു തരിപ്പ് കയറി. ദൈവമെ ഇതെങ്ങിനെ ഇവളുടെ കയ്യിൽ കിട്ടി. തന്റെ മൊബൈൽ …. പൊതുവെ തന്റെ മൊബൈൽ അവൾ നോക്കാറില്ല അതിനാൽ തന്നെ മൊബൈൽ ലോക്ക് ചെയ്യാനും ശ്രമിച്ചിട്ടില്ല.

“ന്താ ” ” ഇതെന്താ ചെവി കേട്ടു കൂടെ …. ഈ സുമ ആരാന്ന് “ബിന്ദുവിന്റെ ശബ്ദത്തിന് ഒരു ഗാംഭീര്യം വന്ന പോലെ ..


” ഓ സുമ ” സജീവൻ ഒരു പ്രത്യേക തരം ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു.


“ഓ സുമ അത് .. ടീ അക്ഷയ സെന്ററിൽ വർക്കു ചെയ്യുന്ന സുമ ./മനസ്സിലായില്ലെ … ആധാർ കാർഡിന്റെ അഡ്രസ്സിൽ ഒരു ചെയ്ഞ്ച് വരുത്താനായി നമ്മൾ പോയപ്പോ കണ്ട ആ സുമ … ”

” അപ്പൊ …. ഈ രമയൊ …..”


“രമയൊ … ആ …. രമയല്ലെ …രമ അത് ….ആ രമ ..” സജീവൻ ആകെ പതറി….


“ആ രമയൊ മനോരമയൊ ഒന്നുമല്ല ഈ രമ ആരാണെന്നാ ചോദിച്ചെ….” ബിന്ദു വിടാനുള്ള ഭാവമില്ല


” ഓ രമ നമ്മുടെ രമ… എന്റെ ബിന്ദു അത് ആ കൃഷി ആഫീസിൽ വർക്ക് ചെയ്യുന്ന രമ. ഹാ നീ ഓർക്കുന്നില്ലെ … വിയറ്റ്നാം ചക്ക എന്ന് പറഞ്ഞ ഒരു ചക്കയുടെ തൈ വേണമെന്ന് നീ പറഞ്ഞപ്പോൾ ഞാൻ കൃഷി ഓഫീസിൽ പോയത് ഓർക്കുന്നില്ലെ… കൃഷി ഓഫീസിലെ രമ ”

“അപ്പൊ ഈ ലീന പോൾ ഏത് ഓഫീസിലാണാവൊ വർക്ക് ചെയ്യുന്നെ ….”


സജീവൻ പതിയെ എഴുന്നേറ്റു . ” നല്ലോരു ഞായറാഴ്ചയായിട്ട് നിനക്ക് വേറെ പണിയില്ലേ. നീ ബ്രേക്ക്ഫാസ്റ്റ് വെച്ചെ. വിശക്കുന്നു ” ” വിശപ്പൊക്കെ ഞാൻ മാറ്റി ത്തരാം. സജിയേട്ടൻ അവിടെയിരി ”


ബിന്ദുവിന്റെ വാക്കിന്റെ മൂർച്ച സജീവനെ ഒന്നു കുടഞ്ഞു. യാന്ത്രികമായി സജീവൻ കസേരയിൽ ഇരുന്നു ….


“കളക്റ്ററേറ്റിലായിരിക്കും ഈ ലീന പോൾ വർക്ക് ചെയ്യുന്നത് അല്ലെ ….”

” ഏയ് അല്ല ” ” പിന്നെ ”


“പെട്രോൾ പമ്പിൽ ” “പെട്രോൾ പമ്പിലൊ ”


” ഉം ….അതേയ് നിനക്കറിഞ്ഞൂടെ … ഈ ഡീസലിന്റെയും പെട്രോളിന്റെയും വില നിത്യേന കൂടിക്കൊണ്ടിരിക്കയല്ലെ . രാത്രി ഒമ്പത് മണിക്കാ കൂടുന്നെ . അത് മുൻകൂട്ടി അറിയാവുന്നവർ അവിടത്തെ ജോലിക്കാർ മാത്രമാ. വില കൂടുമെന്നായാൽ ലീന എന്നെ നേരത്തെ വിളിച്ചു പറയും. ഞാൻ പോയി അപ്പൊ പെട്രോൾ അടിക്കും..”


ബിന്ദു സജീവന്റെ മുഖത്തേക്ക് രൂക്ഷമായൊന്ന് നോക്കി ആ നോട്ടം അധികം താങ്ങാൻ കഴിയാതെ സജീവൻ പതിയെ തല താഴ്ത്തി.


“അപ്പൊ പിന്നെ അക്ഷയയിൽ വർക്ക് ചെയ്യുന്ന സുമയുമായി ഷോപ്പിങ്ങ് മാളിൽ പോയതും അവിടത്തെ ഫുഡ് കോർട്ടിൽ പോയതും ആധാർ കാർഡിന്റെ ആവിശ്യത്തിനായിരിക്കും അല്ലെ ”

ഒരു നിമിഷം സജീവിന്റെ കാലിന്നടിയിൽ നിന്നും ഒരു തരിപ്പ് മുകളിലോട്ട് കയറി.


ദൈവമെ ഇവളെല്ലാം വായിച്ചിരിക്കുന്നു. ഇനി ഈ കുരുക്കിൽ നിന്ന് എങ്ങിനെ രക്ഷപെടും. . ” മൊബൈൽ ലോക്ക് ചെയ്യണമെന്ന് പലപ്പോഴും ചിന്തിച്ചിട്ടുള്ളതാ ”


സജീവൻ മനസ്സിൽ പറഞ്ഞ് തീർക്കുന്നതിന് മുമ്പെ ബിന്ദു മെസ്സജിന്റെ ബാക്കി വായിച്ചു …

” ഒരു പാട് നല്ല നിമിഷങ്ങളാണ് ആ ഫുഡ് കോർട്ടിൽ എനിക്ക് നീ നൽകിയത്. ലോട്ട് സ് ഓഫ് ലവ് റ്റു യു ”


ചാറ്റിന്റെ ബാക്കി ഭാഗങ്ങൾ ബിന്ദു പതിയെ വായിച്ചു നിർത്തി ….

എന്ത് പറയണമെന്നറിയാതെ സജീവൻ തലയും താഴ്ത്തിയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ തല ചെരിച്ച് പതിയെ ബിന്ദുവിനെ ഒന്നു നോക്കി. ചട്ടിയിൽ വിരിഞ്ഞു നിൽക്കുന്ന റോസാ പൂക്കളെ നോക്കിയിരിക്കയാണവൾ. .


പെട്ടെന്ന് പതിയെ അവൾ കണ്ണുകളടച്ചു. രണ്ടു കണ്ണിൽ നിന്നും നീർച്ചാലുകൾ കവിളിലേക്ക് ഒലിച്ചിറങ്ങുന്നു.


സജീവന് അത് സഹിക്കാൻ കഴിഞ്ഞില്ല ” ബിന്ദു നീ വിചാരിക്കുന്ന മാതിരി ഞങ്ങളുടെ ഇടയിൽ ഒന്നു മില്ല ഫുഡ് കോർട്ടിൽ പോയി എന്നുള്ളത് സത്യമാണ് … പക്ഷെ … ”


” നിങ്ങൾമിണ്ടി പോകരുത് ” വിരൽ ചൂണ്ടി ബിന്ദു അത് പറഞ്ഞപ്പോൾ സജീവൻ ഒന്നു പകച്ചു.

എന്ത് പറയണമെന്നറിയാത്ത നിമിഷങ്ങൾ. ഇത്രയും കാലം കെട്ടിപടുത്ത എല്ലാ വിശ്വാസങ്ങളും സ്നേഹവും തകർന്നു വീഴുകയാണ്. നെഞ്ചിടിപ്പു വല്ലാതെ കൂടുന്നു. എങ്ങിനെയെങ്കിലും ഇതിനെ മറികടന്നെ പറ്റു .അവളുടെ വിശ്വാസം വീണ്ടെടുക്കണം. പക്ഷെ എങ്ങിനെ ? സജീവൻ കണ്ണടച്ചിരുന്നു.


ഒരു വല്ലാത്ത വീർപ്പുമുട്ടലിന്റെ നിമിഷങ്ങൾ കൊഴിഞ്ഞു വീണു കൊണ്ടേയിരുന്നു. രണ്ടു പേരും കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല.


പെട്ടെന്നാണ് സജീവന്റെ ഫോൺ ബല്ലടിച്ചത്. ബിന്ദു നോക്കി .സുമ വിളിക്കുന്നു.

“ദാ നിങ്ങളെ സുമ വിളിക്കുന്നു ”


സജീവൻ ആകെ പതറി. “എനിക്കൊന്നും സംസാരിക്കാനില്ല. കട്ട് ചെയ്തേക്ക് ”


” പറ്റില്ല നിങ്ങൾ സംസാരിക്കണം. സംസാരിച്ചെ പറ്റു .സ്പീക്കറിൽ ഇട് … ”

സജീവൻ മനസ്സില്ലാമനസ്സോടെ ഫോൺ വാങ്ങി സ്പീക്കറിൽ ഇട്ടു .


“ഹായ് സജിയല്ലെ ….” സുമയുടെ ശബ്ദം ” അതെ “സജിയുടെ ശബ്ദം വളരെ പതിയെ ആയിരുന്നു.


“സജി എങ്ങിനെ നന്ദി പറയണമെന്ന് എനിക്കറിയില്ല. ഇതിന് മുമ്പ് ഒരു പ്രാവിശ്യം ഇങ്ങനെ എനിക്ക് പറ്റിയിട്ടുണ്ട്. ഷുഗർ ലോ ആകുന്നതാണ് .അതിനാൽ ചേട്ടൻ എന്നെ ഒറ്റക്ക് പുറത്ത് വിടാറില്ല.


സത്യത്തിൽ അന്ന് ഷോപ്പിങ്ങ് മാളിൽ വെച്ച് ഇങ്ങനെ കുറഞ്ഞ സമയത്ത് സജിയുണ്ടായത് മഹാഭാഗ്യം … ഫുഡ് കോർട്ടിൽ നിന്ന് ചായ കുടിച്ച് ഒന്ന് rest എടുത്തപ്പൊഴാ ആശ്വാസമായെ . ഈ ഉപകാരം ഞാൻ ഒരിക്കലും മറക്കില്ല സജി. ഹസ്ബന്റ് അറിഞ്ഞപ്പോൾ കുറെ ചീത്ത പറഞ്ഞു ഇനി എന്നെ ഒറ്റക്ക് വിടുന്ന പ്രശ്നമില്ല. ”


ഒരു നാടോടി കഥ കേൾക്കുന്നപോലെ സജീവൻ കേട്ടു കൊണ്ടിരുന്നു … ബിന്ദുവിനെ നോക്കി അവളും ശ്രദ്ധയോടെ കേട്ടുകൊണ്ടിരിക്കുന്നു


” സജി …ഞാനും ഹസ്ബന്റും കൂടി ഒരു ദിവസം വീട്ടിലേക്ക് വരുന്നുണ്ട്. ഹസ്ബന്റിന് സജിയെ ഒന്ന് പരിചയപ്പെടണമെന്ന് പറഞ്ഞു . വൈഫിനോട് പറയണെ… ഒ കെ സജി …”


സുമ ഫോൺ കട്ടു ചെയ്തു. സജി ആകെ വല്ലാത്തൊരവസ്ഥയിലായി. ഇവൾ എന്തൊക്കെയാണ് ഈ പറയുന്നത് . ഒരു പിടിയും കിട്ടുന്നില്ല ..വടക്ക് നോക്കിയന്ത്രം എന്ന സിനിമയിൽ കള്ളനെന്ന് കരുതി പിടിച്ചപ്പോൾ ശ്രീനിവാസൻ ചിരിച്ച പോലെ സജി ബിന്ദുവിന്റെ മുഖത്ത് നോക്കി ഒരു വല്ലാത്ത ചിരി ചിരിച്ചു.


ഫോൺ സംഭാഷണം കേട്ട ബിന്ദുവും പരുങ്ങലിലായി. സജീവന്റെ മുഖത്ത് പോലും നോക്കാൻ പറ്റാത്ത അവസ്ഥ. കുറച്ചു നേരം രണ്ട് പേരും ഒന്നും മിണ്ടിയില്ല. ബിന്ദു പതിയെ ചെന്ന് സജീവന്റെ കൈകൾ കൂട്ടി പിടിച്ചു


“ഐ ആം സോറി ..സോറി ട്ടോ ..” സജീവൻ തലയുയർത്തി ബിന്ദുവിനെ നോക്കി.


മെല്ലെ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. ” ഞാനാകെ വിഷമിച്ചു പോയി. എനിക്ക് ഓർക്കാൻ പോലും കഴിയില്ല അങ്ങിനെ ഒരു കാര്യം .പിന്നെ ഞാൻ ജീവിച്ചിരിക്കില്ല സജിയേട്ടാ ”


സജി എല്ലാം മൂളിക്കേട്ടു.”സാരമില്ല. ന്തായാലും എല്ലാം കലങ്ങി തെളിഞ്ഞല്ലൊ” സജി ഒന്ന് നിർത്തി തുടർന്നു.


“ഞാൻ മാർക്കറ്റിൽ പോയിട്ട് വരാം. എന്തെങ്കിലും മറന്നിട്ടുണ്ടെങ്കിൽ വാട്ട് സപ്പ് ചെയ്താ മതി”

ബിന്ദു പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി. കാർ പുറത്തേക്ക് എടുക്കുന്നതിനായി ഗേറ്റ് തുറന്നു കൊടുത്തു.


ഹൈപ്പർ മാർക്കറ്റിന്റെ സമീപം ഒരു വലിയ ആൽമരമുണ്ട്. അതിന്റെ ചുവട്ടിൽ സജീവൻ വണ്ടി പാർക്ക് ചെയ്തു. സുമയെ ഒന്ന് വിളിക്കണം. അവൾ എന്തൊക്കെയാ പറഞ്ഞത് .അതും എന്തൊരു ടൈമിംഗ് ആയിരുന്നു അവളുടേത്. എല്ലാം കൈവിട്ടു പോയി എന്ന സമയത്താണ് അപ്രതീക്ഷിതമായ ആ ഫോൺകാൾ.. എന്താണ് സംഭവിച്ചതെന്ന് ഒരു പിടിയും കിട്ടുന്നില്ല.

സജി മൊബൈൽ കയ്യിലെടുത്തു. സുമയെ വിളിച്ചു


“ഞാൻ നിന്റെ ഫോൺ പ്രതീക്ഷിച്ചിരിക്കയാണ്. നീ പുറത്തേക്കിറങ്ങിയൊ ”

സുമയുടെ വാക്കുകൾ കേട്ട സജി ഒന്നു മൂളി .


” നീ ഇപ്പഴും ആകെ കൺഫ്യൂസ്ഡ് ആണല്ലെ ” ” അതെ .സുമേ നീ എന്തൊക്കെയാ പറഞ്ഞു കൂട്ടിയത്. ഒരു പിടിയും കിട്ടുന്നില്ല ”


” ഞാൻ പറയാം സജി.ഐ ആം സീരിയസ് . ആദ്യ മെ പറയട്ടെ . നമ്മുടെയിടയിൽ ഇന്നലെ വരെ എന്തെല്ലാം നടന്നൊ ഇന്ന് മുതൽ അതെല്ലാം മറന്നേക്ക് . ഇനി ഒരിക്കലും എന്നെ അങ്ങിനെ കാണരുത്. ഒരു നല്ല സുഹൃത്ത്. അതിനപ്പുറം ഒന്നുമില്ല. ”


” മനസ്സിലായില്ല ” “ഞാൻ എല്ലാം മനസ്സിലാക്കി തരാം ”


” ഇന്നലെ ബിന്ദു നിന്റെ ഫോൺ കാണുകയും എന്റെ മെസ്സേജ് എല്ലാം വായിക്കുകയും ചെയ്തു അല്ലെ .പിന്നെ അവിടെ ബിന്ദു നിന്നെ ശരിക്കും പ്രതിക്കൂട്ടിലാക്കി. ഒരു പക്ഷെ നീ ആകെ തകർന്നു പോയൊരു നിമിഷം . എല്ലാം അവസാനിച്ചു എന്ന് കരുതിയ ഒരു നിമിഷം ”


ഒരു കുറ്റാന്വേഷണ കഥ കേൾക്കുന്ന പോലെ സജി ശ്രദ്ധയോടെ കേട്ടിരുന്നു.

“ആ ഒരു സമയത്താണ് അപ്രതീക്ഷിതമായി എനിക്കൊരു കോൾ വരുന്നത് .നിന്റെ മകന്റെ … ”

“സൂരജിന്റെയൊ …..” സജിക്ക് വിശ്വസിക്കാനായില്ല.


“ഉം സൂരജിന്റെ . നീയും ബിന്ദുവും സംസാരിക്കുന്നതെല്ലാം അവൻ കേട്ടു കൊണ്ട് നിൽപ്പുണ്ടായിരുന്നു. കാര്യങ്ങൾ കൈവിട്ടു പോയി എന്ന് മനസ്സിലായപ്പോൾ ആണ് അവൻ എന്നെ വിളിച്ചത് … ”


“അതിന് നിന്റെ നമ്പർ എങ്ങിനെ കിട്ടി ”

” ലൈസൻസിന്റെ കാര്യത്തിന് മൂന്ന് നാല് മാസങ്ങൾക്ക് മുമ്പ് അവൻ എന്റെ യടുത്ത് വന്നിരുന്നു. അന്നാണ് എന്റെ നമ്പർ ഞാൻ അവന് കൊടുത്തത് ”

“ഉം എന്നിട്ട് ”


” അവൻ എന്നോട് പറഞ്ഞ കാര്യങ്ങൾ കേട്ട് ഞാനങ്ങ് വല്ലാതെ ആയി പോയി സജി. എനിക്ക് കരച്ചിൽ വന്നു. ഞങ്ങളുടെ കുടുംബം തകരും ആന്റി . എനിക്ക് അച്ഛനും അമ്മയും ഒന്നും ഇല്ലാതാകും . അമ്മ ജീവനോടെ കാണില്ല എനിക്കുറപ്പാ . ആന്റി വിചാരിച്ചാൽ മാത്രമെ ഇതൊന്ന് രക്ഷിച്ചെടുക്കാൻ പറ്റു പ്ലീസ് … അവൻ അങ്ങനെ പറഞ്ഞു കൊണ്ടേയിരുന്നു ”


” ഒടുവിൽ അവൻ തന്നെ ഒരു വഴിയും പറഞ്ഞ് തന്നു . അവൻ പറഞ്ഞു തന്ന അതേകാര്യങ്ങളാണ് ഞാൻ അന്ന് ഫോണിലൂടെ പറഞ്ഞത് .എല്ലാം കഴിഞ്ഞപ്പോ അവൻ ഒരു പാട് താങ്ക്സ് പറഞ്ഞു അവന്റെ അച്ഛനെയും അമ്മയെയും തിരിച്ചു തന്നതിൽ ”


സജി വണ്ടിയിൽ വെച്ചിരുന്ന ടിഷ്യു പേപ്പർ എടുത്ത് മുഖം തുടച്ചു . താൻ വല്ലാതെ വിയർക്കുകയാണെന്ന് അയാൾക്ക് ബോദ്ധ്യമായി. വണ്ടിയുടെ എസി കൂട്ടിയിട്ടു.


“സജി ….അവനോട് എന്ത് പറയണമെന്നറിയാത്ത അവസ്ഥയിലായി പോയി ഞാൻ . കുറെ സോറി പറഞ്ഞു. അവന്റെ മുന്നിൽ നമ്മളെല്ലാം വല്ലാതെയങ്ങ് ചെറുതായ പോലെ ”

കുറച്ച് സെക്കന്റുകൾ രണ്ട് പേരും ഒന്നും മിണ്ടിയില്ല.


” ഇനി എന്നെ വിളിക്കരുത്. കാണാനും ശ്രമിക്കരുത്. മഹാ പാപമാണ് നമ്മൾ ചെയ്യുന്നത്. എനിക്ക് വയ്യ. ഇങ്ങനെയൊരു മകനെ ലഭിക്കാൻ പുണ്യം ചെയ്യണം സജി ”

സുമ ഫോൺ കട്ട് ചെയ്തു.


തണുപ്പ് നിറഞ്ഞ ആ കാറിനുള്ളിൽ സജി തലയും കുനിച്ചിരുന്നു. ശരീരത്തിന്റെ ശക്തി കുറഞ്ഞത് പോലെ .ഇനിയെങ്ങിനെ വീട്ടിൽ കയറി ചെല്ലും . സൂരജിന്റെ മുഖത്തേക്ക് .


എങ്ങിനെ നോക്കും….സജി സ്റ്റിയറിങ്ങിൽ തല ചായ്ച്ച് കണ്ണടച്ചു.ഡ്രൈവ് ചെയ്യാൻ പോലും കഴിയാത്ത പോലെ . എത്ര നേരം അങ്ങിനെ ഇരുന്നെന്നറിഞ്ഞൂട.


ഡൈനിങ്ങ് ടേബിളിൽ അഭിമുഖമായി ഇരുന്നപ്പോഴും സജി സൂരജിന്റെ മുഖത്തേക്ക് നോക്കിയില്ല. ഭക്ഷണം കഴിഞ്ഞ സമയത്തും സൂരജിന്റെ മുന്നിൽ വരാതെയിരിക്കാനാണ് സജി കൂടുതൽ ശ്രദ്ധിച്ചത്. ആ മുഖത്തേക്ക് നോക്കാൻ മനസ്സ് സമ്മതിക്കാത്തത് പോലെ …..


രാത്രി ഊണ് കഴിഞ്ഞ് TV ഓഫ് ചെയ്ത് മുകളിലെ ബാൽക്കണിയിൽ എത്തിയ സജീവിനെ കണ്ട സൂരജ് എഴുന്നേറ്റ് പതിയെ തന്റെ ബഡ് റൂമിലേക്ക് നടന്നു . സജീവൻ സൂരജിന്റെ ചുമലിൽ പിടിച്ചു. രണ്ടു പേരും പരസ്പരം മുഖത്തേക്ക് നോക്കി.


“ദേ അച്ഛനും മോനും പാലെടുത്ത് വെച്ചിട്ടുണ്ടെ. കിടക്കുന്നതിന് മുമ്പെ കുടിക്കണെ മറക്കല്ലെ ”

അടുക്കളയിൽ നിന്ന് ബിന്ദു മുകളിലേക്ക് നോക്കി വിളിച്ചു പറഞ്ഞു.


” അച്ഛൻ അത് കേട്ടൊ . അമ്മ പറഞ്ഞത്. മിക്കവാറും എല്ലാ ദിവസവും രാത്രി അമ്മവിളിച്ചു പറയുന്നതാണ് ഇത്. അമ്മ കുടിക്കാറുണ്ടൊ എന്ന് നമ്മൾ എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടൊ അച്ഛാ …


ഇല്ല . ആ ഒരു കരുതൽ …. സ്നേഹം .. എവിടെ പോകുമ്പോഴും അതൊക്കെയൊന്ന് ഓർത്താൽ മതി …പിന്നെ തെറ്റു ചെയ്യാൻ നമുക്ക് തോന്നൂല ”


സജീവന് പിടിച്ചു നിൽക്കാനായില്ല കൊച്ചുകുഞ്ഞിനെ പോലെ അയാൾ സൂരജിന്റെ തോളിൽ മുഖമമർത്തി തേങ്ങിക്കരഞ്ഞു.


തന്റെ പ്രിയപ്പെട്ട അച്ഛനെ തന്നിലേക്ക് ചേർത്തുപിടിച്ചു സൂരജ് …. ഇനി ഒരിക്കലും അച്ഛനെ തനിക്ക് നഷ്ടപെടില്ല എന്ന തികഞ്ഞ വിശ്വാസം അപ്പോൾ ആ ചേർത്തു പിടിക്കലിൽ ഉണ്ടായിരുന്നു.

Post a Comment

0 Comments