കോഴിക്കോട്: വിവാഹദിവസം രാവിലെ വധു തൂങ്ങിമരിച്ച സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാളാണ്ടിത്താഴം സ്വദേശി മേഘയാണ് (30) വിവാഹദിവസമായ ഇന്നലെ രാവിലെ മുറിയ്‌ക്കുള്ളില്‍ തൂങ്ങി മരിച്ചത്.
ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രണയനൈരാശ്യമെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ ഉള്ളതെന്ന് പോലീസ് പറഞ്ഞു. ' എന്റെ കാര്യങ്ങളെല്ലാം അവനറിയാം. ഒപ്പം ജീവിക്കാന്‍ കഴിയില്ല.. എന്റെ ഇഷ്ടപ്രകാരമാണ് ഇത് ചെയ്യുന്നത്' ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ഇതില്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്നും പോലീസ് വ്യക്തമാക്കി.
അസ്വാഭാവിക മരണത്തിനാണ് ചേവായൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്. സ്വകാര്യ ആശുപത്രിയില്‍ നഴ്സിങ് വിദ്യാര്‍ത്ഥിനിയായിരുന്നു മേഘ. അതേ ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമായി മേഘയുടെ വിവാഹം ഇന്നലെ നടത്താനാണ് നിശ്ചയിച്ചിരുന്നത്. ഇതിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്നു. ഇവരുടെ വീട്ടില്‍ തന്നെയാണ് വിവാഹം നടത്താനിരുന്നത്.
രാവിലെ ബ്യൂട്ടീഷ്യന്‍ എത്തിയപ്പോള്‍ കുളിച്ച് വരാമെന്ന് പറഞ്ഞ് മേഘ കിടപ്പുമുറിയില്‍ കയറി വാതില്‍ അടയ്‌ക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്ത് വരാത്തതിനെ തുടര്‍ന്ന് കിടപ്പുമുറിയുടെ ചില്ല് പൊട്ടിച്ചു നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
0 Comments