സ്ത്രീകൾക്ക് ആർത്തവ ദിവസങ്ങളിൽ അമിതമായ രക്തനഷ്ടം ഉണ്ടാകുന്നുണ്ടെങ്കിൽ അതിനുള്ള പരിഹാരം നിർദേശിക്കുകയാണ് പവിത്ര ഉണ്ണി .ഗർഭപാത്രത്തെ കരുതലോടെ സൂക്ഷിച്ച് ആർത്തവ നാളുകളെ സുഗമമാക്കാൻ Intra Uterine Device സാങ്കേതികവിദ്യ ഉപയോഗിക്കാൻ പവിത്ര ഉണ്ണി പറയുകയാണ്.
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെയാണ് , ചോര കൊണ്ടെഴുതിയ ജീവിതം: ഞാനും എന്റെ ഗർഭപാത്രവും! എട്ടാം ക്ലാസ് കഴിഞ്ഞുള്ള വേനലവധിക്കാലത്ത് എന്റെ കൂടെ കൂടിയ ആളാണ് ആർത്തവം. ഗർഭകാലത്തും(സ്വാഭാവികം!) പ്രസവശേഷമുള്ള 6-7 മാസങ്ങളിലും ഒഴികെ ഒരു മാസം പോലും ഈ കക്ഷി എന്നെ പിരിഞ്ഞിരുന്നിട്ടില്ല. അത്രയ്ക്ക് സ്നേഹമായിരുന്നു എന്നോട്.
സ്നേഹം ഇല്ലാതിരിക്കുമോ? എന്റെ രക്തം ഊറ്റിക്കുടിക്കുന്ന നന്ദി കാണുമല്ലോ! അങ്ങനെ എല്ലാ മാസവും ബാക്കി എല്ലാ കുണ്ടാമണ്ടികൾക്കും ഒപ്പം വൻ രക്തചൊരിച്ചിലുമായി ആർത്തവം എന്നെ തേടി വന്നു. അമിത രക്തസ്രാവം എനിക്ക് അമ്മ വഴിക്ക് കിട്ടിയ സമ്മാനം ആയതിനാൽ അതിനോടൊപ്പം ജീവിക്കാൻ പഠിച്ചു. പേറ്റിന്റിടയ്ക്ക് തീണ്ടാരി എന്ന കണക്ക് എല്ലാ തിരക്കുകളിലും ഈ രക്ത സാന്നിധ്യം ഉണ്ടായിരുന്നു. കല്യാണദിവസം നേരത്തെ തന്നെ ഉപവിഷ്ടനായി തന്റെ ആത്മാർത്ഥത തെളിയിച്ച കക്ഷിയാണ്! പിന്നെ അങ്ങോട്ട് പല ഘട്ടങ്ങളിലും ഈ അമിത രക്തസ്രാവം എന്നെ ഭ്രാന്ത് പിടിപ്പിച്ചിട്ടുണ്ട്. പ്രസവശേഷമാണ് ഇത് കൂടുതൽ മാരകമായ അവസ്ഥയിൽ എത്തിയത്. (ഞാൻ ആദ്യ പ്രസവത്തിൽ മരിച്ചു ജീവിച്ചു വന്നയാളാണ് അത് പിന്നെ ഒരിക്കൽ എഴുതാം)
മക്കൾ പനി പിടിച്ചു ആശുപത്രിയിൽ അഡ്മിറ്റ് ആയതെല്ലാം എന്റെ ആർത്തവ ദിനങ്ങളിൽ ആയിരുന്നു. കുട്ടികളെ നോക്കണം, ഒപ്പം ഇടയ്ക്കിടയ്ക്ക് പാഡ് മാറ്റണം. ആഹാ എന്തൊരു സുഖം. ഞാൻ എങ്ങനെ ആ കാലഘട്ടം ഒക്കെ കടന്നു വന്നു എന്ന് എന്നോട് ചോദിക്കരുത്. മറക്കാൻ ശ്രമിക്കുകയാണ്, ഓർമിപ്പിക്കരുത്! ഒരിക്കൽ മകൻ പനി പിടിച്ചു അഡ്മിറ്റ് ആകുന്നതിന് മുൻപ് ഡ്രിപ് ഇടാൻ കാനുല ഇടീക്കാൻ നഴ്സസ് റൂമിൽ കൊണ്ടു പോയി. കുഞ്ഞു കുട്ടികൾക്ക് കാനുല ഇടുക എന്നത് എത്ര എളുപ്പമാണെന്ന് അനുഭവിച്ചവർക്ക് അറിയാം. ആ ടെൻഷൻ എല്ലാം കഴിഞ്ഞു റൂമിൽ എത്തിയപ്പോൾ ഒരു മലവെള്ളപ്പാച്ചിൽ എനിക്ക് അനുഭവപ്പെട്ടു. നമ്മൾ ടെൻഷൻ അടിച്ചാൽ ഗർഭപാത്രവും ടെൻഷൻ ആകുമെന്ന് അന്നാണ് മനസിലായത്-ബാത്റൂമിൽ രക്തക്കളം!
പിന്നീടൊരിക്കൽ ദോഹയിൽ മകൾ ഹോസ്പിറ്റലിൽ ആയ സമയം. ഡ്രിപ് ഇട്ടിട്ടുണ്ട്. ഭർത്താവിന് രാത്രി ഡ്യൂട്ടിക്ക് പോകണം. പെട്ടെന്ന് ഡ്യൂട്ടി മാറ്റാൻ സാധിക്കില്ല. ഞാനും പിള്ളേരും മാത്രം റൂമിൽ. എന്നത്തേയും പോലെ എനിക്ക് പീരിയഡ്സ് ആണ്. മോളുടെ കൈ ശ്രദ്ധിക്കേണ്ടത് കൊണ്ടു ഞാൻ അവളുടെ അരികിൽ തന്നെ കിടക്കുകയാണ്. അതിരാവിലെ എപ്പോഴോ ഞാൻ ഉറങ്ങിപ്പോയി. മകൻ ഉണർന്നപ്പോൾ എന്നെ തട്ടി വിളിച്ചു പറഞ്ഞു-ബെഡിൽ ബ്ലഡ്! ഞാൻ നോക്കുമ്പോൾ ബെഡിൽ മൊത്തം ചോര! എന്റെ ബ്ലീഡിങ് ആവുമെന്ന് കരുതി ചാടി എണീറ്റപ്പോൾ മോളുടെ കൈ മാറിയപ്പോൾ കാനുല ഇളകി ബ്ലഡ് തിരിച്ചു വന്നതാണ് എന്ന് കണ്ടു. ഉടനെ നഴ്സിനെ വിളിച്ചു. അങ്ങനെ എവിടെ രക്തം കണ്ടാലും എന്റെ ഗർഭപാത്രത്തെ സംശയിക്കേണ്ട കാലമായിരുന്നു.
ഡോക്ടറെ കാണലും സ്കാനും ഒക്കെ മുറ പോലെ നടന്നു. മുഴകളൊന്നും കണ്ടെത്തിയില്ല. ഗർഭപാത്ര ലൈനിങ് (endometrium) കട്ടി കൂടുന്ന ഒരസുഖമാണ്. Adenomyosis എന്ന് പറയും. പാരമ്പര്യമാകാം. ബ്ലീഡിങ് കുറയാനുള്ള മരുന്നിലും അയൺ ടാബ്ലെറ്റിലുമായി പിന്നെ ജീവിതം. എന്നാലും എല്ലാ മാസവും അമിതമായി രക്തം നഷ്ടപ്പെട്ട് അനീമിക് ആയിക്കൊണ്ടിരുന്നു. അപ്പോഴാണ് ഞാൻ ഒരു പുതിയ സാധനം കണ്ടെത്തിയത്.കൊച്ചിയിൽ വച്ചും ഗൈനക്കോളജിസ്റ്റ് ഈ സജഷൻ പറഞ്ഞിരുന്നു.
0 Comments