കൊടുങ്ങല്ലൂര്‍: കിടപ്പുമുറിയില്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് വിഷവാതകം പരത്തി കുടുംബം ഒന്നടങ്കം മരിച്ചതിന്റെ ഞെട്ടലിലാണ് നാട്. കൊടുങ്ങല്ലൂർ നഗരത്തിനോട് ചേര്‍ന്ന ഉഴുവത്ത് കടവിലെ വീടിന്റെ മുകള്‍ നിലയിലാണ് കൂട്ടമരണമുണ്ടായത്. കാടാംപറമ്പത്ത് ഉബൈദിന്റെ മകന്‍ ആഷിഫ് (41), ഭാര്യ അബീറ (37), മക്കളായ അസ്ഹറ ഫാത്തിമ (14), അനെയ്നുന്നിസ (7) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച രാത്രി ഭക്ഷണം കഴിഞ്ഞ് താഴത്തെ നിലയിലെത്തിയ ആഷിഫ് ഉമ്മയുടെ അടുത്തെത്തി ഏറെ സംസാരിച്ചിരുന്നു. ഉമ്മയെ പരിചരിക്കാനെത്തിയ സഹോദരിയോട് തമാശകളും പറഞ്ഞാണ് ആഷിഫും കുടുംബവും ഉറങ്ങാനായി മുകള്‍ നിലയിലെ മുറിയിലേക്ക് പോയത്. സാധാരണ രാവിലെ എഴുന്നേല്‍ക്കാറുള്ള ഇവരെ പത്ത് മണിയായിട്ടും കണ്ടില്ല.
ഏറെ വിളിച്ചിട്ടും വാതില്‍ തുറക്കാതായതോടെ നാട്ടുകാരെയും പറവൂരിലുള്ള സഹോദരനെയും വിളിച്ചു വരുത്തുകയായിരുന്നു. പിന്നാലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പുലര്‍ച്ചെയാണ് വിഷവാതകം മുറിയില്‍ പരത്തിയതെന്നാണ് ലഭിക്കുന്ന സൂചന.
സോഫ്റ്റ് വെയർ എന്‍ജിനീയറായ ആഷിഫ് വിഷവാതകം ഉണ്ടാക്കുന്നതിനുള്ള രാസവസ്തുക്കള്‍ നേരത്തെ വാങ്ങിയിരുന്നു. കടബാധ്യതകൾ ഉണ്ടെങ്കിലും ഇവരുടെ കുടുംബജീവിതം സന്തോഷകരമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. മുകള്‍നിലയിലുള്ള കിടപ്പുമുറിയില്‍ താഴെ വിരിച്ച കിടക്കയില്‍ നാലുപേരും മരിച്ചനിലയിലായിരുന്നു. പാത്രത്തില്‍ രാസവസ്തുക്കള്‍ കലര്‍ത്തി കത്തിച്ചുണ്ടാക്കിയ വിഷവാതകം ശ്വസിച്ചാണ് മരിച്ചതെന്നാണ് നിഗമനം. ഇതിനുപയോഗിച്ചതെന്ന് കരുതുന്ന പാത്രവും രാസവസ്തുക്കളുടെ അവശിഷ്ടവും ആത്മഹത്യക്കുറിപ്പും മുറിയില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. വലിയ സാമ്പത്തികബാധ്യത മൂലമാണ് മരിക്കുന്നതെന്ന് ആത്മഹത്യക്കുറിപ്പില്‍ പറയുന്നു.
മുറിയിലെ പാത്രം എടുക്കുമ്പോള്‍ സൂക്ഷിക്കണമെന്നും അതില്‍ വിഷദ്രാവകമുണ്ടെന്നും കുറിപ്പില്‍ സൂചിപ്പിച്ചിട്ടുമുണ്ട്. മുറിയുടെ ജനലുകളും വാതിലുകളും വായു പുറത്തുപോകാത്തവിധം കടലാസ് ഒട്ടിച്ചുവെച്ചിരുന്നു. ഓണ്‍ലൈനിലൂടെയാണ് രാസവസ്തുക്കള്‍ വരുത്തിയതെന്ന് സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു. ആഷിഫ് തന്റെ ഫേസ്ബുക്ക് അക്കൗണ്ട് നീക്കംചെയ്തിട്ടുണ്ട്. അമേരിക്കന്‍ കമ്പനിയില്‍ സോഫ്റ്റ് വെയർ എന്‍ജിനീയറാണ് ആഷിഫ്. നിലവില്‍ വീട്ടിലിരുന്നാണ് ജോലിചെയ്തിരുന്നത്. എറണാകുളം കാക്കനാട് സ്വദേശിയാണ് അബീറ.
0 Comments