‘ലാലേട്ടൻ ആറാടുകയാണ്’... ട്രോളുകളായും ഇമോജികളാകും തന്റെ മുഖമാകെ സോഷ്യൽ മീഡിയയില്‍ നിറയുമ്പോൾ സന്തോഷവും ഒരൽപവും വേദനയുമുണ്ട് ആ ഹിറ്റ് ഡയലോഗ് പറഞ്ഞ സന്തോഷ് വർക്കിക്ക്. നിഷകളങ്കമായി പറഞ്ഞതാണ്. അത് അത്തരത്തിൽ തന്നെ കണ്ടവരുണ്ടെന്നും എന്നാൽ കള്ളു കുടിച്ച് പറഞ്ഞതാണ്, സൈക്കോ ആണ് എന്നൊക്കെ പറയുന്നത് കേട്ടപ്പോൾ കുറച്ച് വേദന തോന്നിയെന്നും പറയുന്നു സന്തോഷ്.
എൻജിനീയർ ആയ സന്തോഷ് ഇപ്പോൾ എറണാകുളത്ത് ഫിലോസഫിയിൽ പിഎച്ച്ഡി ചെയ്യുകയാണ്.നാലാം വയസിൽ തോന്നിയ ആരാധനയാണ് മോഹൻലാലിനോട്. ആ ആരാധന അദ്ദേഹത്തെക്കുറിച്ച് ഒരു പുസ്തകം എഴുതുന്നതിലേക്ക് വരെ എത്തി. ലാലേട്ടനോട് അനുവാദം വാങ്ങിയാണ് പുസ്തകം എഴുതിയെന്നും സന്തോഷ് ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ പറയുന്നു.
‘നാല് വയസ്സു മുതൽ മോഹൻലാൽ ഫാൻ ആണ്. ഞാൻ ജനിച്ച വര്‍ഷമാണ് ലാലേട്ടൻ സൂപ്പർ സ്റ്റാർ ആയത്, രാജാവിന്റെ മകൻ ഇറങ്ങിയ വർഷം. മനസ്സിൽ തോന്നിയത് പറഞ്ഞുവെന്നെ ഒള്ളൂ. എല്ലാ സിനിമകളും കാണാറുണ്ട്. മോഹൻലാൽ സിനിമകളോട് പ്രത്യേക ഇഷ്ടമുണ്ടെന്ന് മാത്രം. മദ്യപാനം പോലെ ഒരു ദുശ്ശീലവും ഇല്ല. ആറാട്ട് കഴിഞ്ഞുള്ള എന്റെ അഭിപ്രായം നിഷ്കളങ്കമായി പറഞ്ഞതാണ്. അല്ലാതെ കള്ളുകുടിച്ചിട്ടൊന്നുമില്ല സിനിമയ്ക്കു പോയത്. ഇഷ്ടപ്പെടാത്തത് ഇഷ്ടപ്പെട്ടില്ല എന്നു തന്നെ പറയാറുണ്ട്. മോഹൻലാലിന്റെ രാഷ്ട്രീയനിലപാടുകൾ കാരണം അദ്ദേഹത്തിന്റെ സിനിമകൾക്കെതിരെ ഇപ്പോൾ ചില ക്യാംപെയ്നുകൾ നടക്കുന്നുണ്ട്. വിഡിയോ കണ്ട് മോഹൻലാലിന്റെ മാനേജർ വിളിച്ചിരുന്നു’–സന്തോഷ് കൂട്ടിച്ചേർത്തു. പറയുന്നു.
മോഹൻലാല്‍ എന്ന അഭിനേതാവിനെ അല്ല, മോഹൻലാൽ എന്ന താരത്തെയാണ് ഇപ്പോൾ കൂടുതലായും കാണുന്നതെന്നും പറയുന്നു സന്തോഷ‌്. മോഹൻലാല്‍ കഴിഞ്ഞാൽ ആസിഫ് അലി, പൃഥ്വിരാജ്, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരെയെല്ലാം സന്തോഷിന് ഇഷ്ടമാണ്. പ്രണവ് മോഹൻലാൽ കുഴപ്പമില്ല. പക്ഷേ പ്രണവിന് അഭിനയത്തിൽ താത്പര്യം ഉണ്ടോ എന്ന കാര്യം സംശയമാണെന്നും സന്തോഷ് പറയുന്നു. ഫിലോസഫിയിൽ കൂടുതൽ തത്പരനായ സന്തോഷിന് ഇടയ്ക്ക് സിനിമാനിരൂപണങ്ങൾ ചെയ്യാനും താത്പര്യമുണ്ട്.
0 Comments