ഡൽഹി: ഉക്രെയ്നിൽ നിന്നും ഡൽഹിയിലെത്തിയ 30 മലയാളികളെ കൊണ്ട് പോകാൻ വെറും രണ്ട് കാറുകൾ മാത്രം അയച്ച് അപമാനിച്ച് കേരളം. മലയാളികളെ സ്വീകരിക്കാന്‍ കേരളഹൗസ് പൂര്‍ണസജ്ജമാണെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചെങ്കിലും വിമാനത്താവളത്തിൽ യാതൊരു സൗകര്യവും ഒരുക്കിയിരുന്നില്ല.
സ്വന്തം നാട്ടുകാരെ സ്വീകരിക്കാൻ മറ്റ് സംസ്ഥാനങ്ങൾ മത്സരിച്ചപ്പോഴായിരുന്നു കേരളത്തിന്റെ അവഗണന.കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്ന് മണിക്കാണ് ഉക്രെയ്നിൽ നിന്നുള്ള ആദ്യവിമാനം ഡല്‍ഹിയിലെത്തിയത്. നാട്ടുകാരെ വരവേല്‍ക്കാന്‍ രാത്രി മുതൽ പ്ലക്കാർഡുകളും ബാനറുകളുമായി മറ്റ് സംസ്ഥാനങ്ങളുടെ പ്രതിനിധികൾ കാത്ത് നിന്നു. ഹരിയാണയും കര്‍ണാടകയും തെലങ്കാനയും വിമാനത്താവളത്തില്‍ ഹെല്‍പ്പ് ഡെസ്‌ക്കും തുറന്നിരുന്നു.എന്നാൽ കേരള ഹൗസ് പ്രതിനിധികള്‍ വിമാനത്താവളത്തിലെത്തിയത് മൂന്നു മണി കഴിഞ്ഞാണ്. വെറും രണ്ട് കാറുകളുമായാണ് അവർ എത്തിയത്. എന്നാൽ പതിനഞ്ചില്‍ താഴെ വിദ്യാര്‍ഥികള്‍ക്കായി ലക്ഷ്വറി വോള്‍വോ ബസുമായാണ് ഉത്തർ പ്രദേശ് പ്രതിനിധികൾ കാത്തു കിടന്നത്.
മുപ്പത് മലയാളികളിൽ 16 പേർ വിമാനത്താവളത്തിൽ നിന്ന് നേരിട്ട് നാട്ടിലേക്ക് മടങ്ങിയപ്പോൾ 12 വിദ്യാര്‍ഥികളെ ലഗേജുകൾക്കൊപ്പം രണ്ടു കാറുകളിലായി കുത്തി നിറച്ച് ആദ്യ ട്രിപ്പ് പോയി. ബാക്കി രണ്ടു വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും കേരള ഹൗസില്‍ നിന്ന് കാര്‍ തിരിച്ചുവരാന്‍ ഒരു മണിക്കൂറോളം വീണ്ടും വിമാനത്താവളത്തില്‍ കാത്തു നിന്നു. അത്രയും നേരം വിശപ്പും ദാഹവും സഹിച്ച് മലയാളി വിദ്യാർത്ഥികൾക്ക് വിമാനത്താവളത്തിൽ തുടരേണ്ടി വന്നു.
0 Comments